കോട്ടയം ജില്ലയിലെ ബാറുകളില്‍ നിന്ന് പ്രതിമാസ പണപ്പിരിവ് നടത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ് അശോക് കുമാർ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
എക്സൈസ് മന്ത്രി എം ലിജുവിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
കോട്ടയത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടർന്നാണ് വകുപ്പ് തല നടപടികൾ ഉണ്ടായത്. എസ് അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചങ്ങനാശ്ശേരി സര്‍ക്കിളിന്റെ പരിധിയിലുള്ള ബാറുകളില്‍ നിന്ന് സ്ഥിരമായി പണപ്പിരിവ് നടത്തുന്നതായി സ്പെഷ്യൽ ബ്രാഞ്ചിനും ഉയർന്ന ഉദ്യോഗസ്ഥർക്കും രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരം എക്സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് വ്യാപകമായ തോതില്‍ കൈക്കൂലി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. പ്രധാന പ്രതിയായ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പുറമെ, കോട്ടയം എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ എം മാനുവല്‍, ചങ്ങനാശേരി സര്‍ക്കിള്‍ ഓഫിസിലെ ഉദ്യോഗസ്ഥരായ ബാലു തങ്കച്ചന്, പ്രവീണ്‍ ശിവാനന്ദ്, സന്തോഷ്, ഷിജു കെ, വിശാഖ് എന്നിവരാണ് സസ്പെന്‍ഷനിലായ മറ്റ് ഉദ്യോഗസ്ഥര്‍.
സംഭവത്തില്‍ വകുപ്പുതല അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

