സംസ്ഥാനത്ത് വ്യാപകമായി നടന്നുവരുന്ന ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം നൗഗാൺ സ്വദേശിയായ സൈദുൽ ഇസ്ലാം (26) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അസമിൽ നിന്ന് വൈകുന്നേരത്തോടെ ട്രെയിൻ മാർഗമാണ് പ്രതി ആലുവയിൽ എത്തിയത്.
എന്നാൽ, റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് പരിശോധന ശക്തമാണെന്ന് മനസ്സിലാക്കിയ ഇയാൾ, ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 87 ഗ്രാം ഹെറോയിൻ അടങ്ങിയ ബാഗ് സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് അന്ന് രാത്രി തന്നെ മറ്റൊരു ട്രെയിനിൽ ഇയാൾ അസമിലേക്ക് രക്ഷപ്പെടുകയും ചെയ്തു.
തുടർന്ന് പൊലീസ് നടത്തിയ വ്യാപകമായ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തിയ പ്രതി കരിമുകൾ ഭാഗത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം ഇയാളെ വളഞ്ഞുപിടിക്കുകയായിരുന്നു.
അസമിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ചില്ലറ വിൽപന നടത്തിവരുന്നയാളാണ് പിടിയിലായ സൈദുൽ ഇസ്ലാം എന്ന് പൊലീസ് വ്യക്തമാക്കി. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ ആലുവ ഈസ്റ്റ് എസ്എച്ച്ഒ രഞ്ജിത് മാത്യു, എഎസ്ഐമാരായ കെ.എ.
നൗഷാദ്, സി.എ. നിയാസ്, സിപിഒമാരായ മാഹിൻഷാ അബൂബകർ, പി.എസ്.
സിറിൽ, മുഹമ്മദ് ഷാഹിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

