ചെന്നൈ ∙ ശബരിമല സീസണിലെ തിരക്ക് കണക്കിലെടുത്ത് ചെന്നൈ – കൊല്ലം റൂട്ടിൽ 5 പ്രതിവാര സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഈ മാസം 14 മുതൽ ജനുവരി 24 വരെ ഞായർ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ചെന്നൈയിൽ നിന്നുള്ള സ്പെഷലുകൾ.
തിങ്കൾ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് കൊല്ലത്തു നിന്നുള്ള മടക്ക സർവീസുകൾ ശബരിമല തീർഥാടകർക്കു പുറമേ ക്രിസ്മസ്, പുതുവത്സരക്കാലത്തും പൊങ്കൽ അവധിക്കും നാട്ടിൽ പോകുന്നവർക്കും ഈ സ്പെഷലുകൾ ആശ്വാസമാകും. പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപെട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോതന്നൂർ വഴി പോകുന്ന സ്പെഷൽ ട്രെയിനുകൾക്ക് കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
ബുധനാഴ്ച എസി ട്രെയിൻ
ബുധനാഴ്ചകളിൽ വൈകിട്ട് 3.10ന് സെൻട്രലിൽ നിന്നുള്ള ട്രെയിൻ പൂർണമായും എസി കോച്ചുകളാണ്.
15 തേഡ് എസി കോച്ചുകളാണ് ഇതിലുള്ളത്. വ്യാഴാഴ്ച രാവിലെ 10.40ന് കൊല്ലത്തു നിന്നാണ് മടക്ക സർവീസ്.വ്യാഴാഴ്ചകളിലും ശനിയാഴ്ചകളിലും ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ട്രെയിനുകളിൽ 7 തേഡ് എസി കോച്ചുകളും 4 തേഡ് എസി ഇക്കോണമി കോച്ചുകളും 7 സ്ലീപ്പർ കോച്ചുകളും ഒരു ദിവ്യാംഗൻ കോച്ചുമുണ്ട്.
വെള്ളിയാഴ്ചകളിൽ എഗ്മൂറിൽ നിന്നും ഞായറാഴ്ചകളിൽ സെൻട്രലിൽ നിന്നുമുള്ള ട്രെയിനുകളിൽ 2 സെക്കൻഡ് എസി, 8 തേഡ് എസി, 6 സ്ലീപ്പർ, 4 ജനറൽ സെക്കൻഡ് ക്ലാസ്, ഒരു ദിവ്യാംഗൻ കോച്ചുകളുണ്ട്.
ഏജന്റുമാരുടെ അനധികൃത ബുക്കിങ്; പതിവ് ട്രെയിനുകളിൽ സീറ്റില്ല
കേരളത്തിലേക്കുള്ള പതിവു ട്രെയിനുകളിൽ ക്രിസ്മസ് അവധിക്കാല ബുക്കിങ് ആരംഭിച്ച ദിവസങ്ങളിലെ ആദ്യ നിമിഷങ്ങളിൽ തന്നെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലും ‘റിഗ്രറ്റ്’ നിലയിലുമായത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഏജന്റുമാർ അടക്കമുള്ളവർ ചാറ്റ്ബോട്ടുകളുടെ സഹായത്തോടെ അനധികൃതമായി വൻതോതിൽ ടിക്കറ്റുകൾ ബുക്ക് ചെയ്തതാണ് ഇത്തരത്തിൽ ടിക്കറ്റുകൾ തീരാൻ കാരണമായതെന്നാണ് ആക്ഷേപം.
ഇത്തരം കൃത്രിമങ്ങൾക്കെതിരെ റെയിൽവേ പ്രഖ്യാപിച്ച നടപടികൾ ഫലവത്തായില്ലെന്ന് തെളിയിക്കുന്നതായി ടിക്കറ്റ് ബുക്കിങ് സംഭവം.
തെക്കൻ ജില്ലകളിലേക്കുള്ള മിക്ക ട്രെയിനുകളിലും ക്രിസ്മസ് അവധിക്കാല ബുക്കിങ് നില വെയ്റ്റ് ലിസ്റ്റിലോ, റിഗ്രറ്റിലോ ആയി. രാത്രി 7.30ന് പുറപ്പെടുന്ന തിരുവനന്തപുരം മെയിലിൽ ഡിസംബർ 19 മുതൽ 24വരെയുള്ള ദിവസങ്ങളിൽ സ്ലീപ്പർ, തേഡ് എസി, സെക്കൻഡ് എസി ക്ലാസുകളിലെ ടിക്കറ്റുകൾ റിഗ്രറ്റ് നിലയിലായി.
രാത്രി 8.55ന് പുറപ്പെടുന്ന ആലപ്പി എക്സ്പ്രസിലും ഇതേ സ്ഥിതിയാണ്.മലബാർ ഭാഗത്തേക്കുള്ള മംഗലാപുരം മെയിൽ, എക്സ്പ്രസ് എന്നീ 2 പ്രധാന ട്രെയിനുകളിലും ഡിസംബർ 19, 20 തീയതികളിൽ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലാണ്. ഈ അവസ്ഥയിൽ ഇപ്പോൾ പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകൾ ഉപയോഗപ്രദമാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.
വെള്ളിയാഴ്ച സ്പെഷൽ എഗ്മൂറിൽ നിന്ന്, മറ്റുള്ളവ സെൻട്രലിൽ നിന്ന്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

