തിരുവനന്തപുരം ∙ പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബോർഡും പോസ്റ്ററും ബാനറുകളും ഒഴിവാക്കിയതിലൂടെ 79 ലക്ഷം രൂപ ലാഭിക്കാനായെന്നും അത് ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഭവനപദ്ധതിക്കായി ചെലവഴിക്കുമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ.
‘ആ ഉദ്ദേശ്യത്തോടെ തന്നെയാണ് പോസ്റ്ററും ബോർഡുമെല്ലാം ഒഴിവാക്കാൻ തീരുമാനിച്ചത്. 21 ലക്ഷത്തോളം രൂപ മാത്രമാണു തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചെലവായത്.
പ്രചാരണത്തിനു സൈക്കിൾ ഉപയോഗിക്കാനുള്ള തീരുമാനവും യാദൃച്ഛികമായിരുന്നു. അത് ഇത്രയേറെ ശ്രദ്ധ നേടുമെന്നു കരുതിയില്ല.
മണ്ഡലത്തിൽ സഞ്ചരിക്കാൻ ഒരു സ്കൂട്ടർ വാങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. ആളുകളെ കാണാനും ഇടപെടാനുമെല്ലാം അതാണു സൗകര്യമെന്നതുകൊണ്ടാണ്.
എന്നാൽ, സ്കൂട്ടറൊന്നും ഇഷ്ടപ്പെട്ടില്ല. ഹൈബ്രിഡ് സൈക്കിൾ കണ്ടപ്പോൾ ഇഷ്ടമായി, വാങ്ങി.
രാവിലെ 6ന് തന്നെ സൈക്കിളുമായി ഇറങ്ങും.
ആ സമയത്ത് എംഎൽഎയെ വീട്ടുമുറ്റത്തു കാണുമ്പോൾ നാട്ടുകാർക്കും സന്തോഷമാണ്. പുതുപ്പള്ളിയിൽ ഐടി ഹബ്, രാജ്യാന്തര സ്റ്റേഡിയം, 3000 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന വെന്നിമല ശ്രീരാമ–ലക്ഷ്മണ ക്ഷേത്രം കേന്ദ്രീകരിച്ചുള്ള തീർഥാടക ടൂറിസം പദ്ധതി എന്നിവയാണു മുന്നിലുള്ള പ്രധാന ലക്ഷ്യങ്ങൾ.’ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനം: തർക്കമില്ല
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഒരു തർക്കവുമില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
അഭിപ്രായപ്രകടനമാണു നടക്കുന്നത്. എംഎൽഎമാരുടെ അഭിപ്രായവും ജനവികാരവും മാനിച്ചുള്ള തീരുമാനം ഹൈക്കമാൻഡ് എടുക്കും.
സമൂഹമാധ്യമങ്ങളിൽ പ്രവർത്തകരുടെ വികാരപ്രകടനം സ്വാഭാവികമാണ്. 2021ലെ തിരഞ്ഞെടുപ്പ് തോറ്റപ്പോൾ ഉമ്മൻ ചാണ്ടിക്കെതിരെയും അതുണ്ടായി.
ജനതാൽപര്യം മുൻനിർത്തി ഭരിച്ചില്ലെങ്കിൽ ഇപ്പോൾ എൽഡിഎഫിനുണ്ടായ തിരിച്ചടി യുഡിഎഫിനെതിരെയും ഉണ്ടാകാമെന്ന എ.കെ.ആന്റണി സാറിന്റെ മുന്നറിയിപ്പ് ഉൾക്കൊണ്ടു തന്നെയാവും പുതിയ സർക്കാർ പ്രവർത്തിക്കുകയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

