തിരുവനന്തപുരം ∙ പതിവായി മീൻ പിടിത്ത വള്ളങ്ങൾ കിടക്കുന്ന ശംഖുമുഖം തീരക്കടൽ ഇന്ന് യുദ്ധക്കപ്പലുകളുടെ ‘പിടിയിൽ ’ . 19 വമ്പൻ യുദ്ധക്കപ്പലുകൾ, ഒരു അന്തർവാഹിനി, 4 ഫാസ്റ്റ് ഇന്റർസെപ്റ്റർ ക്രാഫ്റ്റുകൾ, യുദ്ധത്തിനും നിരീക്ഷണത്തിനും ഉള്ളവയുൾപ്പെടെ 32 വിമാനങ്ങൾ എന്നിവയാണ് ഇന്ന് നാവികദിനാഘോഷത്തിന്റെ ഭാഗമായ അഭ്യാസ പ്രകടനത്തിനു ശംഖുമുഖത്ത് എത്തുക.
നേവിയുടെ ലോങ് റേഞ്ച് ആന്റി സബ്മറീൻ വിമാനമായ പി8ഐ, മിഗ്, ഹോക്സ് വിമാനങ്ങളും പ്രദർശന പ്രകടനത്തിൽ പങ്കെടുക്കും.
രാഷ്ട്രപതി ദ്രൗപദി മുർമു ആണ് മുഖ്യാതിഥി. 4.20 ന് വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. തുടർന്ന് ആഘോഷ പരിപാടിയിൽ സേനയുടെ പ്രകടനങ്ങൾ കാണും.
രാത്രി ലോക് ഭവനിൽ വിശ്രമം. നാളെ രാവിലെ 9.45 ന് രാഷ്ട്രപതി ഡൽഹിയിലേക്കു മടങ്ങും.
1971 ഡിസംബർ 4ന് രാത്രി പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തിനു നേരെ ഇന്ത്യൻ നാവികസേന നടത്തിയ ധീരവും സാഹസികവുമായ ആക്രമണത്തിന്റെ സ്മരണാർഥമാണ് എല്ലാ വർഷവും ഡിസംബർ 4 നാവികസേനാ ദിനമായി ആഘോഷിക്കുന്നത്. ഇത്തവണ രാഷ്ട്രപതിയുടെ സൗകര്യം കണക്കിലെടുത്ത് ആഘോഷം മൂന്നാം തീയതിയിലേക്കു മാറ്റുകയായിരുന്നു.
നാവിക സേനയ്ക്ക് പുതുതായി 65 കപ്പൽ, 9 അന്തർവാഹിനികൾ
ഇന്ത്യൻ നാവിക സേനയ്ക്കു വേണ്ടി പുതിയതായി 65 കപ്പലുകളും 9 അന്തർവാഹിനികളും നിർമിക്കാൻ തത്വത്തിൽ അംഗീകാരമായെന്ന് ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേന.
ഈ അംഗീകാരത്തിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയാൽ കരാർ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. ശംഖുമുഖത്ത് ഇന്നത്തെ നാവികസേനാ ദിനാഘോഷത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 51 കപ്പലുകളുടെ നിർമാണം വിവിധ ശാലകളിൽ പുരോഗമിക്കുന്നു. 40 ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ ഇപ്പോൾ യുദ്ധക്കപ്പൽ കമ്മിഷൻ ചെയ്യുന്നു.
ഐഎൻഎസ് വിക്രാന്തിനു വേണ്ടി റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നടപടി പൂർത്തിയായി.
മൂന്നു സേനകളെയും യോജിപ്പിക്കുന്ന തിയറ്റർ കമാൻഡ് രൂപീകരണത്തിന് ന്യൂഡൽഹിയിൽ ചർച്ച നടക്കുന്നുണ്ട്. തിരുവനന്തപുരം മുട്ടത്തറയിൽ നേവിക്കു സ്വന്തമായി ഓഫിസും ഉദ്യോഗസ്ഥരുടെ താമസ സൗകര്യവും ഒരുക്കാൻ ഒന്നര വർഷം മുൻപ് സംസ്ഥാന സർക്കാർ അനുവദിച്ച 4 ഏക്കറിൽ നിർമാണം ഉടൻ ആരംഭിക്കും.
റിയർ അഡ്മിറൽ ഉപൽ കുണ്ഡു, ഡിഫൻസ് പിആർഒ കമാൻഡർ അതുൽ പിള്ള തുടങ്ങിയവരും വിശദീകരണത്തിൽ പങ്കെടുത്തു.
ചൈനീസ് കപ്പലുകൾ നിരീക്ഷണത്തിൽ
ഇന്ത്യൻ മഹാസമുദ്രത്തിൽ സാന്നിധ്യമുള്ള ചൈനീസ് കപ്പലുകൾ തൽക്കാലം പ്രശ്നകാരികളല്ലെന്നു സമീർ സക്സേന പറഞ്ഞു. ഇന്ത്യൻ നേവി അവരെ സദാ നിരീക്ഷിക്കുന്നുണ്ട്. മലാക്ക , സുന്ദ കടലിടുക്കുകൾ വഴി ചൈനീസ് കപ്പലുകൾ കടന്നുവന്നാൽ അവരുടെ സ്ഥാനം ഇന്ത്യ നിരീക്ഷിക്കും.
ഇന്ത്യ– മാലദ്വീപ് സംയുക്ത സൈനികാഭ്യാസം തുടങ്ങി ഇന്ത്യൻ സൈന്യവും മാലദ്വീപ് ദേശീയ പ്രതിരോധ സേനയും (എംഎൻഡിഎഫ്) ചേർന്നു നടത്തുന്ന ‘എക്യുവെറിൻ’ സൈനികാഭ്യാസം തിരുവനന്തപുരത്ത് ആരംഭിച്ചു.
15 വരെയാണ് അഭ്യാസം നടക്കുക. ഗഡ്വാൾ റൈഫിൾസ് ബറ്റാലിയൻ പ്രതിനിധീകരിക്കുന്ന 45 പേരടങ്ങുന്ന ഇന്ത്യൻ സംഘവും തുല്യ അംഗബലമുള്ള മാലദ്വീപ് സംഘവുമാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്.
മാലദ്വീപിലെ ദിവേഹി ഭാഷയിൽ ‘സുഹൃത്തുക്കൾ’ എന്നർഥമുള്ള വാക്ക് ആണ് ‘എക്യുവെറിൻ’.
2009 മുതൽ ഇരുരാജ്യങ്ങളിലും ഒന്നിടവിട്ട് നടത്തുന്ന എക്യുവെറിൻ അഭ്യാസം, ഇന്ത്യയുടെ ‘അയൽപക്കം ആദ്യം’ നയത്തിന്റെയും സൗഹൃദ രാജ്യങ്ങളുമായി സുസ്ഥിരമായ പ്രതിരോധ പങ്കാളിത്തം ഉറപ്പാക്കുന്നതിലെ പ്രതിബദ്ധതയുടെയും ഭാഗമാണെന്നു സൈന്യം അറിയിച്ചു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സൈനികാഭ്യാസം, വനമേഖല, നഗരപ്രാന്ത, തീരദേശങ്ങൾ എന്നിവിടങ്ങളിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഇരുസേനകളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
ഇന്നു 12 മുതൽ ട്രാഫിക് നിയന്ത്രണം
ശംഖുമുഖത്ത് ഇന്ന് 4.30 മുതൽ നടക്കുന്ന നാവികസേനാ ദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഉച്ചയ്ക്ക് 12 മുതൽ ഗതാഗത ക്രമീകരണം .
പരിപാടി കാണാൻ പാസില്ലാത്ത പൊതുജനങ്ങൾക്ക് നഗരത്തിലെ നിർദിഷ്ട ഗ്രൗണ്ടുകളിൽ വാഹനം പാർക്ക് ചെയ്ത് അവിടെ നിന്ന് കെഎസ്ആർടിസി പ്രത്യേക സർവീസുകളിൽ വെട്ടുകാട് ഇറങ്ങാം. പരിപാടിക്ക് ശേഷം വെട്ടുകാട് ഭാഗത്തു നിന്നു തന്നെ ബസുകളിൽ തിരികെ പോകാം. ഉച്ചയ്ക്ക് ഒരു മണി മുതൽ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്നു കെഎസ്ആർടിസി ടിക്കറ്റ് ചാർജ് ഈടാക്കി സർവീസ് നടത്തും.
പാർക്കിങ് ഗ്രൗണ്ടുകളിൽ 4 മണിക്ക് മുൻപായി എത്തണം.
വിമാനത്താവളത്തിലേക്കും, റെയിൽവേ സ്റ്റേഷനിലേക്കും വരുന്നവർ യാത്ര ക്രമീകരിക്കണം. ആഭ്യന്തര വിമാനത്താവളത്തിലേക്കുളളവർ വെൺപാലവട്ടം , ചാക്ക ഫ്ലൈഓവർ , ഈഞ്ചയ്ക്കൽ – കല്ലുംമൂട്, പൊന്നറപ്പാലം, വലിയതുറ വഴിയും തിരികെ സുലൈമാൻ തെരുവ്, വള്ളക്കടവ്, ഈഞ്ചയ്ക്കൽ വഴിയും പോകണം.
രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ ചാക്ക -അനന്തപുരി ഹോസ്പിറ്റൽ- സർവീസ് റോഡ് വഴി പോകണം. യാത്രക്കാർ പരിശോധനയ്ക്ക് വിമാന ടിക്കറ്റ് പ്രദർശിപ്പിക്കണം.
കഴക്കൂട്ടം ഭാഗത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന യാത്രക്കാർ ബൈപാസ് വഴി യാത്ര ഒഴിവാക്കി കാര്യവട്ടം-ശ്രീകാര്യം വഴി പോകണം.
ഇന്നും നാളെയും ശംഖുമുഖം – ഡൊമസ്റ്റിക് എയർ പോർട്ട് റോഡിലും എയർപോർട്ട് ആറാട്ട് ഗേറ്റ് -വള്ളക്കടവ് -ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ്പി ഫോർട്ട് – ശ്രീകണ്ഠേശ്വരം പാർക്ക് – തകരപ്പറമ്പ് മേൽപാലം – ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈക്കാട് -വഴുതക്കാട് – വെള്ളയമ്പലം -കവടിയാർ റോഡുകളുടെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല. വിവരങ്ങൾക്ക്: 94979 30055, 0471 2558731. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

