‘ഇംഗ്ലുകാരൻ ഒരു സ്പോഞ്ചുപോലെയാണു പ്രവർത്തിച്ചത്. ഗംഗയുടെ തീരത്തുനിന്ന് സമ്പത്തു മുഴുവൻ വലിച്ചെടുത്ത്, തെംസിന്റെ തീരത്തു പിഴിഞ്ഞു’.
ഇതു പറഞ്ഞത് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായ ജോൺ സള്ളിവൻ ആയിരുന്നു. ഒരുകാലത്ത് ലോക സമ്പദ്വ്യവസ്ഥയുടെ കാൽഭാഗത്തോളം ഇന്ത്യയുടെ സംഭാവനയായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും 23% ആയിരുന്നു ഇന്ത്യയുടെ പങ്കെന്ന് സാമ്പത്തിക ചരിത്രകാരൻമാർ കണക്കുകൂട്ടുന്നു. യൂറോപ്പിന് ഒപ്പം വരുമായിരുന്നു ഇത്.
എന്നാൽ, ബ്രിട്ടിഷുകാർ ഇന്ത്യ വിടുമ്പോഴേക്കും അതു വെറും മൂന്നേ മൂന്നു ശതമാനമായി കുറഞ്ഞിരുന്നു. ഇവിടെനിന്നു വിഭവങ്ങൾ കൊള്ളയടിച്ചാണ് ബ്രിട്ടനിൽ വ്യാവസായിക വിപ്ലവം സാധ്യമാക്കിയത്.
ഇന്ത്യൻ ഉൽപാദകർക്കുമേൽ 70-80 ശതമാനം തീരുവ ചുമത്തിയതോടെ പിടിച്ചുനിൽക്കുക അവർക്ക് അസാധ്യമായി. ബ്രിട്ടൻ ലോകമെങ്ങും നടത്തിയ യുദ്ധങ്ങൾക്കു ചെലവിട്ട
ധനത്തിന്റെ വലിയ സ്രോതസ്സുകളിലൊന്നും ഇന്ത്യയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരം കേവലം രാഷ്ട്രീയമായ അധികാര കൈമാറ്റ പോരാട്ടം മാത്രമായിരുന്നില്ല, മറിച്ച് ബ്രിട്ടിഷ് സാമ്പത്തിക ചൂഷണങ്ങൾക്കെതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പു കൂടിയായിരുന്നു.
വിദേശ ഉൽപ്പന്നങ്ങൾ പൂർണമായി ബഹിഷ്കരിച്ച് തദ്ദേശീയമായി നിർമിച്ച വസ്തുക്കൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത സ്വദേശി പ്രസ്ഥാനം ഈ പോരാട്ടത്തിലെ ഏറ്റവും മൂർച്ചയേറിയ ആയുധങ്ങളിലൊന്നായി മാറി. ഇത് ഇന്ത്യൻ ജനതയിൽ പുതിയൊരു ദേശീയബോധവും ഉണർവും പകരുകയും, രാജ്യത്ത് പുതിയൊരു സംരംഭകത്വ സംസ്കാരത്തിനു തുടക്കമിടുകയും ചെയ്തു.
ഈ ദേശസ്നേഹ തരംഗത്തിൽനിന്ന് രൂപംകൊണ്ട്, പിന്നീട് നമ്മൾ ദിനംപ്രതി ഉപയോഗിക്കുന്ന ഐതിഹാസിക ബ്രാൻഡുകളായി മാറിയ ചില പ്രസ്ഥാനങ്ങൾ കേവലം വ്യാപാര സ്ഥാപനങ്ങൾ മാത്രമായിരുന്നില്ല; മറിച്ച് ഭാരതീയരുടെ ആത്മാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പ്രതീകങ്ങളായിരുന്നു. ബ്രിട്ടിഷ് രാജിനുള്ള ശക്തമായ മറുപടിയും ഇന്ത്യക്കാർക്കും ഇതൊക്കെ സാധ്യമാണ് എന്നതിന്റെ ഉറച്ച പ്രഖ്യാപനവുമായിരുന്നു ഓരോ തദ്ദേശീയ ഉൽപന്നവും.
1. ടിസ്കോ
ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഇരുമ്പുരുക്ക് വ്യവസായശാല വേണമെന്ന സ്വപ്നം കണ്ടത് ജംഷഡ്ജി നുസ്സർവാൻജി ടാറ്റയായിരുന്നു.
എന്നാൽ ആ ലക്ഷ്യം യാഥാർഥ്യമാകുന്നതിനു മുൻപ് അദ്ദേഹം അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മകനായ സർ ദൊറാബ്ജി ടാറ്റ, പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ ഏറ്റെടുക്കുകയും അതിന്റെ ഫലമായി 1907ൽ ടിസ്കോ (TISCO) സ്ഥാപിക്കുകയും ചെയ്തു.
ഘനവ്യവസായ രംഗത്തെ ബ്രിട്ടിഷ് ആധിപത്യത്തോടുള്ള ശക്തമായ വെല്ലുവിളിയായിരുന്നു ഈ സംരംഭം. ഇന്ത്യക്കാർക്കും വൻകിട
വ്യവസായങ്ങൾ കെട്ടിപ്പടുക്കാൻ കഴിയുമെന്ന് ടിസ്കോ തെളിയിച്ചു. ഇരുമ്പുരുക്ക് നിർമാണത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിലേക്കുള്ള ആദ്യത്തെ സുപ്രധാന ചുവടുവയ്പായിരുന്നു ഇത്.
‘ടാറ്റാ സ്റ്റീൽ’ എന്നാണ് ഇപ്പോൾ ഈ കമ്പനി അറിയപ്പെടുന്നത്. 2.
ഗോദ്റേജ്
ബോംബെയിൽ മോഷണങ്ങൾ പെരുകുന്നതിനെക്കുറിച്ചുള്ള പത്രവാർത്തകൾ ശ്രദ്ധിച്ച അർദേശിർ ഗോദ്റേജിന് പുതിയൊരു ആശയം തോന്നുയുണ്ടായി. ജനങ്ങൾക്ക് പൂർണമായും വിശ്വസിക്കാൻ കഴിയുന്നതും എളുപ്പത്തിൽ തകർക്കാൻ സാധിക്കാത്തതുമായ സുരക്ഷിതമായ പൂട്ടുകൾ ഇന്ത്യയിൽത്തന്നെ നിർമിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.
ഇറക്കുമതി ചെയ്തിരുന്ന ബ്രിട്ടിഷ് പൂട്ടുകളേക്കാൾ ഉറപ്പുള്ളതായിരിക്കണം ഇവയെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ 1897ൽ ഗോദ്റേജ് പൂട്ടുകൾ പിറന്നു.
ഉറപ്പിന്റെയും വിശ്വസ്തതയുടെയും ഇന്ത്യൻ പര്യായമായി ഈ ബ്രാൻഡ് മാറി. അവിടെക്കൊണ്ടും നിർത്താതെ കമ്പനി സോപ്പുനിർമാണത്തിലേക്കും തിരിഞ്ഞു.
മൃഗക്കൊഴുപ്പ് ഉപയോഗിച്ചു നിർമിച്ച വിദേശ സോപ്പുകൾക്ക് ബദലായി സസ്യ എണ്ണയിൽ നിർമിച്ച ഗോദ്റെജ് നമ്പർ 1 പോലുള്ള സോപ്പുകൾ അവർ വിപണിയിലിറക്കി. 3.
പഞ്ചാബ് നാഷനൽ ബാങ്ക്
ബ്രിട്ടിഷ് സാമ്പത്തിക ആധിപത്യത്തിനെതിരായ പോരാട്ടത്തിൽ, ഇന്ത്യക്കാർക്ക് സ്വന്തമായി ഒരു ബാങ്ക് എന്ന ആശയം വളരെ വിപ്ലവകരമായ ചുവടുവയ്പായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സ്വദേശി ബാങ്കാണ് പഞ്ചാബ് നാഷനൽ ബാങ്ക്.
ഇന്ത്യൻ മൂലധനം ഉപയോഗിച്ച്, ഇന്ത്യക്കാർ തന്നെ നിയന്ത്രിക്കുന്ന ബാങ്ക് എന്ന ആശയം മുന്നോട്ടുവച്ചത് ലാലാ ലജ്പത് റായ് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. സ്വദേശി പ്രസ്ഥാനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട
ദയാൽ സിങ് മജീതിയ, ലാലാ ഹർകിഷൻ ലാൽ തുടങ്ങിയവർ ഈ ആശയത്തിനു പിന്നിൽ അണിനിരന്നു. 1894 മേയ് 19ന് ലഹോറിലാണ് പഞ്ചാബ് നാഷനൽ ബാങ്ക് റജിസ്റ്റർ ചെയ്തത്.
മഹാത്മാ ഗാന്ധിയും ജവാഹർലാൽ നെഹ്റുവും അടക്കമുള്ള പ്രമുഖ നേതാക്കൾക്ക് അക്കൗണ്ടുണ്ടായിരുന്ന ബാങ്കാണിത്. 4.
ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽ വർക്സ്
‘ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ആചാര്യ പ്രഫുല്ല ചന്ദ്ര റേ, 1901ൽ കൽക്കട്ടയിൽ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ഔഷധ നിർമാണ കമ്പനിയാണ് ബംഗാൾ കെമിക്കൽസ് & ഫാർമസ്യൂട്ടിക്കൽ വർക്സ്. ബ്രിട്ടനിൽനിന്ന് അക്കാലത്ത് ഇന്ത്യയിലേക്ക് വൻതോതിൽ മരുന്നുകൾ ഇറക്കുമതി ചെയ്തിരുന്നു.
ഈ വിദേശ ആശ്രിതത്വം അവസാനിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ചരിത്രം കുറിച്ച ഒരു സ്വദേശി സംരംഭമായി ഇത് മാറി.
സാധാരണക്കാർക്കുപോലും താങ്ങാനാവുന്ന വിലയിൽ മരുന്നുകളും മറ്റ് രാസവസ്തുക്കളും ലഭ്യമാക്കാൻ ഈ സ്ഥാപനത്തിനു സാധിച്ചു. 5.
സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരമായ ഒരധ്യായം കടലിലാണ് എഴുതപ്പെട്ടത്. ഇന്ത്യൻ ജനതയുടെ ആത്മാഭിമാനവും നിശ്ചയദാർഢ്യവും മുൻനിർത്തി ഒരു തമിഴ്നാട്ടുകാരൻ കപ്പലുകൾ കടലിലിറക്കി.
വി.ഒ. ചിദംബരം പിള്ള 1906ൽ സ്ഥാപിച്ച സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി (SSNC) ബ്രിട്ടിഷുകാരുടെ ഉറക്കം കെടുത്തുകയുണ്ടായി.
‘ബ്രിട്ടിഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ കമ്പനി’യുടെ കുത്തക തകർക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പൊതുജനങ്ങളിൽനിന്ന് ഓഹരികളിലൂടെ പണം സ്വരൂപിച്ച് അദ്ദേഹം രണ്ട് കൂറ്റൻ ആവിക്കപ്പലുകൾ വാങ്ങി.
ദേശീയതയുടെ ആവേശത്തിൽ, യാത്രക്കാർ ബ്രിട്ടിഷ് കപ്പലുകൾ ഉപേക്ഷിച്ച് സ്വദേശി കപ്പലുകളിൽ യാത്ര ചെയ്യാൻ തുടങ്ങി. ഈ കമ്പനിയെ തകർക്കാൻ ബ്രിട്ടിഷുകാർ പല തന്ത്രങ്ങളും പയറ്റി.
ഭീഷണിയും സമ്മർദവും ഫലിക്കാതെ വന്നപ്പോൾ രാജ്യദ്രോഹക്കുറ്റം ചുമത്തി ചിദംബരം പിള്ളയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. അതോടെ കമ്പനി തകർച്ചയിലേക്കു നീങ്ങി.
കനത്ത സാമ്പത്തിക നഷ്ടവും ബ്രിട്ടിഷുകാരുടെ നിരന്തരമായ പീഡനങ്ങളും കാരണം കമ്പനി പിരിച്ചുവിടാൻ ഓഹരിയുടമകൾ നിർബന്ധിതരായി. ‘കപ്പലോട്ടിയ തമിഴൻ’ എന്നാണ് ചിദംബരം പിള്ള അറിയപ്പെടുന്നത്.
6. അമൃതാഞ്ജൻ ബാം
പത്രപ്രവർത്തകൻ, സാമൂഹിക പരിഷ്കർത്താവ്, സ്വാതന്ത്ര്യസമരസേനാനി എന്നീ നിലകളിലെല്ലാം തിളങ്ങിയ കെ.
നാഗേശ്വര റാവു പന്തുലുവാണ് അമൃതാഞ്ജന്റെ സ്ഥാപകൻ. 1867ൽ ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽ ജനിച്ച അദ്ദേഹം ബോംബെയിൽ താമസിക്കുന്ന കാലത്ത്, 1893ലാണ് അമൃതാഞ്ജൻ ബാം നിർമിച്ചത്.
ബ്രിട്ടിഷ് വേദനാസംഹാരികൾക്കുള്ള ഇന്ത്യയുടെ മറുപടിയും സ്വദേശി പ്രസ്ഥാനത്തിനുള്ള അകമഴിഞ്ഞ പിന്തുണയുമായിരുന്നു അമൃതാഞ്ജൻ. സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ എന്നും സജീവമായിരുന്ന നാഗേശ്വര റാവു, ഗാന്ധിജിയോടൊപ്പം സിവിൽ നിയമലംഘന പ്രസ്ഥാനത്തിലും പങ്കെടുത്തിട്ടുണ്ട്.
‘ദേശോദ്ധാരക’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 7.
സുലേഖ മഷി
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട എഴുത്താവശ്യങ്ങൾക്ക് വിദേശ നിർമിത മഷി ഉപയോഗിക്കുന്നതിൽ മഹാത്മാഗാന്ധി അസ്വസ്ഥനായിരുന്നു.
ഇന്ത്യയിൽത്തന്നെ മികച്ച മഷി നിർമിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഈ വെല്ലുവിളി ഏറ്റെടുത്തത് രാജ്ഷാഹിയിൽനിന്നുള്ള ശങ്കരാചാര്യ മൈത്ര, നാനിഗോപാൽ മൈത്ര എന്നീ സഹോദരന്മാരായിരുന്നു.
പ്രമുഖ രസതന്ത്രജ്ഞനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന സതീഷ് ചന്ദ്ര ദാസ്ഗുപ്തയാണ് ഈ മഷിയുടെ ഫോർമുല വികസിപ്പിച്ചത്. അങ്ങനെ 1934ൽ, ഗാന്ധിജിയുടെ ആഗ്രഹപ്രകാരം തദ്ദേശീയമായി നിർമിച്ച ഒരു മഷിക്കൂട്ട് പിറവിയെടുത്തു.
‘സുലേഖ’ എന്ന ക്ലാസിക് പേര് നിർദേശിച്ചത് മഹാകവി രവീന്ദ്രനാഥ ടഗോറാണെന്ന് കരുതപ്പെടുന്നു. 8.
മാർഗോ സോപ്പ്
വിലയേറിയ ബ്രിട്ടിഷ് നിർമിത സോപ്പുകൾ വിപണി അടക്കിവാണിരുന്ന ഒരു കാലമായിരുന്നു അത്. അവയേറെയും മൃഗക്കൊഴുപ്പ് ഉപയോഗിച്ചാണ് നിർമിച്ചിരുന്നതും.
ഇന്ത്യൻ പാരമ്പര്യത്തിലൂന്നിയ തനതു സോപ്പെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു മാർഗോ. 1920ൽ കൽക്കട്ട
കെമിക്കൽ കമ്പനിയാണ് ഈ സോപ്പ് വിപണിയിലിറക്കിയത്. വേപ്പിന്റെ ഔഷധഗുണങ്ങൾ ചേർന്ന മാർഗോ, ഇന്ത്യയിലെ ആദ്യത്തെ ഹെർബൽ സോപ്പുകളിലൊന്നായി മാറി.
വെറുമൊരു സോപ്പ് എന്നതിലുപരിയായി, ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ പ്രതീകമായിരുന്നു അത്. 9.
ബോറോലിൻ
പച്ച നിറത്തിലുള്ള ട്യൂബ്, ഹൃദ്യമായ സുഗന്ധം, ആന ലോഗോ… ഇന്ത്യൻ ജനതയുടെ മനസ്സിൽ പതിഞ്ഞ ആന്റിസെപ്റ്റിക് ക്രീമാണ് ബോറോലിൻ. 1929ൽ കൊൽക്കത്തയിൽ ഗൗർമോഹൻ ദത്തയാണ് ഇത് സ്ഥാപിച്ചത്.
ഇന്ത്യയുടെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കായി നിലകൊണ്ട അദ്ദേഹം, വിദേശ നിർമിത ക്രീമുകളോടു മത്സരിക്കാൻ നിലവാരമുള്ള ഒരു ഇന്ത്യൻ ഉൽപ്പന്നം പുറത്തിറക്കുകയായിരുന്നു.
1947 ഓഗസ്റ്റ് 15ന് ഒരു ലക്ഷത്തിലധികം ബോറോലിൻ ട്യൂബുകൾ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്താണ് കമ്പനി ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി ആഘോഷിച്ചത്. 10.
തിരംഗാ ബർഫി
ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തുന്നതും പ്രദർശിപ്പിക്കുന്നതും ബ്രിട്ടിഷ് ഭരണകൂടം കർശനമായി നിരോധിച്ച ക്വിറ്റിന്ത്യാ സമര കാലം. പതാക വീശുന്നത് അറസ്റ്റിനും ക്രൂരമായ ശിക്ഷകൾക്കും കാരണമായി.
വാരാണസിയിയിലെ ‘റാം ഭണ്ഡാർ’ എന്ന പ്രശസ്തമായ മധുരപലഹാരക്കടയുടെ ഉടമയായിരുന്ന മദൻ ഗോപാൽ ഗുപ്തയും സഹ വിപ്ലവകാരികളും ചേർന്ന് ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണം ഒരു വഴി കണ്ടെത്തി. സ്വാതന്ത്ര്യസമര സേനാനികൾക്ക് രഹസ്യ യോഗങ്ങൾ ചേരാനും സന്ദേശങ്ങൾ കൈമാറാനും ഒരു മറ ആവശ്യമായിരുന്നു.
കടയിൽ സാധാരണയായി വരുന്ന ഉപഭോക്താക്കൾക്കിടയിൽ സമരസേനാനികൾ ഒത്തുചേരുകയും ഈ ബർഫി വിതരണം ചെയ്തുകൊണ്ട് തങ്ങളുടെ രാജ്യസ്നേഹം നിശ്ശബ്ദമായി പ്രകടിപ്പിക്കുകയും ചെയ്തു. ഭരണകൂടത്തിന് എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിൽ, ദേശീയപതാകയുടെ വർണങ്ങൾ ആഹാരരൂപത്തിലാക്കി ജനങ്ങളിൽ ദേശീയബോധം ഉണർത്താൻ ഇതിലൂടെ സാധിച്ചു.
ആദ്യകാലത്ത് ഇത് രാഷ്ട്രീയ ബർഫി(ദേശീയ ബർഫി) എന്ന പേരിലറിയപ്പെട്ടു. ഇന്ത്യക്കാരുടെ സമര സർഗാത്മകതയുടെയും സ്വാതന്ത്ര്യത്തോടുള്ള പ്രതിബദ്ധതയുടെയും പ്രതീകമായി തിരംഗാ ബർഫി ഇന്നും മധുരതരമായി തുടരുന്നു.
മുദ്രാവാക്യങ്ങൾ മുഴക്കിയും ലാത്തിയടിയേറ്റും തടവറയിൽ കിടന്നും മാത്രമല്ല, നാട്ടുമഷികൊണ്ടെഴുതിയും ദേശീയതയുടെ സുഗന്ധമുള്ള സോപ്പിട്ടു കുളിച്ചും ചെറുത്തുനിൽപ്പിന്റെ മധുരം നുണഞ്ഞും ഇന്ത്യൻ വേദനാസംഹാരി പുരട്ടിയും എതിർപ്പിന്റെ ചാലിലൂടെ കപ്പലോടിച്ചും ആത്മാഭിമാനത്തിന്റെ അക്കൗണ്ടു തുറന്നും ഉരുക്കുറപ്പോടെ ബ്രിട്ടിഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ചുമാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തതെന്ന് ഓർമിപ്പിച്ചുകൊണ്ട് ഈ ഉൽപന്നങ്ങളും മഹാപ്രസ്ഥാനങ്ങളും ഇന്നും നമുക്കൊപ്പം യാത്ര തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

