കൊച്ചി: ആലുവ സബ് ജയിൽ ചാടിയ ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ജയിലിൽ നിന്ന് പ്രതി രക്ഷപ്പെട്ടിട്ട് ഇന്നേക്ക് ഒരു മാസം പൂർത്തിയാവുകയാണ്.
മോഷണക്കേസിൽ അറസ്റ്റിലായ മധുർജ്യ സോനോവാൾ എന്ന പ്രതിക്കായിട്ടുള്ള തെരച്ചിൽ ഇതുവരെയും ഫലം കണ്ടിട്ടില്ല. ജയിൽ മതിലിനോട് ചേർന്ന് നിർമ്മിച്ച ബഹുനില കെട്ടിടമാണ് പ്രതിക്ക് ഒളിച്ചോടാൻ സഹായകരമായത്.
ശേഷിയേക്കാൾ ഏറെ തടവുകാരുള്ള ജയിലാണിത്. നിരന്തരം ആവശ്യമുയർന്നിട്ടും മതിയായ വാർഡൻമാരെ ഇവിടെ നിയമിച്ചിട്ടില്ലാത്തതും വലിയ സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എടത്തലയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് 9 മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലാണ് അസം സ്വദേശിയായ മധുർജ്യ സോനോവാളിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. തുടർന്ന് ഇയാളെ ആലുവ സബ് ജയിലിൽ അടയ്ക്കുകയായിരുന്നു.
ഓഗസ്റ്റ് 23ന് വൈകിട്ടാണ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തത്. തൊട്ടടുത്ത ദിവസം ഓഗസ്റ്റ് 24ന് കുളിക്കാനിറങ്ങിയ മധുർജ്യ ജയിൽ ചാടുകയായിരുന്നു.
അസം ധീമാജി ജില്ലക്കാരനായ മധുർജ്യ സോനോവാൾ പെരുമ്പാവൂരിൽ തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്. പ്രതിയെ തിരിച്ചറിയാൻ സഹായിക്കുന്ന രീതിയിൽ ചുണ്ടിൽ ഒരു മുറിവും ശരീരത്തിൽ ടാറ്റുവുമുണ്ട്.
സംസ്ഥാനത്തെ മറ്റ് പല ജയിലുകളിലുമെന്ന പോലെ ആലുവ സബ് ജയിലിലും ശേഷിയുടെ ഇരട്ടിയിലേറെ തടവുകാരാണ് ഉള്ളത്. 56 തടവുകാർ മാത്രം കഴിയേണ്ട
സ്ഥലത്ത് നിലവിൽ 110 പേരാണ് ജയിലിലുള്ളത്. കൂടാതെ ഡ്യൂട്ടിക്കായി ആകെ 4 ഉദ്യോഗസ്ഥർ മാത്രമാണ് ഇവിടെയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

