തിരുവനന്തപുരം ∙ മൺ ചെരാതുകളും വൈദ്യുത വിളക്കുകളും തീർക്കുന്ന ദീപപ്രഭയിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം തിളങ്ങാൻ ഇനി ഏതാനും നാളുകൾ മാത്രം ബാക്കി. 14ന് ആണ് ലക്ഷദീപം.
56 ദിവസം നീളുന്ന മുറ ജപത്തിന് സമാപനം കുറിച്ച് ലക്ഷം ദീപങ്ങൾ തെളിയിക്കുന്നത് മകര സംക്രാന്തി ദിവസമായ അന്നാണ്. ശ്രീപത്മനാഭ സ്വാമിയെയും നരസിംഹ മൂർത്തിയേയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും പുഷ്പാലംകൃതമായ ഗരുഡ വാഹനത്തിൽ എഴുന്നള്ളിക്കും.
6 വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന ലക്ഷദീപം ദർശിക്കാനുള്ള കാത്തിരിപ്പിലാണ് ഭക്തർ. ഇന്നലെ ചേർന്ന ക്ഷേത്ര ഭരണ സമിതി യോഗം ഒരുക്കങ്ങൾ വിലയിരുത്തി.
47–ാമത് മുറജപ ചടങ്ങുകൾ നവംബർ 20 നാണ് ആരംഭിച്ചത്.
8 ദിവസം വീതമുള്ള 7 മുറകളാണ് ഒരു മുറജപ കാലയളവിലുള്ളത്. ഇതിന്റെ അവസാനമായാണു ലക്ഷദീപം തെളിയിക്കുന്നത്.
വൈകിട്ട് 4 മുതൽ മൺ ചെരാതുകൾ ഒരുക്കിത്തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഇതിനു പുറമേ വൈദ്യുത വിളക്കുകളും ഉണ്ടാകും.
വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് മകര ശീവേലി. ക്ഷേത്ര സ്ഥാനി മൂലം തിരുനാൾ രാമവർമ ശീവേലിക്ക് അകമ്പടി സേവിക്കും.
രാജ കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും അനുഗമിക്കും. 3 പ്രദക്ഷിണമാണ് നടത്തുക.
ഒരു വർഷം പത്തു തവണയാണ് വിഗ്രഹങ്ങളെ ഗരുഡ വാഹനത്തിൽ എഴുന്നള്ളിക്കുന്നത്. ഇതിലൊന്ന് മകര ശീവേലി ദിവസമാണ്.
ലക്ഷദീപവും ശീവേലിയും ദർശിക്കാൻ ഭക്തർക്ക് പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ബാർ കോഡ് പതിപ്പിച്ചിട്ടുള്ള പാസ് കൈവശമുള്ളവരെ വൈകിട്ട് 5 മുതൽ ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിപ്പിച്ചു തുടങ്ങും. 13ന് ലക്ഷദീപത്തിന്റെ ട്രയൽ റൺ നടത്തും.
15,16 തീയതികളിലും ലക്ഷദീപങ്ങൾ തെളിക്കും.14ന് വൈകിട്ട് മുതൽ പാസ് ഉള്ള വാഹനങ്ങൾ മാത്രമേ കോട്ടയ്ക്കുള്ളിലേക്ക് കടത്തിവിടൂ. പുത്തരിക്കണ്ടം മൈതാനം, ഫോർട്ട് ഹൈസ്കൂൾ, വാഴപ്പള്ളി ഗ്രൗണ്ട് തുടങ്ങിയ സ്ഥലങ്ങളിലാണു പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

