തിരുവനന്തപുരം ∙ സിപിഎമ്മിന്റെ ഏരിയ സെക്രട്ടറിമാരും ജില്ലാ കമ്മിറ്റി അംഗങ്ങളും കൂട്ടത്തോടെ മത്സര സന്നദ്ധത അറിയിച്ചതോടെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ നടത്താൻ കഴിയാതെ സിപിഎം. ഘടക കക്ഷികളുടെ അവകാശ വാദങ്ങൾ എഴുതി വാങ്ങിയെങ്കിലും ഉഭയ കക്ഷി ചർച്ചകൾ ഒരടി മുന്നോട്ടു പോകാത്തത് മുന്നണിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വാർഡ് കമ്മിറ്റികൾ നൽകിയ സ്ഥാനാർഥി പട്ടികയിൽ നാലും അഞ്ചും പേർ കടന്നു കൂടിയതും സിപിഎമ്മിന് തലവേദനയായെന്നാണ് സൂചന. കേരള പിറവി ദിനത്തിൽ 51 വാർഡുകളിൽ സ്ഥാനാർഥികളെ ഉറപ്പിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം ഘടക കക്ഷികൾക്ക് നൽകിയിരിക്കുന്ന വാക്ക്.
എൻഡിഎ: ചർച്ചകൾഅടുത്തമാസം
ഘടക കക്ഷികളുമായി അടുത്ത മാസം ആദ്യം ചർച്ചകൾ തുടങ്ങിയാൽ മതിയെന്നാണ് എൻഡിഎയുടെ തീരുമാനം. ബിഡിജെഎസ് ഉൾപ്പെടെ 6 ഘടക കക്ഷികൾ ഉണ്ടെങ്കിലും കോർപറേഷനിലേക്ക് എല്ലാവർക്കും സീറ്റ് നൽകില്ലെന്നാണ് സൂചന.
യുഡിഎഫിന് പ്രതിസന്ധിയായി പുഞ്ചക്കരിയും പുത്തൻപള്ളിയും
സിറ്റിങ് സീറ്റായ പുഞ്ചക്കരി വാർഡ് ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇന്നലെ നടത്തിയ ചർച്ചയിൽ നിന്ന് ‘എങ്കിൽ നിങ്ങൾ തീരുമാനിച്ചോളൂ’ എന്നു പറഞ്ഞ് ആർഎസ്പി പ്രതിനിധികൾ ഇറങ്ങിപ്പോയത്.
കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കെ. മുരളീധരൻ, എം.എം.
ഹസൻ, ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
കുറവൻകോണം, അമ്പലത്തറ, കരിക്കകം, ആറ്റിപ്ര വാർഡുകൾ സംബന്ധിച്ച് ആർഎസ്പിയുമായി ഏകദേശ ധാരണയായിട്ടുണ്ട്.
മുസ്ലിംലീഗും ഉടക്കിലാണ്. പത്ത് വാർഡ് ലീഗ് ചോദിച്ചു.
5 നൽകാമെന്ന് കോൺഗ്രസ് അറിയിച്ചു. ഇതിൽ ഉറപ്പായും വേണമെന്ന് ലീഗ് ആവശ്യപ്പെട്ട
പുത്തൻപള്ളി ഒഴിവാക്കിയതാണ് ലീഗിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. പുത്തൻപള്ളി കൂടാതെ കമലേശ്വരവും ചാലയും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.സിഎംപിക്ക് നൽകാമെന്നേറ്റ 3 വാർഡുകളിൽ ഒരിടത്ത് കോൺഗ്രസ് സ്ഥാനാർഥിയെ വാർഡ് കമ്മിറ്റി ശുപാർശ ചെയ്തത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.
കേരള കോൺഗ്രസ് (ജേക്കബ്) പൂങ്കുളം വാർഡു കൊണ്ട് തൃപ്തിപ്പെട്ടെങ്കിലും ജോസഫ് വിഭാഗം പൂന്തുറ കിട്ടിയേ പറ്റൂ എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.
സിപിഎം: മത്സരിക്കാൻ 4 ഏരിയ സെക്രട്ടറിമാരും ജില്ലാ കമ്മിറ്റി അംഗങ്ങളും
ഏരിയ സെക്രട്ടറിമാരായി തിരഞ്ഞെടുത്തവർ കൂട്ടത്തോടെ മത്സര സന്നദ്ധത അറിയിച്ചതാണ് സിപിഎമ്മിനെ കുഴയ്ക്കുന്നത്. ഇവരിൽ പലരും മുൻപ് കൗൺസിലിൽ അംഗങ്ങളും സ്ഥിരം സമിതി ചെയർമാന്മാരും ആയവർ ആണ്.
ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയാത്തതിനെ തുടർന്ന് ഘടക കക്ഷികളുമായുളള സീറ്റ് വിഭജന ചർച്ചകൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. മുൻ മേയറും സ്ഥിരം സമിതി അധ്യക്ഷനും മത്സരിക്കാൻ അവസരം ചോദിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.
മറ്റൊരു ഏരിയ സെക്രട്ടറിയെ മത്സരിപ്പിച്ചാൽ കുടുംബാധിപത്യ ആരോപണം നേരിടേണ്ടി വരുമോയെന്നും പാർട്ടി ഭയക്കുന്നു.
കണ്ണമ്മൂല വാർഡ് സിപിഎമ്മിന് കീറാമുട്ടിയാകാനാണ് സാധ്യത. എൻസിപിയും (എസ്പി), കേരള കോൺഗ്രസും (സ്കറിയ വിഭാഗം) കണ്ണമ്മൂല ചോദിച്ചിട്ടുണ്ട്.
നിലവിലെ കൗൺസിലിലെ പ്രമുഖനും ഇവിടെ മത്സരിക്കാൻ അവസരം തേടിയതാണ് ആശയക്കുഴപ്പത്തിന് കാരണം. മെഡിക്കൽ കോളജ് വാർഡിൽ താമസിക്കുന്ന പാർട്ടി ഭാരവാഹിയുടെ പേര് വോട്ടർ പട്ടികയിൽ വാർഡ് മാറ്റി ചേർത്ത് ഉള്ളൂരിൽ മത്സരിപ്പിക്കുന്നതിനെതിരെ പ്രവർത്തകർ രംഗത്തെത്തി.
റിയൽ എസ്റ്റേറ്റ് ബന്ധമുള്ളയാളെ കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഒരു വാർഡിൽ മത്സരിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതേസമയം, വാർഡ് കമ്മിറ്റികളിൽ നിന്ന് ഏരിയ കമ്മിറ്റികൾക്ക് പോയ ശുപാർശകളിൽ മൂന്നും നാലും പേരുകൾ ഉൾപ്പെടുത്തിയിട്ടുള്ളത് പൊട്ടിത്തെറിക്ക് കാരണമാകുമോയെന്നും സിപിഎം ഭയക്കുന്നു. മുൻ തിരഞ്ഞെടുപ്പിൽ 17 വാർഡുകളിൽ മത്സരിച്ച സിപിഐ ഒരു വാർഡ് കൂടുതൽ ചോദിച്ചിട്ടുണ്ട്. സിപിഐയുമായി സിപിഎമ്മിന്റെ ചർച്ച ഇന്ന് നിശ്ചയിച്ചിട്ടുണ്ട്.
മറ്റു കക്ഷികളിൽ നിന്ന് അവകാശവാദങ്ങൾ എഴുതി വാങ്ങിയതല്ലാതെ ചർച്ചകൾ നടന്നിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

