ചിറയിൻകീഴ് ∙ നവീകരണത്തിന്റെ ഭാഗമായി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ ചെക്കാല വിളാകം ചന്ത പൊളിച്ചുമാറ്റിയിട്ടു വർഷങ്ങൾ അനവധി. കൊട്ടിഘോഷിച്ചു പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നിർമാണോദ്ഘാടനം നടന്ന് ഒരു വർഷം കൊണ്ടു പുതിയ മാർക്കറ്റ് മന്ദിരസമുച്ചയം നിർമിച്ചു ചന്തയുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം ജലരേഖയായി മാറിയതോടെ മത്സ്യവിപണനത്തിനായി എത്തുന്ന സ്ത്രീകളടക്കമുള്ള ചെറുകിട
കച്ചവടക്കാർ പാതയോരം ശരണം പ്രാപിച്ചിരിക്കുകയാണിപ്പോൾ.
അഞ്ചുതെങ്ങ്, ചിറയിൻകീഴ്, ആറ്റിങ്ങൽ മേഖലകളിലേക്കു വാഹനങ്ങൾ വഴിതിരിഞ്ഞുപോകുന്ന തിരക്കേറിയ കവലകൂടിയാണു ചെക്കാല വിളാകം. കടയ്ക്കാവൂർ മണനാക്ക് വഴി ആലംകോട് ജംക്ഷനിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് കൂടിയായതിനാൽ സദാസമയവും വാഹനത്തിരക്കേറിയ പാതയുമാണിത്.
നിലവിൽ രാവിലെയും വൈകുന്നേരങ്ങളിലും ഫുട്പാത്തുകളിലൂടെ കാൽനടയാത്രികർക്കു കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. പാതയിൽ കച്ചവടക്കാരും നാട്ടുകാരും വഴിവാണിഭത്തിൽ ഏർപ്പെടുന്നതുമൂലം ചെക്കാല വിളാകവും പരിസരപ്രദേശങ്ങവും അപകടങ്ങളുടെ കൂത്തരങ്ങായിട്ടുണ്ട്.
മീരാൻകടവുപാലവുമായി ബന്ധിപ്പിച്ചുള്ള പാതയോരങ്ങളിലാണു സ്ത്രീകളടക്കമുള്ള വഴിവാണിഭക്കാർ മഴയും വെയിലുമേറ്റു പാതയോരം കയ്യടക്കിയിട്ടുള്ളത്.
കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി രണ്ടേമുക്കാൽ കോടിരൂപയാണു ചന്തയുടെ നവീകരണ പദ്ധതിക്കായി അനുവദിച്ചത്. 30ൽപ്പരം കടമുറികളും മത്സ്യവിപണത്തിൽ പ്രത്യേക കേന്ദ്രവും ചെറുകിട
ദൈനംദിന കച്ചവടക്കാർക്കായുള്ള പ്രത്യേക സോണും അടങ്ങുന്നതാണു മന്ദിരസമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ലക്ഷക്കണക്കിനു രൂപയാണു ചന്തയിൽ നിന്നു വാടകയിനത്തിൽ ഗ്രാമപഞ്ചായത്തിനു ലഭ്യമായിരുന്നത്.
പഴയമന്ദിരം തിടുക്കത്തിൽ പൊളിച്ചു നീക്കിയതോടെ വർഷംതോറും വാടകയിനത്തിൽ ലഭ്യമായിരുന്ന ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ട നിലയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

