സബ്സിഡി നിരക്കിൽ പാചക വാതക സിലിണ്ടർ (എൽപിജി) വാങ്ങുന്നവർക്കായി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. രാജ്യത്ത് ഒക്ടോബർ ഒന്നു മുതൽ സബ്സിഡി സിലിണ്ടർ ബുക്ക് ചെയ്യണമെങ്കിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന നിർബന്ധമായും പൂർത്തിയാക്കിയിരിക്കണമെന്ന് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയം അറിയിച്ചു.
സർക്കാർ സഹായങ്ങൾ അർഹരായ ഉപഭോക്താക്കളിൽ മാത്രം കൃത്യമായി എത്തിച്ചേരുന്നു എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സബ്സിഡി വിതരണ ശൃംഖല കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും, ഇതിലൂടെ അർഹതയില്ലാത്തവരെ ഒഴിവാക്കാൻ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
സെപ്റ്റംബർ 19 വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് ആകെ 27.43 കോടി ഉപഭോക്താക്കളാണ് സബ്സിഡി നിരക്കിൽ എൽപിജി സിലിണ്ടറുകൾ കൈപ്പറ്റുന്നത്. ഇതിൽ 89.9% പേരും ഇതിനോടകം തന്നെ ആധാർ പരിശോധന നടപടികൾ പൂർത്തികരിച്ചിട്ടുണ്ട്.
അവശേഷിക്കുന്ന ഉപഭോക്താക്കൾ എത്രയും പെട്ടെന്ന് തന്നെ പരിശോധന പൂർത്തിയാക്കേണ്ടതാണ്. ഈ പരിശോധന വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമായിരിക്കും തുടർന്നും സബ്സിഡി നിരക്കിൽ സിലിണ്ടറുകൾ ലഭിക്കുക.
അതേസമയം, ഇതിനോടകം തന്നെ ബയോമെട്രിക് പരിശോധന പൂർത്തിയാക്കിയവർക്ക് പതിവുപോലെ സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ബയോമെട്രിക് പരിശോധന പൂർത്തിയാക്കാനുള്ള മാർഗ്ഗങ്ങൾ: ഉപഭോക്താക്കൾക്ക് മൂന്ന് വ്യത്യസ്ത രീതികളിൽ ഈ ആധാർ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂർത്തിയാക്കാൻ സാധിക്കുമെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.
∙ പാചകവാതക സിലിണ്ടർ ഡെലിവറി ചെയ്യുന്ന സമയത്ത് ബന്ധപ്പെട്ട എണ്ണ കമ്പനിയുടെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴി ഡെലിവറി ഏജന്റിന് പരിശോധന നടത്താവുന്നതാണ്.
∙ ഉപഭോക്താക്കൾക്ക് സിലിണ്ടർ വിതരണക്കാരുടെ ഓഫീസുകളിൽ നേരിട്ടെത്തിയും ഈ പ്രക്രിയ പൂർത്തിയാക്കാം. ∙ എണ്ണക്കമ്പനികളുടെ ഔദ്യോഗിക മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് ഉപഭോക്താവിന് സ്വന്തം വീട്ടിലിരുന്നും ഇത് ചെയ്യാവുന്നതാണ്.
ഇൻഡേൻ ഉപഭോക്താക്കൾക്കായി ഇന്ത്യൻഓയിൽ വൺ ആപ്പും, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ഹലോ ബിപിസിഎൽ ആപ്പും, ഹിന്ദുസ്ഥാൻ പെട്രോളിയം ഉപഭോക്താക്കൾക്കായി എച്ച്പി പേ ആപ്പും പരിശോധനയ്ക്കായി ഉപയോഗിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട
വിശദമായ വീഡിയോ ട്യൂട്ടോറിയൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബയോമെട്രിക് പരിശോധന ഇതുവരെ പൂർത്തിയാക്കാത്തവർക്കും സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം തുടർന്നും ഉണ്ടായിരിക്കുന്നതാണ്.
എന്നാൽ ഈ വിഭാഗത്തിൽ പെടുന്നവർക്ക് സബ്സിഡി തുക ലഭിക്കുന്നതല്ല എന്ന് മാത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

