സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയെ പരിഹസിച്ചു കൊണ്ടു ഗുഹാനന്ദപുരം ഹയർസെക്കൻഡറി സ്കൂൾ കവാടത്തിനു മുന്നിൽ യൂണിഫോമിൽ കുട്ടികൾ ബാനർ പിടിച്ചു സംഭവത്തിൽ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നുമുള്ള വിശദീകരണവും സ്കൂൾ സ്വീകരിച്ച നടപടിയും മൂന്നു ദിവസത്തിനകം സ്കൂൾ മാനേജിങ് കമ്മിറ്റിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു മാനേജർ ഡി.ഹരികുമാർ പ്രധാനാധ്യാപകർക്ക് കത്ത് നൽകി. ചവറ തെക്കുംഭാഗത്താണ് ഈ സംഭവം അരങ്ങേറിയത്.
ഏതാനും ദിവസം മുൻപാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ പേരിൽ വിജയിച്ച വിദ്യാർഥികളെ ഹാരമണിയിച്ച് യുപി വിഭാഗം കുട്ടികളെക്കൊണ്ടു ബാനർ പ്രദർശിപ്പിച്ചത്. ഇത് പ്രചരിച്ചതോടെ വിവാദത്തിനു വഴിവച്ചു.
ഇതുസംബന്ധിച്ചും കോൺഗ്രസും കെഎസ്യുവും പൊലീസിനു പരാതി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് സ്കൂൾ മാനേജ്മെന്റ് വിശദീകരണം ആവശ്യപ്പെട്ടു പ്രധാനാധ്യാപകർക്ക് കത്ത് നൽകിയത്.
അതേസമയം കേസെടുക്കുന്നത് സംബന്ധിച്ചു പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. സ്കൂളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ‘നീ പോടാ പൂക്കി മോനേ’ എന്ന വിവാദ ബാനർ പ്രത്യക്ഷപ്പെട്ടത്.
മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീർത്തിപ്പെടുത്തിക്കൊണ്ട് ബാനർ സ്ഥാപിച്ചതിൽ എസ്എഫ്ഐക്കെതിരെ കെഎസ്യു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ ആണ് കൊല്ലം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.
ബാനർ മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കുകയും പ്രതിച്ഛായയ്ക്കും സൽപ്പേരിനും കളങ്കം വരുത്തുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു. അടിയന്തര നടപടി ഇക്കാര്യത്തിലുണ്ടാകണമെന്ന് കെഎസ്യു ആവശ്യപ്പെട്ടു.
സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് വി.ടി.ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ഉൾപ്പെടെ ബാനറിനെ ന്യായീകരിച്ചു രംഗത്തെത്തിയതിനു പിന്നാലെയാണ് കെഎസ്യു ഔദ്യോഗികമായി പരാതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

