അരുവിക്കര∙ അഴിക്കോട് ജംക്ഷനിലെ ഒറോസ ഹോട്ടലിൽ 14ന് രാവിലെ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജീവനക്കാരി പാലോട് പ്ലാവറ കുന്നുംപുറത്ത് വീട്ടിൽ സിമി സന്തോഷ് (44) മരിച്ചു. ചായ കുടിക്കാനെത്തിയ അഴിക്കോട് മരുതിനകം റോഡരികത്ത് വീട്ടിൽ നവാസ് (55) ശനിയാഴ്ച രാത്രി മരിച്ചിരുന്നു. മറ്റൊരു ജീവനക്കാരി പ്ലാവറ സ്വദേശി രാജി (47) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഗ്യാസ് ചോർച്ചയാണ് അപകട കാരണം.
സിമിയുടെ ഭർത്താവ് പരേതനായ സന്തോഷ്. മക്കൾ: ഗായത്രി, ഗീതു.
മരുമകൻ: അഭിരാജ്.
ബാധ്യതകളില്ലാത്ത ലോകത്തേക്ക് യാത്രയായി സിമി
പാലോട് ∙ മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പ അടച്ചു തീർക്കാൻ വേണ്ടിയുള്ള പരിശ്രമം പൂർത്തിയാക്കാൻ കഴിയാതെയാണു പാലോട് പ്ലാവറ കുന്നുംപുറത്ത് വീട്ടിൽ സിമി സന്തോഷ് യാത്രയായത്. വായ്പയ്ക്കു പുറമേ കടബാധ്യതയും സിമിക്കുണ്ട്.
എത്രയും വേഗം ഇവ തീർക്കാനായാണ് സിമി അഴിക്കോട്ടെ ഹോട്ടലിൽ ജോലിക്കെത്തിയത്. മൂത്ത മകളുടെ വിവാഹത്തിന് കേരള ബാങ്ക് പാലോട് ശാഖയിൽ നിന്ന് വായ്പയെടുത്ത വകയിൽ 17 ലക്ഷം കുടിശിക ഉണ്ടായിരുന്നു അത് അടയ്ക്കാൻ നിർവാഹമില്ലാതെ ജപ്തി നടപടികൾ ആയി. എന്നാൽ ബാങ്ക് അധികൃതർ ഇവരുടെ അവസ്ഥ മനസ്സിലാക്കി സർക്കാരിൽ നിന്ന് പ്രത്യേക ഓർഡർ നേടി മുതൽ മാത്രം ഗഡുക്കളായി അടയ്ക്കാൻ സാവകാശം നൽകിയിരുന്നു.
ഇനി 3,70,000രൂപ അടയ്ക്കാനുണ്ട്.
ഇതിനിടെയാണ് ഭർത്താവ് സന്തോഷ്കുമാർ മരിച്ചത്. സിമിയുടെ ബന്ധു രാജിയാണ് ഹോട്ടലിലെ ജോലി തരപ്പെടുത്തിയത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം സ്ഥിരം ബുദ്ധിമുട്ടിലായിരുന്നു സിമി.
രണ്ട് പെൺമക്കളിൽ മൂത്ത മകൾ ഗായത്രിയുടെ വിവാഹം കഴിഞ്ഞു. ഇളയ മകൾ ഗീതു ബി ടെക് പഠനം പൂർത്തിയാക്കി.
അമ്മയെ നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് മക്കൾ. ബാങ്ക് വായ്പ കുടിശിക എങ്ങനെ അടച്ചു തീർക്കുമെന്ന് ഇവർക്കറിയില്ല. സിനിയുടെ ചികിത്സയ്ക്കും മറ്റും പ്ലാവറ റസിഡന്റ്സ് അസോസിയേഷനും നാട്ടുകാരും കൈത്താങ്ങായി ഒപ്പമുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

