യുണൈറ്റഡ് സ്റ്റേറ്റ്സ് സന്ദർശനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് വാഷിങ്ടൺ ഡിസിയിലെത്തി.
വാഷിങ്ടണിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം, കൾച്ചറൽ സെൽ ചുമതലയുള്ള ഇന്ത്യൻ എംബസി കൗൺസിലർ ദേബേഷ് കുമാർ ബെഹ്റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നിർണായക ചർച്ചകൾ നടത്തി. സാംസ്കാരിക കൈമാറ്റത്തിൻ്റെ ഭാഗമായി കളരിപ്പയറ്റ്, കഥകളി തുടങ്ങിയ കലാരൂപങ്ങൾ പ്രത്യേക പാക്കേജായി അമേരിക്കയിൽ അവതരിപ്പിച്ചാൽ വലിയ സാധ്യതകളുണ്ടെന്നും, ഇത് പ്രൊമോട്ട് ചെയ്യാൻ ഇന്ത്യൻ എംബസി പൂർണ്ണ പിന്തുണ നൽകുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായി മേയർ വി.വി.
രാജേഷ് വ്യക്തമാക്കി. അമേരിക്കൻ നഗരങ്ങളും തിരുവനന്തപുരം കോർപറേഷനും തമ്മിലുള്ള ഐ.ടി മേഖലയിലടക്കമുള്ള സഹകരണങ്ങൾക്ക് ഇരുരാജ്യങ്ങളുടെയും സർക്കാരുമായി ബന്ധപ്പെട്ട് എംബസിയുടെ നിരന്തരമായ ഇടപെടലുകൾ ആവശ്യമാണ്.
കോർപറേഷന്റെ വികസന പദ്ധതികൾ അവതരിപ്പിച്ചപ്പോൾ എംബസി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ അനുകൂല പ്രതികരണം വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ട് ദിവസത്തെ ഔദ്യോഗിക യു.എസ് സന്ദർശനത്തിനായി ഓഗസ്റ്റ് 1-നാണ് മേയർ വി.വി.
രാജേഷ് തിരുവനന്തപുരത്തുനിന്നും യാത്ര തിരിച്ചത്. യാത്രയുടെ ആദ്യഘട്ടങ്ങളിൽ മുസ്സൂറി സിറ്റി മേയർ റോബിൻ എലക്കാട്ടുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
മാലിന്യ സംസ്കരണം, തെരുവ് നായ സംരക്ഷണം, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഇടംപിടിച്ചു. തുടർന്ന് ന്യൂജേഴ്സിയിൽ നടന്ന നമാം അവാർഡ് നൈറ്റിലും മേയർ സംബന്ധിച്ചു.
ഈ ചടങ്ങിനിടയിൽ പ്രശസ്ത ക്യാൻസർ വിദഗ്ധൻ ഡോ. എം.വി.
പിള്ളയുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാന സമ്മേളനത്തിലും മേയർ പങ്കെടുക്കുന്നുണ്ട്.
വിവിധ നഗരങ്ങളിലെ മലയാളി സമൂഹമായും തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ വ്യക്തികളുമായും അദ്ദേഹം നിരന്തരം സംവദിക്കുന്നുണ്ട്. യു.എസ് സന്ദർശനം പൂർത്തിയാക്കി മേയർ ഓഗസ്റ്റ് 10-ന് നാട്ടിൽ തിരിച്ചെത്തും.
അദ്ദേഹത്തിൻ്റെ അഭാവത്തിൽ നിലവിൽ ഡെപ്യൂട്ടി മേയർ ആശാനാഥ് ആണ് കോർപറേഷന്റെ ചുമതലകൾ നിർവഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

