തിരുവനന്തപുരം ∙ സുധീർഷാ പാലോട് എന്ന പേര് ഈ നിയമസഭാ തിരഞ്ഞെടുപ്പുവരെ തിരുവനന്തപുരം ജില്ലയ്ക്കപ്പുറം പരിചിതമായിരുന്നില്ല. പക്ഷേ, ഫലം വന്നതോടെ അരനൂറ്റാണ്ടായി സിപിഎം കോട്ടയാക്കിയിരുന്ന വാമനപുരത്ത് അട്ടിമറിജയം നേടിയ സുധീർ ഈ തിരഞ്ഞെടുപ്പിലെ ജയന്റ് കില്ലർമാരിൽ ഒരാളായി കേരള രാഷ്ട്രീയത്തിൽ കയ്യൊപ്പു ചാർത്തി.
തലസ്ഥാന ജില്ലയിൽ കോൺഗ്രസിന്റെ പുതു താരോദയം.
2021ൽ 10,242 വോട്ടിന് രണ്ടാംവട്ടം ജയിച്ച മണ്ഡലത്തിൽ സിപിഎമ്മിന്റെ കരുത്തനായ ഡി.കെ.മുരളി ഇത്തവണ ഇറങ്ങിയത് ഉറച്ച ഹാട്രിക് പ്രതീക്ഷയുമാണ്.
എന്നാൽ കോൺഗ്രസ് കണക്കുകൂട്ടിയിറക്കിയ സുധീർഷാ 12,280 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആ സ്വപ്നം തകർത്തു.1970ലെ തിരഞ്ഞെടുപ്പിൽ എം.കുഞ്ഞുകൃഷ്ണൻ പിള്ളയ്ക്കു ശേഷം ഇവിടെ ജയിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിയായി സുധീർ. ഈ അരനൂറ്റാണ്ടിനിടെ കോൺഗ്രസിലെ പല പ്രഗത്ഭരും കിണഞ്ഞു ശ്രമിച്ചിട്ടും പൊളിക്കാനാകാത്ത സിപിഎം കോട്ടയിലാണ് യുവത്വത്തിന്റെ പ്രസരിപ്പുമായി സുധീർ സർവാധിപത്യത്തോടെ വിജയക്കൊടി നാട്ടിയത്.
പ്രതിസന്ധികളേറെയുള്ള ജീവിത സാഹചര്യങ്ങളോടും പൊരുതിയായിരുന്നു സുധീറിന്റെ രാഷ്ട്രീയ പ്രവർത്തനം. പാലോട് കൊല്ലരുകോണത്തെ ഓടിട്ട
പഴയ വീട്ടിലേക്ക് വഴി സൗകര്യം പോലും പരിമിതം.
കഴിഞ്ഞ 10 വർഷമായി തലസ്ഥാനത്ത് തെരുവിൽ നടത്തിയ പ്രതിഷേധങ്ങളിൽ സുധീർഷാ പൊലീസിൽ നിന്ന് ഏറ്റുവാങ്ങിയ തല്ലിന് കണക്കില്ല. 100 ദിവസത്തോളം ജയിൽവാസം അനുഭവിച്ചു.
പ്രതിഷേധങ്ങളുടെ പേരിൽ നൂറ്റൻപതോളം കേസുകളിലും പ്രതിയായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റെന്ന നിലയിൽ ഈ പ്രതിഷേധ പരിപാടികളുടെയെല്ലാം മുഖ്യ സംഘാടകനുമായിരുന്നു.
ആ സമര വീര്യത്തിന് പാർട്ടി നൽകിയ ആദ്യ അംഗീകാരമായിരുന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കല്ലറ ഡിവിഷനിലെ സ്ഥാനാർഥിത്വം. ആറായിരത്തിലേറെ വോട്ടുകൾക്ക് അട്ടിമറി ജയം നേടിയതോടെയാണ് നിയമസഭയിലെ വാമനപുരം കോട്ട
തകർക്കാനുള്ള ദൗത്യവും പാർട്ടി വിശ്വസിച്ച് ഏൽപിച്ചത്.
തകർക്കാനാവാത്ത സിപിഎം കോട്ട എന്ന മുൻവിധി തകർക്കുക എന്നതായിരുന്നു ആദ്യ വെല്ലുവിളിയെന്ന് സുധീർ പറയുന്നു.
സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മണ്ഡലത്തിൽ നടത്തിയ റോഡ് ഷോയിലെ ആവേശവും ജനപങ്കാളിത്തവും കൊണ്ട് ആത്മവിശ്വാസത്തിന്റെ പുതു കോട്ടകെട്ടി. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രചാരണം കൊഴുപ്പിച്ചു.
സമാപനത്തിൽ ഷാഫി പറമ്പിലിനൊപ്പം നടത്തിയ റോഡ് ഷോ കൂടിയായതോടെ വിജയപ്രതീക്ഷയും സൃഷ്ടിച്ചു.
‘മണ്ഡലത്തിലെ വികസന മുരടിപ്പും വന്യജീവി ശല്യം ഉൾപ്പെടെയുള്ള ജനകീയ പ്രശ്നങ്ങളുമാണ് മുഖ്യ പ്രചാരണ വിഷയമാക്കിയത്. താലൂക്ക് നിലവാരത്തിലുള്ള ഒരു ആശുപത്രിയോ സർക്കാർ കോളജോ തൊഴിൽ നൽകുന്ന സംരംഭമോ ഇവിടെയില്ല.
റോഡ് പണി നടത്തുന്നതു മാത്രമായിരുന്നു ആകെ വികസനം. അതു ചൂണ്ടിക്കാട്ടിയത് വോട്ടർമാരെ സ്വാധീനിച്ചു.
വർഗീയപരമായ പ്രചാരണത്തിന് പോലും എതിരാളികൾ മുതിർന്നു. പക്ഷേ അതിനെല്ലാം ചുട്ട
മറുപടി നൽകിയാണ് മണ്ഡലത്തിലെ 9 പഞ്ചായത്തുകളും യുഡിഎഫിന് ലീഡ് സമ്മാനിച്ചത്.’– സുധീർ ചൂണ്ടിക്കാട്ടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

