വിഴിഞ്ഞം ∙ മകളെ കാണാൻ ഇനി സുമൻ വരില്ല. ഏകമകൾ അനാർക്കലി എന്ന ഷിന്റോയെ കാണാൻ സുമൻ ചൊവ്വരയിലെ വീട്ടിലേക്ക് ഇന്നലെ എത്തുമെന്നാണു പറഞ്ഞിരുന്നതെന്ന് ഭാര്യ രമ്യ പറഞ്ഞു.
മകൾ അച്ഛനെ കാത്തിരിക്കുമ്പോഴാണ് കണ്ണീരിലാഴ്ത്തിയ വാർത്തയെത്തിയത്. വീടിന്റെ കാവലായിരുന്ന മകനെ എന്തിനാണു കൊന്നതെന്ന സുമന്റെ കുഞ്ഞമ്മ ശശികലയുടെ അലമുറയിട്ട് കരഞ്ഞുകൊണ്ടുള്ള ചോദ്യത്തിനും ബന്ധുക്കൾക്കും നാട്ടുകാർക്കും ഉത്തരമില്ലായിരുന്നു.
പ്രസവിച്ച് രണ്ടാം മാസം അമ്മ മരിച്ചതിനെ തുടർന്ന് കുഞ്ഞമ്മയായ ശശികലയും അമ്മൂമ്മ കൗസല്യയുമാണ് സുമനെ വളർത്തിയത്. സ്വന്തം വീട് ഇല്ലാത്തതിനാൽ കുഞ്ഞമ്മയ്ക്കൊപ്പമാണു വെള്ളായണി പാലപ്പൂരിലെ വീട്ടിൽ കഴിഞ്ഞിരുന്നത്.
പാചക വൈദഗ്ധ്യമുണ്ടായിരുന്ന സുമന് കോവളത്തെ ഹോട്ടലിലായിരുന്നു ജോലി. കൈക്ക് പൊള്ളലേറ്റതിനെ തുടർന്ന് കുറച്ചുനാളായി ജോലിക്കു പോയിരുന്നില്ല.
സുഹൃത്തുവന്ന് വിളിച്ചിറക്കി കൊണ്ടുപോയതാണെന്നു കുഞ്ഞമ്മ പറഞ്ഞു.
മർദനം ഒട്ടേറെപ്പേർ നോക്കിനിൽക്കെ
വിഴിഞ്ഞം ∙ ബാറിലെ സംഘർഷത്തിന്റെ തുടർച്ചയായി യുവാവിനെ റോഡിൽ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കൊല്ലപ്പെട്ട
യുവാവിന്റെ കഴുത്തു ഞെരിക്കുംവിധമുള്ള പ്രതിയുടെ കൈകൊണ്ടുള്ള പൂട്ടിൽ തന്നെ പകുതി ജീവൻ പോയിരിക്കാമെന്ന് പൊലീസ് പറയുന്നു. യുവാവ് മൃതപ്രായനായതിനു ശേഷവും പ്രതികൾ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നതു തുടർന്നു.
കണ്ടുനിന്നവർ വിലക്കുമ്പോൾ അവർക്കുനേരെയും ആക്രോശിക്കുകയും അവനെ കൊല്ലെടാ എന്നും പറയുന്നതും വിഡിയോയിലുണ്ട്. അതേസമയം, കൂടിനിന്നവരാരും യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികൾ കടന്നതിനു പിന്നാലെ, ഇതുവഴി കാറിൽ വന്ന ചൊവ്വര സ്വദേശിയായ യുവാവാണ് വഴിയിൽ കിടക്കുന്നയാളെ കണ്ട് വാഹനം നിർത്തിയത്. കൂടിനിന്നവരോട് സഹായം തേടിയെങ്കിലും ആരും മുന്നോട്ടു വന്നില്ല.
തുടർന്നാണ് പൊലീസിനെ അറിയിച്ചതും ആശുപത്രിയിൽ എത്തിച്ചതും. വിഡിയോ പുറത്തുവന്നതോടെയാണ് അക്രമത്തിന്റെ യഥാർഥചിത്രം വ്യക്തമായത്.
നടുക്കുന്ന വിഡിയോ പുറത്ത്
വിഴിഞ്ഞം ∙ ബാറിലെ വാക്കേറ്റത്തിനും കയ്യാങ്കളിക്കും തുടർച്ചയായി സഹോദരന്മാർ ചേർന്ന് യുവാവിനെ ക്രൂരമായി അടിച്ചും ചവിട്ടിയും കൊലപ്പെടുത്തി.
വിഴിഞ്ഞം മുക്കോലയിൽ ബാറിനു മുന്നിലെ സർവീസ് റോഡിൽ ബുധനാഴ്ച അർധരാത്രിയാണു സംഭവം. വെള്ളായണി പാലപ്പൂര് അരുൺ നിവാസിൽ എസ്.സുമൻ (38) ആണു കൊല്ലപ്പെട്ടത്.
യുവാവിനെ മൃഗീയമായി മർദിക്കുന്ന വിഡിയോദൃശ്യം പുറത്തുവന്നതിനു പിന്നാലെ ബാലരാമപുരം തൊളിയറത്തല ആർസി സ്ട്രീറ്റ് നിവാസി പയറ്റുവിളയിൽ വാടകയ്ക്ക് താമസിക്കുന്ന എസ്.അച്ചു (24), സഹോദരൻ എസ്.അനന്തു (19) എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
ബാറിൽ മദ്യപിച്ചിരിക്കെ മറ്റൊരു യുവാവുമായി അച്ചുവും ഒപ്പമുള്ളവരും വാക്കേറ്റമുണ്ടായി. കൊല്ലപ്പെട്ട
സുമൻ ഇതിൽ ഇടപെട്ടതാണു പ്രകോപന കാരണമെന്നു പൊലീസ് പറഞ്ഞു. സംഘർഷത്തിനിടെ സുമനെ തള്ളി വീഴ്ത്തി.
രക്ഷപ്പെടാനായി ഇയാൾ ബാറിനു പുറത്തേക്ക് ഓടി റോഡിൽ എത്തിയപ്പോൾ പ്രതി തന്റെ സഹോദരനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് റോഡിൽവച്ച് യുവാവിനെ മാരകമായി ചവിട്ടുകയും ഇടിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
മൃതപ്രായനായി കിടന്ന യുവാവിനെ ഇരുവരും മാറിമാറി ഇടിക്കുകയും നെഞ്ചിൽ ശക്തിയായി ചവിട്ടുകയും ചെയ്തു.
വിഡിയോ പകർത്തിയവർ ഉൾപ്പെടെയുള്ളവർക്കു നേരെ പ്രതികൾ ആക്രോശിച്ച് എത്തിയതോടെ കൂട്ടത്തിലൊരാൾ പെപ്പർ സ്പ്രേ പ്രയോഗിക്കുകയായിരുന്നു. ഇതോടെ പ്രതികൾ ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു.
പിന്നീട് ഇതുവഴി കാറിൽ വന്നയാളാണ് പൊലീസിൽ അറിയിക്കുകയും യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. യുവാവ് സംഭവസ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
പ്രതികൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടുപേർ കൂടി ആദ്യം പിടിയിലായെങ്കിലും പിന്നീട് വിട്ടയച്ചു. കോവളത്ത് റസ്റ്ററന്റിലെ ജീവനക്കാരനായിരുന്നു സുമൻ.
ഭാര്യ രമ്യ, മകൾ അനാർക്കലി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

