ആലപ്പുഴ തോട്ടപ്പള്ളിയിൽ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ കമ്പനി കൈവശം വെച്ചിരിക്കുന്നത് 65 ഏക്കർ ഭൂമി. സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിനുള്ള അനുമതി റദ്ദാക്കിയിട്ട് രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ കൈവശമാണ് ഇത്രയും വലിയ ഭൂമി ഇപ്പോഴുമുള്ളത്.
ദീർഘകാലമായി മാറി മാറി വന്ന സർക്കാരുകൾ ഈ ഭൂമി തിരികെ പിടിക്കുന്നതിൽ പൂർണ്ണ പരാജയമാണെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സ്ഥിതിഗതികൾ. വർഷം 2002: മുഖ്യമന്ത്രി എ കെ ആന്റണിയുടെ കാലത്താണ് സ്വകാര്യ കമ്പനിക്ക് കരിമണൽ ഖനനത്തിന് സർക്കാർ അനുമതി നൽകിയത്.
ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരുകയും, വി എം സുധീരൻ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ മനുഷ്യചങ്ങല തീർക്കുകയും ചെയ്തു. തുടർന്ന്, സർക്കാരിന് ഈ തീരുമാനത്തിൽ നിന്ന് പിന്മാറേണ്ടി വന്നു.
ഈ കാലയളവിലാണ് വിവി മിനറൽസ്, കെആർഇഎംഎൽ (KREML) എന്നീ കമ്പനികൾ ആലപ്പാട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ വ്യാപകമായി ഭൂമി സ്വന്തമാക്കിയത്. ഭൂപതിവ് ചട്ടപ്രകാരം, വ്യവസായ ആവശ്യത്തിനായി വാങ്ങിയ 15 ഏക്കറിൽ അധികം ഭൂമി 15 വർഷം ഉപയോഗശൂന്യമായി കിടന്നാൽ അത് സംസ്ഥാന സർക്കാർ തിരിച്ചെടുക്കേണ്ടതാണ്.
ഹരിപ്പാട് മണ്ഡലത്തിലെ ഈ അനധികൃത ഭൂമി സംബന്ധിച്ച് പരാതികൾ ഉയർന്നതിനെ തുടർന്ന്, 2018 ഏപ്രിൽ മാസത്തിൽ കാർത്തികപ്പള്ളി താലൂക്ക് ലാൻഡ് ബോർഡ് 45 ഏക്കർ അധിക ഭൂമി തിരിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവിട്ട
ഉദ്യോഗസ്ഥനെ ദിവസങ്ങൾക്കുള്ളിൽ സ്ഥലം മാറ്റിയതോടെ നടപടികൾ വഴിമുട്ടി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ടൂറിസം ആവശ്യങ്ങൾക്കായി ഭൂമി തരംമാറ്റി നൽകണമെന്നാവശ്യപ്പെട്ട് ശശിധരൻ കർത്ത റവന്യു വകുപ്പിനെ രണ്ടുതവണ സമീപിച്ചിരുന്നു.
വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കോടതിയും സുപ്രീം കോടതിയും സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചിരുന്നെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ല. നിലവിൽ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട
പുതിയ കേന്ദ്ര-സംസ്ഥാന നയങ്ങൾ കൂടി വരുമ്പോൾ, ഈ ഭൂമിയുടെ തന്ത്രപരമായ പ്രാധാന്യം വർധിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ സാമീപ്യവും കരിമണൽ സമ്പന്നമായ കൊല്ലം, ആലപ്പുഴ തീരപ്രദേശങ്ങളുടെ സ്വഭാവവും ഈ വിഷയത്തെ ഏറെ ഗൗരവകരമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

