ആലപ്പുഴ∙ ജില്ലയിലെ 2 മന്ത്രിമാരിൽ ഒരാളുടെ വാർഡ് അദ്ദേഹത്തിന്റെ പാർട്ടിക്കൊപ്പം നിന്നു. മറ്റേ വാർഡ് പ്രതിപക്ഷത്തായി.
മന്ത്രി സജി ചെറിയാൻ വോട്ടു ചെയ്ത മുളക്കുഴ പഞ്ചായത്ത് 11ാം വാർഡിലാണു സിപിഎം വിജയിച്ചത്. മന്ത്രി പി.പ്രസാദ് വോട്ടു ചെയ്ത പാലമേൽ പഞ്ചായത്ത് നാലാം വാർഡിൽ വിജയിച്ചതു യുഡിഎഫ്.
എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വോട്ട് ചെയ്ത ആലപ്പുഴ നഗരസഭ കൈതവന വാർഡിൽ സിപിഎം സ്ഥാനാർഥി വിജയം കണ്ടു. നഗരസഭ മുൻ അധ്യക്ഷ സൗമ്യരാജാണ് ഇവിടെ വിജയിച്ചത്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും വോട്ടു ചെയ്ത മാരാരിക്കുളം വടക്ക് പഞ്ചായത്ത് 5ാം വാർഡിൽ യുഡിഎഫിനാണു വിജയം.
അവിടെ എൻ.ഷെലജ തുടർച്ചയായി അഞ്ചാം തവണയാണു വിജയം കണ്ടത്. ബിഡിജെഎസ് ഉൾപ്പെടുന്ന എൻഡിഎയുടെ സ്ഥാനാർഥി 93 വോട്ട് മാത്രം നേടി മൂന്നാമതായി.
എസ്എൻഡിപി നിർദേശിച്ച സ്ഥാനാർഥിയെയാണ് എൽഡിഎഫ് മത്സരിപ്പിച്ചത്.
എൻസിപി (എസ്) സംസ്ഥാന പ്രസിഡന്റ് തോമസ് കെ.തോമസ് എംഎൽഎ വോട്ടു ചെയ്ത കൈനകരി പഞ്ചായത്ത് 7–ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. എംഎൽഎയുടെ പഴ്സനൽ സ്റ്റാഫ് അംഗം റോചാ സി.മാത്യുവാണ് എൽഡിഎഫിനായി മത്സരിച്ചത്.
യുഡിഎഫ് വിജയിച്ച വാർഡിൽ എൽഡിഎഫ് വിമതൻ രണ്ടാമതെത്തി.
കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎയുടെ ഹരിപ്പാട് നഗരസഭ ഡാണാപ്പടി വാർഡിൽ യുഡിഎഫ് വിജയിച്ചു. എം.എസ്.അരുൺ കുമാർ എംഎൽഎയുടെ വാർഡായ തഴക്കര പഞ്ചായത്ത് ഏഴാം വാർഡിൽ കോൺഗ്രസിലെ അമ്പിളി തുരുത്തിലേത്ത് വിജയിച്ചു.
ഇവിടെ സിപിഎം സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ആസ്ഥാനത്ത് അടിപതറി
പ്രമുഖ പാർട്ടികളുടെ ജില്ലാ ആസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്ന വാർഡിൽ അതത് പാർട്ടികൾക്ക് അടിപതറി. ആലപ്പുഴ നഗരത്തിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ഉൾപ്പെടുന്ന തിരുവമ്പാടി വാർഡിൽ യുഡിഎഫിനും ഡിസിസി ഓഫിസും സിപിഐ ജില്ലാ കമ്മിറ്റി ഓഫിസും ഉൾപ്പെടുന്ന മുല്ലയ്ക്കൽ വാർഡിൽ എൽഡിഎഫിനുമാണു വിജയം.
മുല്ലയ്ക്കലിൽ എൻസിപിയുടെ (എസ്) എം.ജി.സതീദേവിയും തിരുവമ്പാടിയിൽ കോൺഗ്രസിന്റെ സി.ജ്യോതിമോളുമാണു വിജയിച്ചത്.
ബിജെപി ജില്ലാ ഓഫിസ് സ്ഥിതി ചെയ്യുന്ന വഴിച്ചേരി വാർഡിൽ എൽഡിഎഫിനായി മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ബിന്ദു തോമസും വിജയിച്ചു. പുന്നപ്ര– വയലാർ സമരഭൂമി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കാണു വിജയം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

