കഴക്കൂട്ടം∙ ഐടി മേഖലയായ കഴക്കൂട്ടത്ത് സ്ത്രീകൾക്ക് താമസ സൗകര്യമൊരുക്കാൻ തിരുവനന്തപുരം നഗരസഭ നിർമിച്ച ‘നിവാസം’ ഷീ ലോഡ്ജിന്റെ ഉദ്ഘാടനം ഇന്ന്. നഗരത്തെ സ്ത്രീ സൗഹൃദമാക്കണം എന്ന ലക്ഷ്യത്തോടെ നഗരസഭ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കഴക്കൂട്ടത്ത് ഷീ ലോഡ്ജ് നിർമിച്ചത്. നഗരസഭയുടെ മൂന്നാമത്തെ ഷീ ലോഡ്ജാണു കഴക്കൂട്ടത്ത് നിർമാണം പൂർത്തിയായിട്ടുള്ളത്.
അഭിമുഖങ്ങൾ, മത്സര പരീക്ഷകൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി കഴക്കൂട്ടത്തും സമീപ പ്രദേശങ്ങളിലും എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി താമസിക്കാൻ ഒരിടമാകും ‘നിവാസം’.
മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാകും. കഴക്കൂട്ടം സോണൽ ഓഫിസിനു സമീപം നാലു നിലയിലായി ശീതീകരിച്ച 5 മുറികൾ ഉൾപ്പെടെ 22 മുറികളാണ് ഉള്ളത്.
കൂടാതെ കാർ പാർക്കിങ് സൗകര്യവും ഉണ്ട്. 4.75 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
വി.കെ.പ്രശാന്ത് മേയർ ആയിരിക്കുമ്പോൾ 2019 ലാണ് കെട്ടിടത്തിനു കല്ലിട്ടത്.ഇന്ന് 5ന് നടക്കുന്ന ചടങ്ങിൽ വച്ച് മന്ത്രി ഡോ.ആർ. ബിന്ദു ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്യും.
മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത് തുടങ്ങിയവർ പങ്കെടുക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

