തൃശൂർ∙ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടിന് കോഴ വിവാദത്തിലെ വിജിലൻസ് അന്വേഷണം മെല്ലെപ്പോക്കിലെന്നു കോൺഗ്രസ്. പണം വാങ്ങി വോട്ട് മാറ്റി ചെയ്തു എന്ന് ആരോപണം നേരിടുന്ന വി.യു.
ജാഫറിനെ വിജിലൻസ് ആദ്യ ദിവസം തന്നെ വിളിച്ചു വിവരം ശേഖരിച്ചിരുന്നെങ്കിലും പരാതി നൽകിയ കെപിസിസി ജനറൽ സെക്രട്ടറി അനിൽ അക്കരയിൽ നിന്ന് ഇതുവരെ മൊഴിയെടുത്തിട്ടില്ല. കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് തനിക്ക് സിപിഎം 50 ലക്ഷം രൂപയോ പ്രസിഡന്റ് സ്ഥാനമോ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ലീഗ് സ്വതന്ത്രനായി വിജയിച്ച ജാഫർ വെളിപ്പെടുത്തിയത്.
പിറ്റേന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജാഫർ സിപിഎം സ്ഥാനാർഥിക്ക് വോട്ട് ചെയ്തു.
ഇതോടെയാണ് മുസ്തഫ കൈമാറിയ ഫോൺ സംഭാഷണം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി പി.ഐ. ഷാനവാസ് ഫെയ്സ്ബുക് വഴി പുറത്തുവിട്ടത്.
ജാഫറുമായി സംസാരിച്ച മുസ്തഫയോടോ, സംഭാഷണം പുറത്തുവിട്ട ഷാനവാസിനോടോ വിജിലൻസ് ഇതുവരെ വിവരങ്ങൾ തേടിയിട്ടില്ല. എ.സി.
മൊയ്തീൻ എംഎൽഎയുടെ ദൂതൻ തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്ന് രാവിലെ മുതൽ ജാഫറിനെ കാണാൻ ശ്രമിക്കുന്നുണ്ടായിരുന്നെന്നു പി.ഐ. ഷാനവാസ് ആരോപിച്ചു.
പിന്നീട് അത് നിരന്തരം തുടർന്നു. ഇത് തെളിയിക്കണമെങ്കിൽ ജാഫറിന്റെ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കണം.
വിഷയം ജാഫറുമായി തന്നെ സംസാരിച്ചിരുന്നു. എന്നാൽ, തന്നെ സംശയിക്കരുതെന്നും ഒപ്പം നിൽക്കുമെന്നും ഉറപ്പിച്ചു പറഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേന്ന് പാർലമെന്ററി പാർട്ടി ചേർന്നപ്പോൾ സ്ഥിരസമിതി അധ്യക്ഷ സ്ഥാനം ഉൾപ്പെടെ ജാഫറിന് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതായും ഷാനവാസ് പറയുന്നു.
വിജിലൻസ് അന്വേഷണം സിപിഎം അട്ടിമറിക്കുമെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. കേസ് റജിസ്റ്റർ ചെയ്യാതെ അന്വേഷിച്ചുവെന്നു വരുത്തിത്തീർക്കുന്നത് സിപിഎമ്മിന്റെ പങ്ക് പുറത്തുവരാതിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്കു കോൺഗ്രസ് നടത്തിയ മാർച്ചിന്റെ പേരിൽ സംസ്ഥാന പാത പൂർണമായും ബാരിക്കേഡ് വച്ച് അടച്ച് ഗതാഗതം തടസ്സപ്പെടുത്തിയ പൊലീസ് സമരക്കാരുടെയും യാത്രക്കാരുടെയും പ്രതിഷേധത്തെത്തുടർന്ന് തടസ്സം നീക്കി.
പ്രകടനം അടുത്തെത്തിയതോടെ പൊലീസ് റോഡിനു കുറുകെ ബാരിക്കേഡ് നിരത്തുകയായിരുന്നു.
ബാരിക്കേഡ് മറികടക്കാൻ സമരക്കാർ നടത്തിയ ശ്രമത്തെ ജലപീരങ്കി ഉപയോഗിച്ചു പൊലീസ് പ്രതിരോധിച്ചു. സംസ്ഥാന പാതയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. അര മണിക്കൂറോളം റോഡിൽ കാത്തുകിടന്ന യാത്രക്കാർ തുരുതുരെ ഹോൺ അടിച്ചു പ്രതിഷേധം പ്രകടിപ്പിച്ചു.
സമരക്കാർ തന്നെ വാഹനങ്ങളെ കടത്തിവിടാൻ സഹായിച്ചു തുടങ്ങിയപ്പോൾ ഗത്യന്തരമില്ലാതെ റോഡിൽ നിരത്തിയ ബാരിക്കേഡ് പൊലീസ് തന്നെ നീക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

