തിരുവനന്തപുരം ∙ എസ്എടി ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് അണുബാധയേറ്റു കരിക്കകം സ്വദേശി ജെ.ആർ.ശിവപ്രിയ (26) മരിച്ച സംഭവത്തിൽ ആശുപത്രിക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. സ്റ്റഫലോകോക്കസ് എന്ന ബാക്ടീരിയ ശിവപ്രിയയെ ബാധിച്ചിരുന്നു എന്നു നേരത്തേ കണ്ടെത്തിയെങ്കിലും ദേശീയ മാനദണ്ഡം അനുസരിച്ച് ആശുപത്രിയിൽ അണുബാധ നിയന്ത്രണം നടക്കാറുണ്ടെന്നാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്. അന്വേഷണ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥന് റിപ്പോർട്ട് സമർപ്പിച്ചു.
ആശുപത്രിയിൽ നിന്നു ശിവപ്രിയയ്ക്ക് അണുബാധ ഉണ്ടായില്ലെങ്കിൽ പിന്നെ എവിടെ നിന്നാണെന്നു വ്യക്തമാക്കണമെന്നു ഭർത്താവ് എം.മനുവും സഹോദരൻ ജെ.ആർ.ശിവപ്രസാദും ആവശ്യപ്പെട്ടു.
ആലപ്പുഴ മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സംഗീത മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സംഭവം അന്വേഷിച്ചത്. കഴിഞ്ഞ 22നു പ്രസവിച്ച ശിവപ്രിയയെ 24ന് എസ്എടിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു.
പനി മൂർഛിച്ചതിനെ തുടർന്ന് 26നു വീണ്ടും ഇവിടെ പ്രവേശിപ്പിച്ചു. ഈ മാസം 9 നു മരിച്ചു.
ശിവപ്രിയ കഴിഞ്ഞിരുന്ന വാർഡിലും ഐസിയുവിലും ലേബർ റൂമിലും അണുബാധ ഉണ്ടായിട്ടില്ലെന്ന ആശുപത്രിയുടെ വാദവും രേഖകളും സമിതിയുടെ റിപ്പോർട്ടിലുണ്ട്.
കൃത്യമായ ഇടവേളകളിൽ അണുബാധ നിയന്ത്രണം നടത്തുന്നതിന്റെ രേഖകളും കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റുകളും സമിതിക്കു കൈമാറിയിരുന്നു. എസ്എടിയിലെയും ശിവപ്രിയ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ മെഡിക്കൽ കോളജിലെയും കേസ് ഷീറ്റുകൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ശിവപ്രിയയ്ക്ക് ആശുപത്രിയിൽ നിന്ന് അണുബാധ ഉണ്ടായില്ലെന്ന നിഗമനത്തിൽ എത്തിയത്.
ഡോക്ടർമാരെ വെള്ളപൂശുന്ന റിപ്പോർട്ട് എന്ന് ഭർത്താവ്
എസ്എടി ആശുപത്രിയിലെ ഡോക്ടർമാരെ വെള്ള പൂശുന്ന അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്നു ശിവപ്രിയയുടെ ഭർത്താവ് എം.മനു. ഡോക്ടർമാരെ ന്യായീകരിക്കുന്ന വിധം റിപ്പോർട്ട് നൽകിയതിൽ അദ്ഭുതമില്ല. കുറ്റക്കാരായ സഹപ്രവർത്തകരെ സംരക്ഷിക്കാനാണ് അന്വേഷണ സമിതിയിലെ ഡോക്ടർമാർ ശ്രമിക്കുന്നത്.
ശിവപ്രിയയ്ക്ക് അണുബാധ ഉണ്ടായെന്ന് ആശുപത്രിയും അന്വേഷണ സമിതിയും സമ്മതിക്കുന്നുണ്ട്.
എങ്കിൽ എവിടെ നിന്നാണ് അണുബാധ ഉണ്ടായതെന്നു കണ്ടെത്തിയശേഷം റിപ്പോർട്ട് സമർപ്പിക്കുന്നതല്ലേ മര്യാദ. എസ്എടിയിൽ നിന്നു ഡിസ്ചാർജ് ചെയ്തശേഷം ശിവപ്രിയ 2 ദിവസവും തന്റെ വീട്ടിലാണു കഴിഞ്ഞത്. പനി കടുത്തപ്പോൾ മൂന്നാം ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ വീട്ടിൽ അണുബാധ സാഹചര്യം ഉണ്ടോ എന്നു പരിശോധിച്ചിട്ടില്ല.
ഡിസ്ചാർജ് ചെയ്യുന്ന ദിവസം ശിവപ്രിയയ്ക്കു പനി ഉണ്ടായിരുന്നു. അക്കാര്യം ഡോക്ടർമാരെ അറിയിച്ചപ്പോൾ 4 മണിക്കൂർ കഴിഞ്ഞാണ് ഒരു ഗുളിക നൽകിയത്.
ആശുപത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മനു പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

