കണ്ണൂർ ജില്ലയിലെ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ കണ്ടെത്തിയ ദുരൂഹതകൾക്കിടയാക്കിയ സാഹചര്യത്തിൽ, ഇന്ന് കല്ലറ തുറന്ന് പരിശോധന നടത്തും. പതിനൊന്ന് വർഷം മുൻപ് അവസാനമായി മൃതദേഹം സംസ്കരിച്ച 38–ാം നമ്പർ പൊതുകല്ലറ തുറന്നപ്പോൾ, പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ ഇടപെടൽ.
ഈ കല്ലറ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് തലശ്ശേരി ആർഡിഒ കോടതി അനുമതി നൽകിയിരുന്നു. ജയിംസ് കൂമ്പുക്കൽ, മറിയം മൊയ്യപ്പള്ളി എന്നിവരുടെ സംസ്കാര ചടങ്ങുകൾ നടന്ന കല്ലറയാണിത്.
2006-ൽ മറിയം മൊയ്യപ്പള്ളിയെയും 2015-ൽ ജയിംസ് കൂമ്പുക്കലിനെയും ഇവിടെ സംസ്കരിച്ചിരുന്നു. എന്നാൽ, തങ്ങളുടെ ബന്ധുവായ ജയിംസ് കൂമ്പുക്കലിനെ അടക്കം ചെയ്തപ്പോൾ കല്ലറ കാലിയായിരുന്നുവെന്നും, ക്രിസ്ത്യൻ ആചാരപ്രകാരം പെട്ടിയിലാണ് സംസ്കാരം നടത്തിയതെന്നും ബന്ധുവായ ആൽവിൻ ഫ്രാൻസിസ് വ്യക്തമാക്കി.
അന്ന് ഏകദേശം 50 ഓളം പേർ ചടങ്ങിൽ പങ്കെടുത്തതായും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ വിലങ്ങാട് സ്വദേശി ആലപ്പാട് സിജോ സ്കറിയയുടെ ബന്ധുക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
കാണാതായ സിജോ സ്കറിയയുമായി ബന്ധപ്പെട്ട് പരിശോധന വേണമെന്നാണ് ഇവരുടെ ആവശ്യം. ഇരിട്ടി തഹസീൽദാറുടെയും മെഡിക്കൽ ബോർഡ് പ്രതിനിധികളുടെയും സാന്നിധ്യത്തിലാകും ഇന്ന് കല്ലറ പരിശോധിക്കുകയെന്ന് കരിക്കോട്ടക്കരി പൊലീസ് സ്ഥിരീകരിച്ചു.
പരിശോധനാ വേളയിൽ പുറത്തുനിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തിയാൽ ഡിഎൻഎ പരിശോധനയുൾപ്പെടെയുള്ള ശാസ്ത്രീയ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഈ മാസം 13-ന് മറ്റൊരു സംസ്കാര ചടങ്ങിനായി കല്ലറ തുറന്നപ്പോഴാണ് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം എന്ന് തോന്നിപ്പിക്കുന്ന വസ്തു ശ്രദ്ധയിൽപ്പെട്ടത്. ക്രിസ്ത്യൻ ആചാരപ്രകാരം ഇത്തരത്തിൽ മൃതദേഹം അടക്കം ചെയ്യാറില്ല എന്നതിനാലാണ് സംഭവം വലിയ ദുരൂഹതകൾക്ക് വഴിവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

