തിരുവനന്തപുരം∙ ജയിലിനുള്ളിൽ സൗകര്യങ്ങളൊരുക്കാനും പരോൾ നൽകാനും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന കേസിൽ ജയിൽ ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി എം.കെ.വിനോദ് കുമാറിനെതിരായ അന്വേഷണവുമായി വിജിലൻസ് മുന്നോട്ടുപോകുമ്പോഴും അനക്കമില്ലാതെ സർക്കാർ. വിജിലൻസ് കേസെടുത്ത് 5 ദിവസം പിന്നിട്ടിട്ടും വിനോദ്കുമാറിനെ സസ്പെൻഡ് ചെയ്തിട്ടില്ല.
മുഖ്യമന്ത്രി സ്ഥലത്തില്ലെന്നും വകുപ്പുതല നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നുമുള്ള കാരണങ്ങൾ നിരത്തിയാണ് ആഭ്യന്തര വകുപ്പ് നടപടി വൈകിപ്പിക്കുന്നത്. വിനോദ്കുമാറിനെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു കാട്ടി വിജിലൻസ് മേധാവി മനോജ് ഏബ്രഹാം റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല. ഇതിനിടെ, കേസന്വേഷണത്തിന്റെ ഭാഗമായി വിനോദ്കുമാറിന്റെ പൂജപ്പുരയിലെ ക്വാർട്ടേഴ്സിലും ആലപ്പുഴയിലെ വീട്ടിലും വിജിലൻസ് സംഘം റെയ്ഡ് നടത്തി.
ടി.പി കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവരിൽ നിന്നു ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന് പ്രാഥമികാന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ജയിൽ വകുപ്പിലെ ഉന്നത പദവിയിൽ ഇപ്പോഴും തുടരുന്നത്.
കൊടും കുറ്റവാളികൾക്ക് അന്യായമായി പരോൾ നൽകാനും സൗകര്യങ്ങൾ ലഭ്യമാക്കാനും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ ജയിൽ വകുപ്പിന്റെ ചുമതലകളിൽ നിന്ന് അന്വേഷണവിധേയമായി മാറ്റിനിർത്താനും സർക്കാർ നടപടിയെടുത്തിട്ടില്ല. ഗുരുതരകുറ്റം ചെയ്തതായി ആഭ്യന്തര അന്വേഷണത്തിൽ തെളിഞ്ഞിട്ടും നടപടിക്കു ശുപാർശ ലഭിച്ചിട്ടും പൊലീസ്– ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അനങ്ങാത്തത് സമീപകാലത്ത് ഇതാദ്യമല്ല.
വനിതാ എസ്ഐമാരോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പത്തനംതിട്ട മുൻ എസ്പിയും നിലവിൽ ക്രമസമാധാനവിഭാഗം എഐജിയുമായ വി.ജി.വിനോദ്കുമാറിനെതിരെ ദക്ഷിണമേഖലാ ഡിഐജി റിപ്പോർട്ട് നൽകിയെങ്കിലും ആഭ്യന്തര വകുപ്പ് നടപടിയെടുത്തില്ല. പേരാമ്പ്രയിൽ ലാത്തിച്ചാർജിനിടെ തന്നെ മർദിച്ചതായി ഷാഫി പറമ്പിൽ എംപി ആരോപിച്ച സിഐ:അഭിലാഷ് ഡേവിഡിനെയും സർക്കാർ സംരക്ഷിക്കുകയാണെന്ന് ആക്ഷേപമുയർന്നിരുന്നു.
മാഫിയാബന്ധം, ലൈംഗികപീഡനക്കേസ് അന്വേഷിക്കുന്നതിലെ വീഴ്ച തുടങ്ങിയ ഗുരുതര കുറ്റങ്ങളുടെ പേരിൽ അഭിലാഷിനെ മുൻപ് പിരിച്ചുവിടാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച പൊലീസ്, അദ്ദേഹം നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
ഡിഐജിയുടെ ജയിൽ സന്ദർശനം: റജിസ്റ്ററിലെ വിവരങ്ങൾ പുറത്ത്‘25 മിനിറ്റിൽ 129 തടവുകാരെ കണ്ടു,മതിലിന്റെ ഉയരവുമെടുത്തു’
കോട്ടയം ∙ മേലുദ്യോഗസ്ഥരെ അറിയിക്കാതെ ജയിൽ ഡിഐജി എം.കെ.വിനോദ്കുമാർ കോട്ടയം ജില്ലാ ജയിൽ സന്ദർശിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. സന്ദർശന വിവരങ്ങൾ ജയിൽ റജിസ്റ്ററിൽനിന്നു വിജിലൻസ് ശേഖരിച്ചു.
മധ്യമേഖലയിലെ ഒരു സബ് ജയിൽ സൂപ്രണ്ടും വിനോദ്കുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായും വിജിലൻസിനു വിവരങ്ങൾ ലഭിച്ചു.2022 സെപ്റ്റംബർ 3നു കോട്ടയം ജില്ലാ ജയിലിൽ വൈകിട്ട് 5.35ന് ആണു വിനോദ്കുമാർ എത്തിയത്.
ജയിൽ റജിസ്റ്ററിൽ വിനോദ്കുമാർ രേഖപ്പെടുത്തിയതിങ്ങനെ: ‘124 പുരുഷ തടവുകാരെയും 5 വനിതാ തടവുകാരെയും സന്ദർശിച്ചു. ജയിൽ മതിലിന് ഉയരം കുറവെന്നു കണ്ടെത്തി.
തടവുകാരെ പുറത്തിറക്കുമ്പോൾ ജാഗ്രത വേണം.’ഇദ്ദേഹം സന്ദർശനശേഷം വൈകിട്ട് 6നു പുറത്തുപോയി. 25 മിനിറ്റിൽ 124 പുരുഷ തടവുകാരെയും 5 സ്ത്രീ തടവുകാരെയും കാണുകയും ജയിൽ മതിലിന്റെ ഉയരമെടുക്കുകയും ചെയ്ത വിനോദ്കുമാർ അമാനുഷികനെന്നാണ് അന്നത്തെ മധ്യമേഖലാ ഡിഐജിയായിരുന്ന പി.അജയകുമാർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.
2022 സെപ്റ്റംബർ 17നു പൊൻകുന്നം ജില്ലാ ജയിലിൽ നടത്തിയ സന്ദർശനത്തിൽ അന്തേവാസികളെ സെല്ലിൽ പോയി നേരിട്ടുകണ്ടെന്നും ജയിൽ റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

