സംസ്ഥാനത്തെ ഓണവിപണിയിൽ സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് സപ്ലൈകോ. ഔദ്യോഗിക കണക്കുകൾ പ്രകാരം, ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള കാലയളവിൽ സ്ഥാപനത്തിന്റെ ആകെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു.
ഈ കണക്കുകൾ പ്രകാരം, സബ്സിഡി വിഭാഗത്തിലൂടെ 72 കോടി രൂപയും നോൺ-സബ്സിഡി വിഭാഗത്തിലൂടെ 135 കോടി രൂപയുമാണ് സപ്ലൈകോയ്ക്ക് ലഭിച്ചത്. കഴിഞ്ഞ 19 ദിവസത്തിനിടെ സംസ്ഥാനത്തുടനീളമുള്ള സപ്ലൈകോ വില്പനശാലകളും ഓണം ഫെയറുകളും സന്ദർശിച്ചത് ഏകദേശം 26 ലക്ഷത്തോളം ഉപഭോക്താക്കളാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓണത്തോടനുബന്ധിച്ച് പ്രത്യേകമായി ഒരുക്കിയ ഫെയറുകളിൽ നിന്ന് മാത്രം ഏകദേശം രണ്ട് കോടി രൂപയുടെ വിറ്റുവരവാണ് രേഖപ്പെടുത്തിയത്. നിലവിൽ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ പുരോഗമിക്കുന്ന മെഗാ ട്രേഡ് ഫെയറുകളിൽ ഏറ്റവും ഉയർന്ന വിറ്റുവരവ് രേഖപ്പെടുത്തിയിരിക്കുന്നത് കോഴിക്കോട് ബീച്ചിൽ നടക്കുന്ന മേളയിലാണ്.
ഇവിടെ നിന്ന് മാത്രം 32 ലക്ഷം രൂപയുടെ വ്യാപാരം നടന്നു. കൂടാതെ, ഓഗസ്റ്റ് 13-ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ആരംഭിച്ച മെഗാ ട്രേഡ് ഫെയറിലൂടെ ഇതുവരെ 30 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
അതേസമയം, എഎവൈ വിഭാഗത്തിന് സൗജന്യമായി അനുവദിച്ച ആറ് ലക്ഷം കിറ്റുകളിൽ 4,32,000 എണ്ണം ഇതിനോടകം തന്നെ വിതരണത്തിനായി റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നടപടികൾ പൂർത്തിയാക്കി ഓഗസ്റ്റ് 20 ഓടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ ലഭ്യമാകുമെന്ന് മാനേജിങ് ഡയറക്ടർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

