ചിറയിൻകീഴ്∙ റെയിൽഗേറ്റിനു സമാന്തരമായി ചിറയിൻകീഴ്–കടയ്ക്കാവൂർ പ്രധാന പാതയിൽ നിർമാണം പൂർത്തീകരിച്ച റെയിൽവേ മേൽപ്പാലത്തിന്റെ ഭാരപരിശോധനയ്ക്കു തുടക്കം. പാലത്തിലൂടെ ചരക്കുവാഹനങ്ങൾ അടക്കം കടന്നുപോകുന്നതിനു അനുമതി ലഭ്യമാക്കേണ്ട
ബലക്ഷമതാ പരിശോധനയുടെ ഭാഗമായി റോഡ്സ് ആൻഡ് ബ്രിജസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഐഐടി ഇൻഫ്രാടെക് ആണു പരിശോധനകൾ ആരംഭിച്ചിട്ടുള്ളത്.
ഒരു മാസം മുൻപു നാട്ടുകാരാണു പാലത്തിലൂടെ വാഹനഗതാഗതം നടത്തിയത്. കഴിഞ്ഞ അഞ്ചുവർഷമായി പാലം നിർമാണത്തിന്റെ പേരിൽ ചിറയിൻകീഴിലും പരിസരപ്രദേശങ്ങളിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
പാലം നിർമാണം അനന്തമായി നീണ്ടതോടെ വൻ പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തു വാഹനങ്ങൾ പാലത്തിലൂടെ സർവീസ് ആരംഭിച്ചതു തടയാൻ ബന്ധപ്പെട്ടവർ നടപടിയെടുത്തിരുന്നില്ല.
പാലത്തിന്റെ ശാസ്ത്രീയമായ ബലപരിശോധനയും ഭാരപരിശോധനയും പൂർത്തിയാക്കി സർക്കാരിനു സമർപ്പിക്കേണ്ടതു പാലം നിർമാണത്തിനു നേതൃത്വം നൽകിയ റോഡ്സ് ആൻഡ് ബ്രിജസ് കോർപ്പറേഷനാണെന്നിരിക്കേ പാലം ഔദ്യോഗികമായി തുറന്നുനൽകുന്നതിനു മുന്നോടിയായാണു നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത്.
പാലത്തിന്റെ സ്പാനിനു മുകളിൽ 180ടൺ ഭാരം കയറ്റിയുള്ള ബല–ഭാരപരിശോധനയാണു ഇന്നലെ വൈകിട്ടോടെ ആരംഭിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേകം നിർമിച്ചെത്തിച്ചിട്ടുള്ള 2.5 ടൺ ഭാരം വീതമുള്ള 80 കോൺക്രീറ്റ് കട്ടകളാണു ടെസ്റ്റിനായി വിനിയോഗിക്കുന്നത്.
ഇതു മൊത്തം ഭാരത്തിന്റെ 25, 50, 75, 100 ശതമാനമെന്ന തരത്തിൽ നാലു വെവ്വേറെ ഘട്ടങ്ങളിലായി ടെസ്റ്റുകൾ നടത്തി സ്പാനുകളിൽ ഭാരം കയറ്റുമ്പോഴുള്ള വ്യതിയാനങ്ങൾ രേഖപ്പടുത്തും. തുടർന്നു 180ശതമാനം ഭാരം കയറ്റിയശേഷം 24മണിക്കൂർ കഴിഞ്ഞു ലോഡ് ടെസ്റ്റു നടത്തുന്നതോടെ നടപടികൾ അവസാനിക്കും.
ഭാരവ്യതിയാനം രേഖപ്പെടുത്തുന്നതിനായുള്ള ഡയൽഗേജ് പാലത്തിനു താഴെയായി സ്ഥാപിച്ചിട്ടുണ്ട്. പാലത്തിനു മുകളിലൂടെ കടന്നുപോകാൻ സാധ്യതയുള്ള വാഹനത്തിന്റെ ഇരട്ടിയിലധികം ഭാരം കയറ്റിയുള്ള പരിശോധനയും നടക്കും.
കാലാവസ്ഥ അനുകൂലമായാൽ ഇന്നു രാത്രി 10മണിയോടെ പരിശോധന പൂർത്തീകരിക്കാനാവുമെന്നു അധികൃതർ പറഞ്ഞു. പരിശോധനയുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

