കുണ്ടറ ∙ ‘സിസ്റ്റം’ ഇനിയും നന്നായില്ല. അണുബാധയേൽക്കാൻ പാടില്ലാത്ത ഹൃദ്രോഗിക്കു മതിയായ പരിചരണം നൽകാതെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി.
‘ഇവിടെ ഇതേ പറ്റൂ’ എന്നു പറഞ്ഞു ജീവനക്കാർ കയ്യൊഴിഞ്ഞതായി ആക്ഷേപം. കുണ്ടറ കുഴിമതിക്കാട് സായിപ്പുമുക്കിനു സമീപം ലക്ഷ്മി സദനത്തിൽ രാമചന്ദ്രൻ പിള്ള (57)യ്ക്കാണു ദുരവസ്ഥ നേരിടേണ്ടി വന്നത്.
ജീവൻ വച്ചു പന്താടേണ്ടിവരുമെന്ന് ഉറപ്പായതോടെ ബന്ധുക്കൾ അദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
ഹൃദയാഘാതത്തെത്തുടർന്നു പന്മന സ്വദേശി വേണു മരിച്ചതു മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെയാണെന്ന ആരോപണം നിലനിൽക്കെയാണ് ഈ സംഭവം.
ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്നു കൊല്ലം ജില്ലാ ആശുപത്രിയിൽനിന്നാണു രാമചന്ദ്രൻ പിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തത്. 13നു രാവിലെ 7.30 ന് ആശുപത്രിയിൽ എത്തിയെങ്കിലും മണിക്കൂറുകൾക്കു ശേഷമാണു രക്തപരിശോധന പോലും നടത്തിയതെന്നു ബന്ധുക്കൾ പറയുന്നു.
അഡ്മിറ്റ് ആക്കിയ ശേഷം ഉച്ചയോടെ കിടക്ക നൽകിയെങ്കിലും വൈകിട്ട് അതേ കിടക്കയിൽ മറ്റൊരു രോഗിയെക്കൂടി കിടത്തി. ഒരു വർഷം മുൻപു വൃക്കയിൽ അണുബാധയേറ്റതിനെത്തുടർന്നു ചികിത്സയിലായിരുന്ന രാമചന്ദ്രൻ പിള്ളയ്ക്കു കൂടുതൽ പരിചരണം ആവശ്യമാണെന്നും ഒറ്റയ്ക്കു കിടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
എന്നാൽ കൂടുതൽ സൗകര്യം വേണമെങ്കിൽ മറ്റെവിടെയെങ്കിലും പോകണമെന്നും ഇവിടെ ഇതേ പറ്റൂ എന്നുമാണു ജീവനക്കാർ പറഞ്ഞതെന്നു ബന്ധുക്കൾ ആരോപിച്ചു.
തുടർന്നാണ് ഇന്നലെ ഡിസ്ചാർജ് വാങ്ങി രാമചന്ദ്രൻ പിള്ളയെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാൽ അടിയന്തരമായി ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സച്ചെലവ് താങ്ങാൻ കഴിയാത്തതിനാലാണ് ആദ്യം സർക്കാർ ആശുപത്രിയെ ആശ്രയിച്ചതെന്നും എന്നാൽ ജീവനക്കാരുടെ പ്രതികരണം ഏറെ വേദനിപ്പിച്ചെന്നും രാമചന്ദ്രൻ പിള്ളയുടെ ബന്ധുക്കൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

