നെയ്യാറ്റിൻകരയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പിങ്ക് പൊലീസിന്റെ വാഹനത്തിന് മുകളിൽ കയറി മദ്യപന്റെ വിളയാട്ടം. കെഎസ്ആർടിസി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിന് മുന്നിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
നെയ്യാറ്റിൻകര ഡിപ്പോയ്ക്ക് മുന്നിൽ വാഹനം പാർക്ക് ചെയ്ത ശേഷം ഉദ്യോഗസ്ഥർ സ്റ്റാൻഡിനുള്ളിൽ പട്രോളിങ്ങിനായി പോയ തക്കം നോക്കിയാണ് പ്രതി ഔദ്യോഗിക കാറിന് മുകളിലേക്ക് വലിഞ്ഞുകയറിയത്. തുടർന്ന് റോഡിലൂടെ യാത്ര ചെയ്തിരുന്നവരെയും വഴിപോക്കരെയും ഇയാൾ അസഭ്യം വിളിക്കുകയും പരസ്യമായി ബഹളം വെയ്ക്കുകയും ചെയ്തു.
അല്പസമയത്തിന് ശേഷം വാഹനത്തിന് മുകളിൽ നിന്നിറങ്ങി കാറിൽ ചാരിനിന്ന വേളയിലാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ തിരികെ എത്തിയത്. തുടർന്ന് ഇയാളോട് മാറിനിൽക്കാൻ ആവശ്യപ്പെട്ട
ഉദ്യോഗസ്ഥർ അവിടെനിന്നും മടങ്ങുകയും ചെയ്തു. പിന്നാലെ മദ്യപനും സ്ഥലത്തുനിന്നും കടന്നുകളഞ്ഞു.
എങ്കിലും, പ്രതി വാഹനത്തിന് മുകളിൽ കയറി നടത്തിയ അഭ്യാസങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പോലീസിന് വലിയ തലവേദനയായി മാറിയത്. വാഹനം പാർക്ക് ചെയ്തിരുന്ന സമയത്ത് ഇതിന് മുകളിൽ കയറി ഇയാൾ നടത്തിയ പ്രകടനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നോ എന്ന കാര്യത്തിൽ സംശയമുയർന്നിട്ടുണ്ട്.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ച് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഇപ്പോൾ നെയ്യാറ്റിൻകര പൊലീസ് പ്രതിക്കായി ഊർജിതമായ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

