തിരുവനന്തപുരം ∙ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 11 വയസ്സുകാരന് മരുന്നു മാറി കുത്തിവയ്പ് നൽകിയതു വഴി ഗുരുതര ചികിത്സാ വീഴ്ച സംഭവിച്ചത് സമ്മതിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന് റിപ്പോർട്ട് നൽകി. കുട്ടിക്ക് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് എസ്എടി ആശുപത്രിയിലെ ശിശുരോഗ ചികിത്സകൻ കമ്മിഷനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.
പനിയും ദഹന പ്രശ്നങ്ങളുമായി 2024 ജൂലൈ 30നാണു കുട്ടിയെ കാഷ്വൽറ്റിയിൽ എത്തിച്ചത്.
കുട്ടിക്ക് ഐവി ഫ്ലൂയിഡും പാന്റപ്രസോൾ കുത്തിവയ്പും നൽകാൻ ഡോക്ടർ നിർദേശിച്ചു. ഇതിനിടെ കുട്ടിക്കു ശുചിമുറിയിൽ പോകേണ്ടി വന്നു.
ഇതേ സമയം ശ്വാസതടസ്സവുമായി എത്തിയ മറ്റൊരു കുട്ടിക്ക് നെബുലൈസേഷൻ നൽകാൻ അഡ്രിനാലിൻ എന്ന മരുന്ന് സിറിഞ്ചിൽ നിറച്ചു. ശുചിമുറിയിൽ നിന്ന് തിരിച്ചെത്തിയ ആദ്യത്തെ കുട്ടിക്ക് പാന്റപ്രസോൾ കുത്തിവയ്പിനു പകരം രണ്ടാമത്തെ കുട്ടിക്ക് നൽകിയതിന്റെ ബാക്കി വന്ന അഡ്രിനാലിൻ കുത്തിവയ്പ് നൽകി.
ഇതോടെ കുട്ടിയുടെ ആരോഗ്യനില മോശമാവുകയും എസ്എടി ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.
സംഭവത്തിൽ സ്റ്റാഫ് നഴ്സിനെ സസ്പെൻഡ് ചെയ്തെന്നും എൻഎച്ച്എം സ്റ്റാഫ് നഴ്സിനെ പിരിച്ചുവിട്ടെന്നും നഴ്സിങ് സൂപ്രണ്ടിൽ നിന്നും വിശദീകരണം വാങ്ങിയെന്നും റിപ്പോർട്ട് പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

