ലഹരിക്കെതിരെയുള്ള കര്‍ശന നടപടികളുടെ ഭാഗമായി കേരളത്തിലുടനീളം നടത്തിയ പരിശോധനയില്‍ 35 കേസുകളിലായി 37 പേരെ കൂടി പിടികൂടി. ഇതോടെ ‘ഓപ്പറേഷന് തൂഫാന്’-ന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 9213 ആയി വര്‍ധിച്ചു.
ഇതുവരെ സംസ്ഥാനത്ത് 9941 അറസ്റ്റുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പോലീസ് നടത്തിയ തുടർച്ചയായ റെയ്ഡുകളിൽ ഇതുവരെ 8242.087 ഗ്രാം എം.ഡി.എം.എ, 979.334 കി.ഗ്രാം കഞ്ചാവ്, 4727.909 ഗ്രാം ഹാഷിഷ് ഓയിൽ, 514.687 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ ചെറിയ അളവിലുള്ള ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് ഏഴ് കേസുകളും, എൻ.ഡി.പി.എസ് നിയമപ്രകാരം 28 കേസുകളും, കോട്പ (COTPA) നിയമപ്രകാരം 30 കേസുകളുമാണ് ഉൾപ്പെടുന്നത്. ഇവരിൽ നിന്ന് 0.023 കി.ഗ്രാം കഞ്ചാവ്, ആറ് ഗ്രാം ഹാഷിഷ് ഓയിൽ, ഒരു ഗ്രാം ഹെറോയിൻ എന്നിവയും കണ്ടെടുത്തു.
കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും ബോധവത്ക്കരണത്തിന്റെ ഭാഗമായും കേരള പോലീസ് ഇന്നലെ മാത്രം സംസ്ഥാനത്ത് 35 ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതുവരെ ആകെ 9097 ബോധവത്ക്കരണ ക്ലാസുകളും 570 കൗണ്സിലിങ്ങുകളുമാണ് നടത്തിയിട്ടുള്ളത്.
കൂടാതെ, സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6526 ബോധവത്ക്കരണ പരിപാടികളും പൂർത്തിയാക്കി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും 9497979794, 9497927797 എന്നീ നമ്പറുകളിലോ അല്ലെങ്കിൽ വാട്സ്ആപ്പ് വഴി 9995966666 എന്ന നമ്പറിലോ പോലീസിനെ അറിയിക്കാവുന്നതാണ്.
വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

