തിരുവനന്തപുരം∙ കാര്യമായ പ്രതീക്ഷയില്ലാതെ മത്സരിച്ച ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിനെ വിറപ്പിച്ചശേഷമാണു യുഡിഎഫിന്റെ കീഴടങ്ങൽ. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ 14–14 എന്ന തുല്യനിലയിൽ നിന്നശേഷമാണു 2 സീറ്റിന്റെ (15–13) വ്യത്യാസത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തിയത്.പള്ളിച്ചൽ ഡിവിഷനിൽ കോൺഗ്രസിന്റെ പ്രിയ ചന്ദ്രൻ സിപിഐയുടെ ബി.ശോഭനയോടു 319 വോട്ടിനു തോറ്റില്ലായിരുന്നെങ്കിൽ ജില്ലാ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ തീരുമാനിക്കേണ്ടി വരുമായിരുന്നു.
അതേസമയം, പ്രസിഡന്റ് സ്ഥാനത്തേക്കു സാധ്യത കൽപിക്കപ്പെട്ട സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിയംഗം എസ്.കെ.പ്രീജ ബാലരാമപുരം ഡിവിഷനിൽ പരാജയപ്പെട്ടു.
ജില്ലാ പഞ്ചായത്ത് രൂപീകരിച്ചശേഷം എല്ലാ തിരഞ്ഞെടുപ്പിലും മത്സരിച്ചു ജയിച്ച കെപിസിസി ജനറൽ സെക്രട്ടറി അൻസജിത റസലിന്റെ പരാജയം കോൺഗ്രസിനും അപ്രതീക്ഷിതമായി.26 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 21–5 എന്നതായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പു നടക്കുമ്പോൾ എൽഡിഎഫ്, യുഡിഎഫ് കക്ഷി നില.
പുതിയതായി 2 ഡിവിഷനുകൾ വന്നതോടെ ഇത്തവണ 28 ഡിവിഷനുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. കയ്യിലുണ്ടായിരുന്ന കിളിമാനൂർ, കാഞ്ഞിരംകുളം, ബാലരാമപുരം എന്നിവ നിലനിർത്തിയ യുഡിഎഫിനു വെള്ളറട, പാലോട് എന്നിവ നഷ്ടമായി.എന്നാൽ കല്ലറ, ആര്യനാട്, പൂവച്ചൽ, മരിയാപുരം, വെങ്ങാനൂർ, കണിയാപുരം, മുരുക്കുംപുഴ, കിഴുവിലം, മണമ്പൂർ എന്നിവ പിടിച്ചെടുത്തു.
പുതിയതായി രൂപീകരിച്ച ഒറ്റശേഖരമംഗലവും വിജയിച്ചു.
മുസ്ലിം ലീഗ് മത്സരിച്ച ഏക സീറ്റായ കണിയാപുരത്തു വിജയിച്ചപ്പോൾ, ആർഎസ്പി മത്സരിച്ച നാവായിക്കുളം തോറ്റു.എൽഡിഎഫ് വെള്ളറയും പാലോടും പിടിച്ചെടുത്തപ്പപ്പോൾ ഇലകമൺ, നാവായിക്കുളം, വെഞ്ഞാറമൂട്, ആനാട്, വെള്ളനാട്, കുന്നത്തുകാൽ, പാറശ്ശാല, പള്ളിച്ചൽ, മലയിൻകീഴ്, കരകുളം, പോത്തൻകോട്, ചിറയിൻകീഴ് എന്നിവ നിലനിർത്തി. പുതിയതായി രൂപീകരിച്ച കല്ലമ്പലം ഡിവിഷനും നേടി.
21 സീറ്റിൽ മത്സരിച്ച സിപിഎം 13ൽ ജയിച്ചപ്പോൾ നാലിൽ മത്സരിച്ച സിപിഐയ്ക്കു രണ്ടിലേ ജയിക്കാനായുള്ളൂ. 2 സിറ്റിങ് സീറ്റുകൾ സിപിഐയ്ക്കു നഷ്ടമായി. എൽഡിഎഫിൽ ഓരോ സീറ്റിൽ വീതം മത്സരിച്ച കേരളാ കോൺഗ്രസ് (എം), ജെഡിഎസ്, ആർജെഡി എന്നിവയ്ക്കു ജയിക്കാനായില്ല.
കഴിഞ്ഞതവണ ജെഡിഎസിന് ഒരു സീറ്റുണ്ടായിരുന്നു.
കാഞ്ഞിരംകുളത്ത് ജെഡിഎസിന്റെ ഡി.ആർ.സെലിനെ 15265 വോട്ടിനു തോൽപിച്ച ഫ്രീഡ സൈമണാണു ജില്ലാ പഞ്ചായത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം.യുവാക്കൾക്കു കൂടുതൽ പ്രാതിനിധ്യം നൽകിയതാണു കോൺഗ്രസിന്റെ മുന്നേറ്റത്തിനു തുണയായത്.കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ (പൂവച്ചൽ), യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് (കല്ലറ), മുൻ കെഎസ്യു നേതാവ് നബീൽ കല്ലമ്പലം (മണമ്പൂർ) എന്നിവർ മിന്നുന്ന ജയത്തോടെ എൽഡിഎഫ് സീറ്റുകൾ പിടിച്ചെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

