ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച അടിപ്പാതകളുടെ ഉയരക്കുറവ് വലിയ ഗതാഗത പ്രതിസന്ധികൾക്ക് കാരണമാകുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. മുരിങ്ങൂർ ഡിവൈൻ നഗർ അടിപ്പാതയിലൂടെ സഞ്ചരിക്കവേ വഴിതെറ്റി എത്തിയ കെഎസ്ആർടിസി ബസ് മുകൾഭാഗത്ത് തട്ടി കുടുങ്ങിയ സംഭവമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്.
അടിപ്പാതയുടെ അശാസ്ത്രീയമായ നിർമാണം മൂലം ബസിന് മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തു. ഇത് ദേശീയപാത അതോറിറ്റിയുടെ നിർമാണത്തിലെ പാളിച്ചകളിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് പ്രദേശവാസികളും ജനപ്രതിനിധികളും ആവർത്തിച്ച് വ്യക്തമാക്കുന്നു.
കൊരട്ടിയിൽ നിർമിച്ചുവരുന്ന മേൽപാലമുൾപ്പെടെയുള്ള നിർമിതികൾക്ക് മതിയായ ഉയരം വേണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും അധികൃതർ മൗനം തുടരുകയാണ്. സമൂഹമാധ്യമങ്ങളിൽ ഈ സംഭവത്തെ പരിഹസിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളാണ് ഉയരുന്നത്.
‘ഡിവൈൻ നഗർ അടിപ്പാതയിൽ കെഎസ്ആർടിസി ബസ് കുടുങ്ങിയ വാർത്ത വായിച്ചപ്പോൾ നാടിന്റെ വികസനത്തെക്കുറിച്ചും എൻജിനീയർമാരുടെ ദീർഘവീക്ഷണത്തെക്കുറിച്ചും ആലോചിച്ച് അഭിമാനംകൊണ്ടു നെഞ്ചു വിടർന്നുപോയി! നമ്മുടെ എൻജിനീയർമാരുടെയും ഉദ്യോഗസ്ഥരുടെയും ആ ഒരു ‘വിഷൻ’ നമ്മൾ സമ്മതിച്ചു കൊടുത്തേ തീരൂ’.
ഇത്തരം പരിഹാസരൂപേണയുള്ള കുറിപ്പുകൾ നിർമാണത്തിലെ പോരായ്മകളെ സമൂഹത്തിന്റെ മുന്നിലെത്തിക്കുന്നുണ്ട്. അടിപ്പാതയുടെ ഉയരം കൂട്ടുന്നതിനായി റോഡ് താഴ്ത്തി നിർമിക്കുമോ അതോ വാഹനങ്ങളുടെ ഉയരം നിയന്ത്രിക്കാൻ പുതിയ നിബന്ധനകൾ കൊണ്ടുവരുമോ എന്ന ആകാംക്ഷയിലാണ് നാട്ടുകാർ.
എൻജിനീയറിങ് വീഴ്ചകൾക്ക് പരിഹാരം കാണാൻ അധികൃതർ ഇനിയെങ്കിലും തയ്യാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

