തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. മെഡിക്കൽ കോളേജ് പൊലീസ് ആണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് നേമം ഷജീർ ഉൾപ്പെടെയുള്ള 15 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.
പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഎസ്സി ആസ്ഥാനത്തേക്ക് തള്ളിക്കയറിയത്. പ്രതിഷേധക്കാർ ചെയർമാന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും, ഇത് തടയാൻ ശ്രമിച്ച ജീവനക്കാരുമായി വാക്കേറ്റത്തിലും സംഘർഷത്തിലും ഏർപ്പെടുകയും ചെയ്തു.
സംഭവത്തിൽ തങ്ങൾക്ക് പരിക്കേറ്റെന്ന് പിഎസ്സി സെക്രട്ടറി വ്യക്തമാക്കി. പരിക്കേറ്റ നാല് സുരക്ഷാ ജീവനക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനുപുറമെ, മൂന്ന് ജീവനക്കാർക്ക് കൂടി പരിക്കേറ്റതായി പിഎസ്സി എംപ്ലോയീസ് യൂണിയനും അറിയിച്ചു. പരിക്കേറ്റ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
അതിനിടെ, ഓഫീസിനുള്ളിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ച് കടന്നുവെന്ന് കാട്ടി പിഎസ്സി അധികൃതർ സിറ്റി പൊലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി നൽകുകയും, ഓഫീസിന് കൂടുതൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

