തിരുവനന്തപുരം ∙ കണ്ണമ്മൂലയിലെ ‘ശിവഭവന’ത്തിലേക്ക് ഇന്നലെ അപ്രതീക്ഷിതമായി ഒരതിഥി എത്തി. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി എത്തിയത് മലയാള സിനിമയുടെ കാരണവരായ മധുവിനെ കാണാൻ.
ഒരു മാസം മുൻപായിരുന്നു മധുവിന്റെ 92–ാം പിറന്നാൾ. അന്നു മമ്മൂട്ടി ആശംസകൾ നേർന്നിരുന്നു.
നേരിട്ടു വരുമെന്നും അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം 2.45 നാണു മമ്മൂട്ടി മധുവിന്റെ വീട്ടിലെത്തിയത്.
പരസ്പരം കണ്ടപ്പോൾ ഇരുവർക്കും വലിയ സന്തോഷം. മധു, മമ്മൂട്ടിയെ ചേർത്തുപിടിച്ചു.
ആദ്യം കണ്ടത് ഓർമയുണ്ടോയെന്ന് മമ്മൂട്ടി തിരക്കി. വൈക്കത്ത് ഷൂട്ടിങ്ങിന് മധു എത്തിയപ്പോഴായിരുന്നു അത്.
ആ കഥ മമ്മൂട്ടി വിശദമായി പറഞ്ഞു.
‘ഞാനന്നു കോളജിൽ പഠിക്കുകയാണ്. വാപ്പ അറിയാതെ ഒരു കൂട്ടുകാരനെയും വിളിച്ച് വള്ളം തുഴഞ്ഞാണ് സാറിന്റെ അടുത്തു വന്നത്.
ഒരു നിമിത്തം പോലെ സാറ് ഞങ്ങളുടെ കൂടെ വള്ളത്തിലേക്കു കയറി. എന്റെ വലിയ ഹീറോ ആയിരുന്നു മധുസാർ.
സാറ് ഞാൻ തുഴയുന്ന വള്ളത്തിലേക്കു കയറിയപ്പോൾ പറഞ്ഞറയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു. പിന്നെ ആഞ്ഞു തുഴഞ്ഞു.
കായലിൽ കുറെനേരം കറങ്ങിയടിച്ചാണു വന്നത്. എനിക്കത് വലിയ ഭാഗ്യമായി.
ഓർക്കുന്നുണ്ടോ?’ മമ്മൂട്ടി തിരക്കി.
‘വള്ളത്തിലും ബോട്ടിലുമൊക്കെ കയറുന്നത് വലിയ ഇഷ്ടവും ഉത്സാഹവും ആയിരുന്നു. അതല്ലേ രണ്ടു പയ്യന്മാരു വന്നു വിളിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ കയറിയത്..’ മധുവിന്റെ മറുപടി ചിരി പടർത്തി.‘അന്ന് ഞങ്ങളുടെ പഠനകാര്യങ്ങളൊക്കെ സാറ് തിരക്കിയിരുന്നു.
നന്നായി പഠിക്കണമെന്നും പറഞ്ഞു.’‘അമരം’ അടുത്തയിടെ വീണ്ടും കണ്ടതായി മധു പറഞ്ഞു. ‘നടുക്കടലിലേക്കു തുഴഞ്ഞു പോകുന്ന സീനൊക്കെ ആവർത്തിച്ചു കണ്ടു. തുഴച്ചിൽ അന്നേ പഠിച്ചതു നന്നായി.’ഒത്തിരി കഥകളും ഓർമകളും ഇരുവരും പങ്കുവച്ചു.
മൂന്നരയോടെ ഇറങ്ങാൻ നേരത്ത് ഇരുവരും വീണ്ടും ആശ്ലേഷിച്ചു.
‘ഇനിയും വരണം..!’
‘എന്താ സംശയം? എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും.’
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

