ചാലക്കുടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണുന്നതിന്റെ ഭാഗമായി പുതിയ ട്രാഫിക് പരിഷ്കാരം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നെങ്കിലും, നഗരത്തിൽ ഗതാഗതക്കുരുക്കിനു പൂർണമായ അയവുണ്ടായില്ല. നോർത്ത് ജംക്ഷനിലും ആനമല ജംക്ഷനിലും ഇന്നലെയും ഗതാഗതക്കുരുക്ക് ജനങ്ങളെ ഏറെ വലച്ചു.
പുതിയ സംവിധാനത്തിന്റെ ഭാഗമായി ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിച്ചെങ്കിലും, പല ബസുകളും പഴയ സ്ഥലത്തു തന്നെ നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. വൺവേ ഏർപ്പെടുത്തിയ മാർക്കറ്റ് റോഡിൽ നോ എൻട്രി ബോർഡുകൾ അവഗണിച്ച് വാഹനങ്ങൾ ഇരുഭാഗത്തേക്കും ചീറിപ്പാഞ്ഞു.
ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിച്ച ഭാഗങ്ങളിൽ ബസുകൾ നിർത്തേണ്ട സ്ഥലം റോഡിൽ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ആവശ്യമായ സ്റ്റോപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പാർക്കിങ് നിരോധിച്ച റോഡുകളിൽ അനധികൃത പാർക്കിങ് ഇന്നലെയും നിർബാധം തുടർന്നു.
റോഡരികിൽ പാർക്കിങ് അനുവദിക്കുന്നില്ലെങ്കിൽ പകരം സംവിധാനം എന്താണെന്ന ജനങ്ങളുടെ ചോദ്യത്തിന് ഇതുവരെയും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. ബദൽ പാർക്കിങ് സൗകര്യങ്ങളെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യമായ പിന്തുണയുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്. നഗരസഭയും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും ചേർന്നെടുത്ത തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാകണമെങ്കിൽ വിവിധ വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കേണ്ടതുണ്ട്.
ദേശീയപാതയിലെ സർവീസ് റോഡുകളിലും മാർക്കറ്റ് റോഡിലും വൺവേ സംവിധാനം കർശനമായി നടപ്പിലാകണമെങ്കിൽ പൊലീസിന്റെ ശക്തമായ ഇടപെടൽ അത്യാവശ്യമാണ്. ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നടപടികളും ഇതുവരെ ആരംഭിച്ചിട്ടില്ല.
മാർക്കറ്റ് റോഡ് വൺവേ
മാർക്കറ്റ് റോഡിൽ വാഹനങ്ങൾക്ക് തെക്കോട്ടു മാത്രമാണു ഗതാഗതം അനുവദിക്കുക. ഗതാഗത പരിഷ്കാരത്തിലെ പ്രധാന നിർദേശങ്ങൾ:
1.
മാള ഭാഗത്തു നിന്നു വരുന്ന ബസുകൾ നഗരസഭാ ഓഫിസ് വഴി സൗത്ത് ജംക്ഷൻ, നോർത്ത് ജംക്ഷൻ, ആനമല ജംക്ഷൻ വഴി പോകണം. 2.
എറണാകുളം ഭാഗത്തു നിന്നു വരുന്ന ദീർഘദൂര സ്വകാര്യ ബസുകൾ സർവീസ് റോഡിലൂടെ വന്നു സൗത്ത് ജംക്ഷനിലെ മേൽപാലത്തിനു താഴെ സുരാഗിനു മുൻപിൽ നിർത്തണം. 3.
തൃശൂർ ഭാഗത്തു നിന്നു സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് നഗരസഭാ ജംക്ഷനു സമീപത്തെ അടിപ്പാതയിൽ വലത്തോട്ടു പ്രവേശനമില്ല. 4.
നഗരസഭാ ജംക്ഷനിൽ നിന്നു സർവീസ് റോഡിൽ തൃശൂർ ഭാഗത്തേക്ക് പ്രവേശനമില്ല. 5.
പിഡബ്ല്യുഡി റെസ്റ്റ് ഹൗസിനു മുൻപിൽ നിന്നു ദേശീയപാത സർവീസ് റോഡിലേക്കു പ്രവേശനമില്ല. ബസ് സ്റ്റോപ്പ് മാറ്റം സംബന്ധിച്ച വിവരങ്ങൾ:
1.
അതിരപ്പിള്ളി ഭാഗത്തു നിന്നു വരുന്ന ബസുകൾ ആനമല ജംക്ഷനിലെ പെട്രോൾ പമ്പിനു മുൻപ് ഇതേ റോഡിൽ നിർത്തണം. 2.
തൃശൂർ ഭാഗത്തു നിന്നു വരുന്നവ സിസിഎംകെ ജംക്ഷനിൽ ഏബൽ റെഡിമെയ്ഡ് ഷോപ്പിനു മുൻപിലും ആനമല ജംക്ഷനിൽ പൊളിച്ച പെട്രോൾ പമ്പിനു സമീപവും നിർത്തണം. 3.
കോ-ഓപ്ടെക്സ് ബസ് സ്റ്റോപ്പ് പെട്രോൾ പമ്പിനു തൊട്ടു മുൻപിലേക്കു മാറ്റും. 4.
സൗത്ത് ജംക്ഷനിൽ ചിക്കൂസിനു മുൻപിലെ സ്റ്റോപ്പ് ആദിത്യ ഹോട്ടലിനു മുൻപിലേക്കു മാറ്റും. 5.
റെയിൽവേ സ്റ്റേഷനു സമീപം ആലിൻചുവട് ബസ് സ്റ്റോപ്പ് ഇരു ഭാഗത്തേക്കും സഹകരണ ബാങ്കിനു സമീപത്തെ ബസ് ഷെൽട്ടറിനു മുൻപിൽ. പാർക്കിങ് നിരോധനമുള്ള പ്രധാന സ്ഥലങ്ങൾ:
1.
റെയിൽവേ സ്റ്റേഷനു സമീപം ആലിൻചുവട് ബസ് സ്റ്റോപ്പ് മുതൽ റെയിൽവേ മേൽപാലം വരെ 2. കെഎസ്ആർടിസി റോഡ് 3.
കാർസ് ഇന്ത്യ ജംക്ഷനിൽ ടെസ്ലയ്ക്കു സമീപം 4. ആനമല മോഡി ജംക്ഷൻ 5.
വിവിധ ബസ് സ്റ്റോപ്പുകൾക്കു സമീപം 6. ദേശീയപാത സർവീസ് റോഡിൽ ഭാരവാഹനങ്ങൾക്ക് 7.
മാർക്കറ്റ് റോഡ് – വെട്ടുകടവ് റോഡിലെ പ്രവേശന ഭാഗത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

