തിരുവനന്തപുരം∙ കെ.കരുണാകരന്റെ ആശീർവാദത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ വളരുകയും അതേ കരുണാകരന്റെ അപ്രീതിക്കു പാത്രമായി തളരുകയും ചെയ്ത രാഷ്ട്രീയ നേതാവായിരുന്നു ഇന്നലെ അന്തരിച്ച എം.ആർ.രഘുചന്ദ്രബാൽ. മുൻ എംഎൽഎ കുഞ്ഞിക്കൃഷ്ണൻ നാടാരുടെ കുടുംബത്തിൽനിന്നു തന്റെ മന്ത്രിസഭയിലേക്കു കരുണാകരൻ കൈപിടിച്ചു കയറ്റിയ രഘുചന്ദ്രബാലിനെ മന്ത്രിയായിരിക്കെ തന്നെയാണു കൈവിട്ടത്.
കോൺഗ്രസ് നേതാവായിരുന്ന കുഞ്ഞിക്കൃഷ്ണൻനാടാരുടെ കുടുംബത്തിൽ ജനിച്ചിട്ടും പഠനകാലത്ത് ഇടത്തോട്ടായിരുന്നു രഘുചന്ദ്രബാലിന്റെ ചായ്വ്. എന്നാൽ പഠനശേഷം അദ്ദേഹത്തിന്റെ പിൻമുറക്കാരനായി കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി.
കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റായതു വളരെ ചെറിയ പ്രായത്തിലായിരുന്നു. 1980ൽ കോവളത്തുനിന്ന് ആദ്യമായി എംഎൽഎയായപ്പോഴാണു കരുണാകരന്റെ കണ്ണിൽപെട്ടത്. 1991ൽ പാറശാലയിൽനിന്നു ജയം.
സാമുദായിക സമവാക്യങ്ങൾ പുലർത്തുന്നതിൽ നിർബന്ധബുദ്ധിയുണ്ടായിരുന്ന കരുണാകരൻ തന്റെ മന്ത്രിസഭയിലേക്കു രഘുചന്ദ്രബാലിനു വഴിതുറന്നു.
ജി.കാർത്തികേയനും എം.എം.ഹസനും തിരുവനന്തപുരം ജില്ലയിൽനിന്ന് എംഎൽഎമാരായി ഉണ്ടായിരുന്നെങ്കിലും നാടാർ പ്രാതിനിധ്യത്തിന്റെ പേരിൽ രഘുചന്ദ്രബാലിനെ മന്ത്രിയാക്കി. ഏതു ഭരണകാലത്തും വിവാദമാകാൻ സാധ്യതയുള്ള എക്സൈസ് വകുപ്പ് ഏൽപിക്കുകയും ചെയ്തു.
മന്ത്രിയായിരിക്കെയായിരുന്നു വിവാഹം. എക്സൈസ് ഗാർഡിന്റെ യൂണിഫോം ധരിച്ചു കള്ളവാറ്റുകാരെ പിടിക്കാൻ കാടുകയറിയ യുവ മന്ത്രിക്ക് ഇതിന്റെ പേരിൽ അഭിനന്ദനം മാത്രമല്ല വിമർശനവും ലഭിച്ചു.
തൃശൂർ ജില്ലയിൽ ചില പുതിയ നിയമനങ്ങൾക്കു വേണ്ടി എക്സൈസ് സേനയിൽ നടത്തിയ സ്ഥലംമാറ്റം പരാതിയും വിജിലൻസ് കേസുമായി.
ക്ലിഫ് ഹൗസിലെ എന്തു കാര്യത്തിനും മുന്നിലുണ്ടായിരുന്ന വിശ്വസ്തനെ ആ ഘട്ടത്തിലൊന്നും കരുണാകരൻ കൈവിട്ടില്ല . എന്നാൽ ഇതിനിടെ എക്സൈസ് മന്ത്രിയെന്ന നിലയിൽ നടത്തിയ ചില പ്രവർത്തനങ്ങൾ കരുണാകരനെ ചൊടിപ്പിച്ചു.
ഇതോടെ രഘുചന്ദ്രബാൽ ‘ഗുഡ്ബുക്കി’നു പുറത്തായി. അധികം വൈകാതെ ചാരക്കേസിൽ കരുണാകരൻ രാജിവച്ച് എ.കെ.ആന്റണി മുഖ്യമന്ത്രിയായതോടെ രഘുചന്ദ്രബാലിന്റെ മന്ത്രിസ്ഥാനവും നഷ്ടമായി.
കെപിസിസി അംഗമായും മറ്റും തുടർന്നെങ്കിലും മുൻ മന്ത്രിയെന്ന നിലയ്ക്കുള്ള സജീവത രഘുചന്ദ്രബാലിനു പിന്നീട് കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടായില്ല.
കെ.സുധാകരൻ കെപിസിസി പ്രസിഡന്റായി വന്നപ്പോൾ, വൈസ് പ്രസിഡന്റാക്കാൻ താൽപര്യപ്പെട്ടെങ്കിലും അതും നടക്കാതെ പോയി. എക്സൈസ് മന്ത്രിയെന്ന നിലയിൽ തീരദേശമേഖലയിലെ മദ്യനിയന്ത്രണത്തിനു വേണ്ടി ശ്രമം നടത്തിയ രഘുചന്ദ്രബാൽ, പദവികളൊന്നുമില്ലാതെ തന്നെ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി നിരന്തരം ഇടപെടുകയും ചെയ്തിരുന്നു.
കുഞ്ഞിക്കൃഷ്ണൻനാടാരുടെ പേരിൽ ഒരു കോളജ് സ്ഥാപിക്കാൻ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം കിടന്ന ചരിത്രമുണ്ട് അദ്ദേഹത്തിന്. ഒടുവിൽ അതു നേടിയെടുക്കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

