കർണാടക രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ പ്രസ്താവന.
നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എം.എൽ.എമാർ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. കോൺഗ്രസ് എം.എൽ.എമാരെ വിലയ്ക്കുവാങ്ങാനല്ല തങ്ങൾ ശ്രമിക്കുന്നതെന്നും, എന്നാൽ സംസ്ഥാനത്തെ ജനവികാരം ബി.ജെ.പിക്ക് അനുകൂലമായി മാറിയതുകൊണ്ട് നിരവധി കോൺഗ്രസ് നേതാക്കൾ പാർട്ടി മാറാൻ സന്നദ്ധരായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പോലും ഈ എം.എൽ.എമാർ ഇങ്ങോട്ട് വരുമെന്നും അത്തരത്തിലുള്ള രാഷ്ട്രീയ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ബി.ജെ.പി അധ്യക്ഷന്റെ ഈ അവകാശവാദത്തെ കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ.
ശിവകുമാർ തികഞ്ഞ പരിഹാസത്തോടെയാണ് തള്ളിക്കളഞ്ഞത്. എം.എൽ.എമാർ അങ്ങോട്ട് വരുമെന്ന് പറയുന്നവർ ഒട്ടും സമയം കളയാതെ അവരെ ഉടൻ തന്നെ പാർട്ടിയിലേക്ക് കൊണ്ടുപോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യസഭ തിരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി-ജെ.ഡി.എസ് മുന്നണിയിലെ എം.എൽ.എമാരാണ് കോൺഗ്രസിനായി ക്രോസ് വോട്ട് ചെയ്തതെന്നും ഡി.കെ. ശിവകുമാർ ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

