നഗരത്തിലെ മാലിന്യ സംസ്കരണം വലിയ വെല്ലുവിളികൾ നേരിടുന്നതായി മേയർ വി.വി.രാജേഷ് വ്യക്തമാക്കി. നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നഗരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന മുഴുവൻ മാലിന്യങ്ങളും സംസ്കരിക്കാൻ സാധിക്കുന്നില്ലെന്നും, പുതിയ സംവിധാനങ്ങൾ പ്രാബല്യത്തിൽ വരുന്നതുവരെ നിലവിലുള്ള മാർഗങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഭരണസമിതിയുടെ പ്രഥമ പരിഗണന മാലിന്യ നിർമാർജനത്തിനാണെന്നും കേന്ദ്രീകൃത സംസ്കരണ സംവിധാനത്തിനായുള്ള ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിലെ ഭൂരിഭാഗം വൻകിട
ഹോട്ടലുകൾക്കും സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാത്തത് വലിയൊരു പോരായ്മയാണ്. നിയമവിധേയമായ പെർമിറ്റ് ലഭിക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പലരും അനധികൃതമായി മാലിന്യം കൈകാര്യം ചെയ്യുന്നവരെയാണ് ആശ്രയിക്കുന്നത്. പുതിയ കെട്ടിട
നിർമാണ അനുമതികൾക്കായി അപേക്ഷിക്കുമ്പോൾ കർശന പരിശോധനകൾ നടത്തുന്നുണ്ട്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ മൂന്ന് സെക്രട്ടറിമാർ മാറിയത് മാലിന്യ നീക്കത്തെ തടസ്സപ്പെടുത്തിയെന്നും മേയർ ചൂണ്ടിക്കാട്ടി.
വികേന്ദ്രീകൃത മാലിന്യ സംസ്കരണം
മുൻ മേയർ വി.കെ. പ്രശാന്തിന്റെ കാലത്ത് നടപ്പിലാക്കിയ വികേന്ദ്രീകൃത മാലിന്യ പരിപാലന രീതിയാണ് ഈ രംഗത്തെ പ്രധാന ആശ്രയം.
എന്നാൽ കണക്കുകൾ പ്രകാരം 76,214 കിച്ചൻ ബിന്നുകളും, 563 എയ്റോബിക് ബിന്നുകളും, 3982 ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. കിച്ചൻ ബിന്നുകളിൽ മാലിന്യ സംസ്കരണം വേഗത്തിലാക്കാൻ ആവശ്യമായ ഇനോക്കുലം വിതരണം കരാർ കമ്പനിക്കുള്ള കുടിശിക കാരണം നിർത്തിവെച്ചിരിക്കുകയാണ്.
ഇതുകാരണം പല ബിന്നുകളും ഉപയോഗശൂന്യമായി കിടക്കുകയാണ്. സൗജന്യമായി നൽകിയ ബിന്നുകളിൽ പലതും വീടുകളിൽ മറ്റ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് മുൻപുള്ള പരിശോധനകളിൽ വ്യക്തമായിരുന്നു.
എയ്റോബിക് ബിന്നുകളുടെ കാര്യത്തിലും സമാനമായ പ്രതിസന്ധിയുണ്ട്. ഒരു യൂണിറ്റിൽ മാലിന്യം സംസ്കരിക്കാൻ മൂന്ന് മുതൽ നാല് മാസം വരെ സമയം ആവശ്യമാണ്.
എന്നാൽ നിറഞ്ഞ ബിന്നുകൾക്ക് പകരം വെക്കാൻ ആവശ്യത്തിന് പുതിയ ബിന്നുകൾ ലഭ്യമല്ല. കൂടാതെ, സ്ഥാപിച്ചിട്ടുള്ള പല ബിന്നുകളും തകർന്ന അവസ്ഥയിലുമാണ്.
കോർപറേഷൻ കണക്കുകളിൽ 155 പോർട്ടബിൾ എയ്റോബിക് ബിന്നുകൾ ഉള്ളതായി പറയുമെങ്കിലും അവയുടെ ലഭ്യത ഉറപ്പുവരുത്താൻ സാധിച്ചിട്ടില്ല. മാലിന്യ ലോബിയുടെ ഭീഷണി
മാലിന്യം തള്ളുന്നതിനെതിരെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കുനേരെ ആക്രമണങ്ങളും ഭീഷണികളും വർധിക്കുകയാണ്.
അടുത്തിടെ, പുലർച്ചെ 2.30-ഓടെ പൊന്നറ പാലത്തിൽ മാലിന്യം തള്ളാനെത്തിയ സംഘത്തെ തടയാൻ ശ്രമിച്ച വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നേരെ ഭീഷണിയുണ്ടായി. ഓട്ടോറിക്ഷയിൽ മാലിന്യം തള്ളാൻ എത്തിയ സംഘത്തിന്റെ വാഹനത്തിൽ മാരകായുധങ്ങളും കണ്ടെത്തിയിരുന്നു.
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫോർട്ട് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പൊന്നറ പാലം സംഭവത്തിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും, ഉപയോഗിച്ച ഓട്ടോറിക്ഷയുടെ നമ്പർ വ്യാജമാണെന്നും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

