കടയ്ക്കൽ ∙ സിപിഐ പുറത്താക്കിയ മുൻ ജില്ലാ കൗൺസിൽ അംഗം ജെ.സി.അനിലിന്റെ നേതൃത്വത്തിൽ പാർട്ടി വിട്ട 800 പേർ സിപിഎമ്മിലേക്ക്. കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ പാർട്ടി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ, ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാർ എന്നിവരുടെ സാന്നിധ്യത്തിൽ ജെ.സി.അനിൽ പ്രഖ്യാപനം നടത്തി.
ജില്ലാ, സംസ്ഥാന നേതൃത്വങ്ങളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം സിപിഐ മണ്ഡലം സെക്രട്ടറി ആർ.ലതാ ദേവി ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി ആരോപണങ്ങളും ഉയർത്തി. രണ്ടു വർഷമായി തുടരുന്ന വിഭാഗീയത കാരണമാണ് ഇപ്പോഴത്തെ തീരുമാനമെന്നു പാർട്ടി വിട്ടവർ പറഞ്ഞു.
മുൻ മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായ പി.പ്രതാപൻ, നേതാക്കളായ പ്രിജിലാൽ, കണ്ണങ്കോട് സുധാകരൻ, ജയപാലൻ, ഹരികുമാർ, സി.പി.ജസിൻ, ഓമനക്കുട്ടൻ, അജിമോൾ, അലക്സാണ്ടർ, ഷാനവാസ്, വളവുപച്ച സന്തോഷ് എന്നിവർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രഖ്യാപനം.
പാർട്ടി വിട്ടവരുടെ കുടുംബാംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. സിപിഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ പരിധിയിൽ ഉള്ള കടയ്ക്കൽ, ഇട്ടിവ, ചിതറ,കുമ്മിൾ പഞ്ചായത്തുകളിൽ ഉള്ളവരാണേറെയും.
മണ്ഡലം സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവും ആയിരുന്ന ജെ.സി.അനിലിനെതിരെ പാർട്ടി നടപടി സ്വീകരിച്ചതിനെ തുടർന്നാണു ചേരിതിരിവുണ്ടായത്. പിന്നീടു നടത്തിയ കടയ്ക്കൽ മണ്ഡലം സമ്മേളനത്തിൽ അനിലിനെ ഒഴിവാക്കി സംസ്ഥാന കൗൺസിൽ അംഗം ആർ.ലതാദേവിയെ സെക്രട്ടറിയാക്കി.
കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ അനിലിനെ കൗൺസിൽ സ്ഥാനത്തു നിന്നു നീക്കിയതോടെ വിമതപക്ഷം യോഗം കൂടി പാർട്ടിയിൽ നിന്നു രാജിവച്ചിരുന്നു. ഏതാനും ആഴ്ചകളായി ഭിന്നത രൂക്ഷമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

