ഗണിതശാസ്ത്ര രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരെ മറികടക്കുമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ, സോഫ്റ്റ്വെയർ മേഖലയിലും നിർണായക മാറ്റങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. ഭാവിയിൽ സോഫ്റ്റ്വെയർ കോഡുകളുടെ വലിയൊരു ഭാഗം കൃത്യതയോടെയും കാര്യക്ഷമതയോടെയും നിർമ്മിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
എക്സ് എഐ ലാബ്സ് മേധാവി വിൽ ബ്രൈക്ക് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പിന് മറുപടിയായാണ് വെമ്പു ഈ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. അമൂർത്തമായ ആശയങ്ങളും ചിഹ്നങ്ങളും കൈകാര്യം ചെയ്യാൻ മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടെന്നും എന്നാൽ എഐയുടെ ശേഷി അതിവേഗം വളരുകയാണെന്നുമായിരുന്നു ബ്രൈക്കിന്റെ അഭിപ്രായം.
നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി മികച്ച നീക്കങ്ങൾ കണ്ടെത്തുന്നത് ചെസ്സ് കളി വിജയിക്കുന്നതുപോലെയാണെന്നും, ഇത്തരത്തിലുള്ള പ്രശ്നപരിഹാരങ്ങൾ എഐ ഇതിനകം കീഴടക്കിത്തുടങ്ങിയിട്ടുണ്ടെന്നും വെമ്പു വ്യക്തമാക്കി. എന്നാൽ, നിലവിലുള്ള ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് പരിഹാരം കാണുന്നതും, മനുഷ്യർക്ക് താൽപര്യമുളള പൂർണ്ണമായും പുതിയൊരു ഗണിതരീതി അല്ലെങ്കിൽ പുതിയ “ഗെയിം” രൂപീകരിക്കുന്നതും രണ്ടും രണ്ടാണ്.
പുതിയ ആശയങ്ങളും സങ്കേതങ്ങളും സൃഷ്ടിക്കുന്നത് മനുഷ്യർ പോലും അപൂർവ്വമായി മാത്രം ചെയ്യുന്ന കാര്യമാണെന്നും, അതിനാൽ ഈ മേഖലയിൽ മനുഷ്യരുടെ പ്രസക്തി പെട്ടെന്ന് അവസാനിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗണിതശാസ്ത്രത്തിൽ നിന്നുള്ള ഈ ചിന്തകളെ സോഫ്റ്റ്വെയർ മേഖലയുമായി ബന്ധപ്പെടുത്തിയാണ് വെമ്പു സംസാരിച്ചത്.
സോഫ്റ്റ്വെയർ കോഡിംഗിന്റെ സിംഹഭാഗവും മികച്ച രീതിയിൽ നിർമ്മിക്കാൻ എഐ സജ്ജമാകുന്ന കാലം അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. എഐ നിർമ്മിക്കുന്ന കോഡുകളുടെ കൃത്യത ഉറപ്പാക്കുക എന്നതാണ് ഇതിലെ അടുത്ത പ്രധാന വെല്ലുവിളി.
ഗണിതശാസ്ത്ര സിദ്ധാന്തങ്ങൾ പരിശോധിക്കാൻ ഉപയോഗിക്കുന്ന ‘ലീൻ’ പോലുള്ള സംവിധാനങ്ങൾ ഭാവിയിൽ എഐ തയ്യാറാക്കുന്ന സോഫ്റ്റ്വെയർ കോഡുകളുടെ നിലവാരം പരിശോധിക്കാനും ഉപയോഗപ്പെടുത്താനാകും. എഐ ഭാവിയിൽ മനുഷ്യരെ പൂർണ്ണമായി ഒഴിവാക്കുമെന്നല്ല ഇതിനർത്ഥം.
മറിച്ച്, നിർമ്മിത ബുദ്ധി കൂടുതൽ ജോലികൾ ഏറ്റെടുക്കുമ്പോൾ യഥാർത്ഥത്തിൽ എത്ര മനുഷ്യരുടെ സേവനം ആവശ്യമായി വരും എന്നതാണ് നിർണ്ണായക ചോദ്യം. കോഡ് എഴുതുക, പരിശോധിക്കുക, തിരുത്തുക തുടങ്ങിയ ജോലികളിൽ എഐ വലിയ പങ്കുവഹിക്കുമ്പോൾ തൊഴിൽ മേഖലയിൽ സമൂലമായ മാറ്റങ്ങൾ ഉണ്ടായേക്കാം.
ഈ സാഹചര്യത്തിൽ സോഫ്റ്റ്വെയർ രംഗത്ത് പ്രവർത്തിക്കുന്നവർ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. “സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്ന നാമെല്ലാവരും പ്രസക്തരായി തുടരാൻ വഴി കണ്ടെത്തണം” എന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.
“ഞാൻ ജോലിയിലേക്ക് മടങ്ങട്ടെ. ഞങ്ങൾക്ക് ഭാഗ്യം ആശംസിക്കൂ” എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

