സംസ്ഥാനത്ത് സ്വർണവിലയിൽ ഉണ്ടായേക്കാമായിരുന്ന വൻ ഇടിവിന് തടയിട്ട് ക്രൂഡോയിൽ വിലയിലെ കുറവ്. ഇന്നു രാവിലെ കേരളത്തിൽ രേഖപ്പെടുത്തിയ നിരക്കുകളിൽ നിന്നും ഉച്ചയോടെ കാര്യമായ ഇടിവാണ് വിപണിയിൽ ഉണ്ടായത്.
ഗ്രാമിന് 130 രൂപ കുറഞ്ഞ് വില 14,055 രൂപയായും, പവന് 1040 രൂപ കുറഞ്ഞ് 1,12,440 രൂപയായും താഴുകയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 31 ഡോളർ താഴ്ന്ന് 4315 ഡോളറിലെത്തിയതാണ് കേരളത്തിലും വില കുറയാൻ കാരണമായത്.
എങ്കിലും, ഉച്ചയോടെ കേരളത്തിൽ വില ഇതിലുമേറെ ഇടിയേണ്ടതായിരുന്നുവെങ്കിലും ക്രൂഡോയിൽ വിപണിയിലെ മാറ്റങ്ങൾ അതിന് തടയിടുകയായിരുന്നു. രാജ്യാന്തര സ്വർണവില ഒരുവേള ഉച്ചയ്ക്ക് 4293 ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നെങ്കിലും പിന്നീട് ചെറിയ തോതിൽ തിരിച്ചു കയറി.
യുഎസിൽ പണപ്പെരുപ്പവും അടിസ്ഥാന പലിശനിരക്കും ഉയർന്നേക്കുമെന്ന ആശങ്കകളെ തുടർന്ന് ഡോളർ സൂചിക 100.3ൽ നിന്ന് 100.62 വരെ ഉയർന്നു. ഇതാണ് സ്വർണവിലയെ പെട്ടെന്ന് ഇടിവിലേക്ക് നയിച്ചത്.
എന്നാൽ സ്വർണവില ഇനിയും വലിയ തോതിൽ ഇടിയുമെന്ന് പ്രതീക്ഷിച്ചിരിക്കവെ, ക്രൂഡോയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് താഴേക്ക് പതിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.62% താഴ്ന്ന് 99.72 ഡോളറിലും, ഡബ്ല്യുടിഐ വില 1.23% ഇടിഞ്ഞ് 91.23 ഡോളറിലുമാണ് വ്യാപാരം തുടരുന്നത്.
പശ്ചിമേഷ്യയിൽ സമാധാന അന്തരീക്ഷം സംജാതമാകുന്നുവെന്ന സൂചനകളും സൗദി അറേബ്യയിൽ നിന്നുള്ള എണ്ണവിതരണം മെച്ചപ്പെട്ടതുമാണ് ക്രൂഡ് വില കുറയാൻ പ്രധാന കാരണം. ക്രൂഡോയിൽ വില താഴ്ന്നതോടെ ആഗോളതലത്തിൽ പണപ്പെരുപ്പ ആശങ്കകൾക്ക് അയവുവന്നു.
ഇതിന്റെ ഫലമായി ഡോളർ സൂചിക 100.62ൽ നിന്ന് 100.44ലേക്ക് താഴുകയും ചെയ്തു. ഇത് സ്വർണവിലയിലുണ്ടായ നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചു.
രാജ്യാന്തര വിപണിയിൽ വില 4293 ഡോളറിൽ നിന്ന് 4315 ഡോളറിലേക്ക് തിരിച്ചു കയറുകയും ചെയ്തു. ഈ ആശ്വാസകരമായ മാറ്റം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ഉച്ചയോടെ സ്വർണവില ഇതിലും വലിയ തകർച്ചയെ അഭിമുഖീകരിക്കുമായിരുന്നു.
അതേസമയം, കേരളത്തിൽ 18 കാരറ്റ് സ്വർണവില ഉച്ചയോടെ ഗ്രാമിന് 110 രൂപ താഴ്ന്ന് 11,545 രൂപയായി മാറി. എന്നാൽ വെള്ളി വിലയിൽ ഉച്ചയ്ക്ക് മാറ്റങ്ങളൊന്നും ഉണ്ടായില്ല; ഒരു ഗ്രാം വെള്ളിക്ക് 250 രൂപ എന്ന നിരക്കിൽ തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

