തലമുറമാറ്റത്തിന്റെ പാതയിലാണ് തിരുവനന്തപുരം മൃഗശാല. പ്രായമേറിയ മൃഗങ്ങൾക്ക് പകരം പുതിയ തലമുറയെ ഒരുക്കിയും പുതിയ അതിഥികളെ എത്തിച്ചും ഓണക്കാലത്ത് സന്ദർശകരെ വരവേൽക്കുകയാണ് അധികൃതർ.
കൂടുകളിൽ പുതിയ താരങ്ങൾ എത്തുമ്പോൾ മൃഗശാലയിൽ പിറക്കുന്ന കുഞ്ഞുങ്ങളും സന്ദർശകർക്ക് കൗതുകമാകുന്നു. സിംഹക്കുട്ടികളായ സിംബയും സൂരിയും താരങ്ങളായതിനു പിന്നാലെയാണ് ഒൻപതു വർഷത്തെ ഇടവേളയ്ക്കുശേഷം മൂന്ന് സീബ്രകൾ കൂടി എത്തിയത്.
ഗുജറാത്തിലെ വൻതാരയിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യു ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്നാണ് മൂന്നു വയസ്സുള്ള രണ്ട് പെൺ സീബ്രകളെയും അഞ്ച് വയസ്സുള്ള ആൺ സീബ്രയെയും ഇന്നലെ രാവിലെ എത്തിച്ചത്. പ്രത്യേകം തയാറാക്കിയ ആംബുലൻസിൽ രണ്ടര ദിവസത്തെ റോഡ് യാത്രയ്ക്കൊടുവിലാണ് വൻതാരയിലെ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘത്തിന്റെ അകമ്പടിയോടെ ഇവ തിരുവനന്തപുരത്തെത്തിയത്.
കേരള അതിർത്തി മുതൽ പൊലീസ് പൈലറ്റ് വാഹനവും അനുഗമിച്ചു. സീബ്രകളെ കാണുന്നതിന് സന്ദർശകർക്കുള്ള കവാടം മന്ത്രി കെ.മുരളീധരൻ ആണ് തുറന്നു നൽകിയത്.
2002 ഏപ്രിൽ മാസം ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് എത്തിച്ച സീത എന്ന സീബ്ര 2017ൽ പ്രായാധിക്യം മൂലം ചത്തതോടെയാണ് തിരുവനന്തപുരത്ത് സീബ്രകളുടെ സാന്നിധ്യം അവസാനിച്ചത്. യാത്രയുടെ ചെറിയ ക്ഷീണമൊഴിച്ചാൽ സീബ്രകൾ പൂർണ ആരോഗ്യവാന്മാരാണെന്ന് മൃഗശാല സൂപ്രണ്ട് ടി.വി.അനിൽകുമാർ, ഡോക്ടർ നികേഷ് കിരൺ എന്നിവർ വ്യക്തമാക്കി.
സന്ദർശകർക്ക് തടസ്സമാകാത്തവിധം 21 ദിവസത്തെ തുറന്ന ക്വാറന്റീൻ ആണ് ഇവയ്ക്കായി ഒരുക്കിയിട്ടുള്ളത്. തിമോത്തി ഗ്രാസ് എന്ന ഹൈബ്രിഡ് പുല്ലും വൻതാരയിൽ നിന്ന് എത്തിച്ചിട്ടുണ്ട്.
ഇതിനു പകരമായി ഒരു ആൺ സിംഹവാലൻ കുരങ്ങിനെയും ഒരു രാജവെമ്പാലയെയും വൻതാരയ്ക്കു നൽകും. നിലവിൽ 3 രാജവെമ്പാലകളാണ് ഇവിടെയുള്ളത്.
ഏഴുമാസം പിന്നിട്ട സിംബയും സൂരിയും ഇതിനകം തന്നെ മൃഗശാലയിലെ പ്രധാന ആകർഷണമായി മാറി കഴിഞ്ഞു.
ഇവരെ കാണാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഹനുമാൻ കുരങ്ങിനും നീലഗിരി കുരങ്ങിനും കുഞ്ഞുങ്ങൾ ഉണ്ടായതും ഒട്ടേറെ പക്ഷിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയതും സന്ദർശകരിൽ കൗതുകം ഉണർത്തുന്നുണ്ട്.
റെപ്റ്റൈൽ ഹൗസിലെ അനാക്കോണ്ടയ്ക്കും കാണ്ടാമൃഗം, ഹിമാലയൻ കരടി, പന്നിക്കരടി, കരിങ്കുരങ്ങ്, ഹനുമാൻ കുരങ്ങ് എന്നിവയ്ക്കും വലിയ തോതിൽ ആരാധകരുണ്ട്. വെള്ളക്കടുവയായ ശ്രാവൺ ഉൾപ്പെടെ മൂന്ന് കടുവകളും നാല് സിംഹങ്ങളുമാണ് നിലവിൽ മൃഗശാലയിലുള്ളത്.
പന്നിക്കരടികളുടെ പേര് ബബ്ലുവും സീബ്ലുവും എന്നാണ്. ഫേമിലയും കോഹിമയുമാണ് ഹിമാലയൻ കരടികൾ.
ബിന്ദു, രാമു, അമ്മു, ലക്ഷ്മണൻ, കണ്ണൻ എന്നിവരാണ് സിംഹവാലൻ കുരങ്ങുകൾ. രഞ്ജിനി, സോന, രാജീവ് എന്നിവരാണ് കരിങ്കുരങ്ങുകൾ.
6 കരിങ്കുരങ്ങുകളിൽ 2 എണ്ണം കുഞ്ഞുങ്ങളാണ്. കാർത്തിക്, നാഗ, നീലു എന്നിവരാണ് രാജവെമ്പാലകൾ.
നിലവിൽ 92 വർഗങ്ങളിലായി 997 മൃഗങ്ങളാണ് മൃഗശാലയിലുള്ളത്. ഇതിൽ 28 വർഗങ്ങൾ സസ്തനികളാണെങ്കിലും, 12 ഇനം ഇതിനോടകം പ്രായാധിക്യത്തിലെത്തിയിട്ടുണ്ട്.
അതിനാൽ പുതിയ തലമുറയെ സൃഷ്ടിക്കുന്നതിനാണ് അധികൃതർ ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. 54 ഏക്കർ വിസ്തൃതിയുള്ള മൃഗശാലയിൽ 35 ഏക്കറിലാണ് മൃഗങ്ങളെ പരിപാലിക്കുന്നത്.
കർശനമായ ബയോസെക്യൂരിറ്റി, പ്രതിരോധ കുത്തിവയ്പ്, ദിവസേനയുള്ള ആരോഗ്യനിരീക്ഷണം എന്നിവയിലൂടെ മൃഗങ്ങളുടെ മരണനിരക്ക് ഗണ്യമായി കുറയ്ക്കാനായതായി അധികൃതർ അറിയിച്ചു. ഓരോ മൃഗത്തിന്റെയും ആരോഗ്യവിവരങ്ങൾ കീപ്പർമാരുടെ ഡയറിയിൽ കൃത്യമായി രേഖപ്പെടുത്തുകയും അസ്വാഭാവികത കണ്ടെത്തിയാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ നൽകുകയും ചെയ്യുന്നുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് മൃഗങ്ങളുടെ മരണനിരക്കിൽ ഏകദേശം 70 ശതമാനത്തോളം കുറവുണ്ടായി എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

