നഗർകോവിൽ കാരോട് – കന്യാകുമാരി നാലുവരിപ്പാത ഈ വർഷാവസാനത്തോടെ ഗതാഗതത്തിനായി തുറന്നുനൽകാൻ സാധ്യതയേറുന്നു. പദ്ധതിയുടെ നിർമാണ ജോലികൾ ഇതിനോടകം 82 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞതായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അധികൃതർ വ്യക്തമാക്കി.
വില്ലുക്കുറിക്കു സമീപം തോട്ടിയോട് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ ഇപ്പോൾത്തന്നെ പുതിയ റോഡിലൂടെയുള്ള വാഹന ഗതാഗതം ആരംഭിച്ചിട്ടുണ്ട്. കാരോട് മുതൽ കന്യാകുമാരി വരെയുള്ള 54 കിലോമീറ്റർ ദൂരത്തിലാണ് ഈ ബൃഹദ് പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഇനി പൂർത്തിയാകാനുള്ള പ്രധാന ഘട്ടങ്ങളിൽ പുത്തേരി കുളത്തിന് മുകളിലൂടെയുള്ള 500 മീറ്റർ നീളമുള്ള മേൽപാലം, വില്ലുക്കുറിക്കു സമീപം തോട്ടിയോടിലെ 700 മീറ്റർ നീളമുള്ള പാലം, ഇരണിയലിനു സമീപത്തെ പാത എന്നിവയാണ് ഉള്ളത്. ഇതിൽ പുത്തേരി കുളത്തിനു മുകളിലൂടെയുള്ള പാലത്തിന്റെ ഒരു ഭാഗത്തിന്റെ പണി രണ്ടു മാസത്തിനകവും മറുഭാഗം ഡിസംബറിനുള്ളിലും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
തോട്ടിയോടുള്ള മേൽപാലത്തിന്റെ നിർമാണവും സമാനമായ പുരോഗതിയിലാണ്. എന്നാൽ, പള്ളിയാടി റെയിൽവേ മേൽപാലത്തിന്റെ നിർമാണ ജോലികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
നഗർകോവിലിൽ നിന്നും കന്യാകുമാരിയിലേക്കും കാവൽകിണറിലേക്കും രണ്ട് വ്യത്യസ്ത റോഡുകളുടെ നിർമാണമാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്. ഇതിൽ കാവൽക്കിണർ വരെയുള്ള നാലുവരിപ്പാതയുടെ പണികൾ പൂർത്തിയായിക്കഴിഞ്ഞു.
ഈ പാതയിലൂടെയുള്ള വാഹന ഗതാഗതവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. നാഗർകോവിലിൽ നിന്നും തിരുനെൽവേലിയിലേക്കുള്ള ടിഎൻഎസ്ടിസിയുടെ എൻഡ് ടു എൻഡ് ബസുകളും നിലവിൽ സർവീസ് നടത്തുന്ന് ഈ പാതയിലൂടെയാണ്.
1041 കോടി രൂപ ചെലവഴിച്ചാണ് നാലുവരിപ്പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഈ നിർമാണ പുരോഗതി ജില്ലാ കളക്ടർ എം.പ്രതാപ് കഴിഞ്ഞ ദിവസം നേരിട്ടെത്തി വിലയിരുത്തി.
വരുന്ന ഡിസംബർ മാസാവസാനത്തിനുള്ളിൽ മുഴുവൻ പണികളും പൂർത്തിയാക്കണമെന്നാണ് അദ്ദേഹം വകുപ്പ് തല ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന കർശന നിർദേശം. എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ സച്ചിൻകുമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കളക്ടറുടെ ഒപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

