തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം മേഖലയിൽ ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാലിയെ കാണാതായ സംഭവത്തിന്റെ നടുക്കം മാറാതെ ഒപ്പമുണ്ടായിരുന്നവർ. ഡിസംബർ 31-ന് രാത്രിയുണ്ടായ അപകടത്തിൽ കാണാതായ കരുംകുളം പുല്ലുവിള സ്വദേശി ജോണിനായുള്ള തെരച്ചിൽ തുടരുകയാണ്.
അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പുല്ലുവിള സ്വദേശികളായ ഷാജു, ദീപു എന്നിവരാണ് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകൾ പങ്കുവെച്ചത്.
മനോജ്, ഷാജി എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ. ശംഖുമുഖം വെട്ടുകാട് തീരത്തുനിന്ന് ഏകദേശം ഇരുപത്തിയഞ്ച് കിലോമീറ്റർ ഉള്ളിലായി ഡിസംബർ 31-ന് രാത്രി പന്ത്രണ്ടരയോടെ വല വീശുന്നതിനിടയിലാണ് കടൽ പ്രക്ഷുബ്ധമായത്.
ശക്തമായ മഴയിലും കാറ്റിലും കടൽ ഇളകിമറിഞ്ഞു. കൂരിരുട്ടും മോശം കാലാവസ്ഥയും കാരണം കാഴ്ച അവ്യക്തമായിരുന്നു.
ഇതിനിടയിലാണ് വൻ തിരമാലകളിൽപെട്ട് വള്ളം കീഴ്മേൽ മറിഞ്ഞത്. അഞ്ച് പേരും കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
മറിഞ്ഞ വള്ളത്തിന്റെ എൻജിൻ ഭാഗത്ത് എങ്ങനെയോ പിടിച്ചുനിൽക്കാൻ സാധിച്ചുവെന്ന് ഷാജു വ്യക്തമാക്കുന്നു. മറ്റ് മൂന്ന് പേരും നീന്തിയെത്തി വള്ളത്തിൽ പിടിച്ചു.
കൈയകലത്തോളം അടുത്തെത്തിയ ജോൺ, “ഷാജൂ” എന്ന് വിളിക്കുന്നത് കേട്ട് കൈപിടിയിലാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഭീമാകാരമായ മറ്റൊരു തിരമാല ആഞ്ഞടിച്ചത്. കുറച്ചകലെ മറ്റൊരു വള്ളത്തിൽ നിന്നുള്ള വെളിച്ചം കണ്ടതിനാൽ ജോൺ ആ വള്ളത്തിൽ കയറി രക്ഷപ്പെട്ടിരിക്കാമെന്നാണ് ഇവർ ആദ്യം കരുതിയത്.
കമിഴ്ന്നുകിടന്ന വള്ളത്തിൽ ജീവനുവേണ്ടി മല്ലിട്ട് പുലർച്ചെ വരെ ഇവർ പിടിച്ചു കിടന്നു. പിന്നീട് ഈ വഴി വന്ന പുല്ലുവിള സ്വദേശി ക്ലീറ്റസ് ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾ ഇവരുടെ നിലവിളി കേട്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു.
കരയിലേക്ക് സുരക്ഷിതമായി എത്തുക എന്നതിലുപരി, വർഷങ്ങളായി ഒപ്പം ജോലി ചെയ്യുന്ന സഹോദരതുല്യനായ ജോണിനെ കണ്ടെത്തുക എന്നതിനായിരുന്നു രക്ഷപ്പെട്ടവരുടെ മുൻഗണന. കടുത്ത അവശതയിലും പരിക്കുകളും വകവെയ്ക്കാതെ ഇവർ കടലിൽ പരിശോധന നടത്തിയ ശേഷമാണ് കരയിലേക്ക് മടങ്ങിയത്.
പിന്നീട് വിശ്രമവുമെടുക്കാതെ മറ്റ് മത്സ്യത്തൊഴിലാളികൾക്കൊപ്പം ജോണിനായുള്ള തെരച്ചിലിൽ ഇവർ വീണ്ടും പങ്കുചേരുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

