തിരുവനന്തപുരം ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ആരംഭിച്ച അമ്മത്തൊട്ടിലിലൂടെ സുരക്ഷിത താവളത്തിലെത്തിയ കുഞ്ഞുങ്ങളുടെ എണ്ണം 1000 തികഞ്ഞു. 2002 നവംബര്‍ 14 ശിശുദിനത്തിലാണ് അന്നത്തെ സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ.
മുനിര്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ‘പ്രിയ സഹോദരി, നിങ്ങള്‍ നില്‍ക്കുന്നത് കുരുന്നുകളുടെ രക്ഷാകേന്ദ്രമായ അമ്മയുടെ മുമ്പിലാണ്.
നിങ്ങളുടെ കൈയിലിരിക്കുന്ന കുഞ്ഞിനെ വളര്‍ത്താനാകില്ലെന്ന് അവസാനമായി തീരുമാനിച്ചു കഴിഞ്ഞോ? എങ്കില്‍ കുഞ്ഞിനെ ഇവിടെ ഏല്‍പ്പിക്കൂ! നിങ്ങളുടെ മുമ്പില്‍ ഒരു തൊട്ടില് കാണുന്നില്ലേ? ധൈര്യത്തോടെ കുഞ്ഞിനെ ഇവിടെ കിടത്തിക്കോളൂ.
ഞങ്ങള്‍ക്കും നിങ്ങളുടെ കുരുന്നിന് മതിയായ സംരക്ഷണവും പരിചരണവും നല്കി സുരക്ഷിത കരങ്ങളിലേക്ക് എത്തിക്കും.’ ഈ ശബ്ദത്തിന് കീഴിൽ ഇതുവരെ സംസ്ഥാനത്ത് നിരവധി കുരുന്നുകൾക്ക് പുതുജീവിതം ലഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.35ന് തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ എത്തിയ 5 ദിവസം പ്രായവും 2.57 കിലോ ഭാരവുമുള്ള പെണ്‍കുഞ്ഞിന് ‘സഹസ്ര’ എന്നാണ് പേരിട്ടിരിക്കുന്നത്.
2022 ഡിസംബര്‍ 24ന് ആദ്യം അമ്മത്തൊട്ടിലില്‍ എത്തിയതും ഒരു പെണ്‍കുഞ്ഞായിരുന്നു. പദ്ധതിയുടെ തുടക്കം മുതൽ നൂറാമത്തെയും ആയിരാമത്തെയും അതിഥികളായെത്തിയത് പെണ്‍കുഞ്ഞുങ്ങൾ തന്നെയാണെന്നത് ശ്രദ്ധേയമാണ്.
ഒന്നാമത്തെ കുഞ്ഞിന്റെ പേര് ‘നിത്യ’ എന്നായിരുന്നുവെങ്കിൽ, നൂറാമത്തെ കുഞ്ഞ് ‘ശതശ്രീ’യും ആയിരാമത്തെ കുഞ്ഞ് ‘സഹസ്ര’യുമാണ്. നെഹ്രു-കമല, ഗാന്ധി-കസ്തൂര്‍ബ, ആര്ദ്രന്-ഹൃദ്യന്‍, മാനവ്-മാനവി, ഏലിമ-തൂലിക തുടങ്ങി നിരവധി ഇരട്ടക്കുട്ടികളും ഇവിടെയെത്തിയിട്ടുണ്ട്.
ഇതിനുപുറമേ ബാലഭാസ്കര്‍, തേജസ്വിനി, ഇര്ഫാന്, എ.പി.ജെ. അബ്ദുള്‍ കലാം, സുഗതകുമാരി, സച്ചിന്, ധോണി, കോലി, മിതാലി, പെലെ, മറഡോണ തുടങ്ങി വിവിധ പ്രമുഖരുടെ പേരുകളും കുട്ടികൾക്ക് നൽകിയിട്ടുണ്ട്.
മഴ, വേനല്‍, നിള, കനി, കതിര്, ഋതു, തെന്നല്‍, തുളസി, പ്രഥമ, മുകില്‍, സ്വതന്ത്ര, ജൂണ്‍, പ്രകൃതി, ഇന്ത്യ, കേരളിയ, ഇതള്‍ തുടങ്ങിയ പേരുകളും ഇവർക്കായി തിരഞ്ഞെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഉപേക്ഷിക്കപ്പെടുന്നതും ദത്തെടുക്കാന്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നതും പെണ്‍കുഞ്ഞുങ്ങളാണെന്ന് ജനറൽ സെക്രട്ടറി ജി.എല്‍.
അരുണ്‍ ഗോപി വ്യക്തമാക്കി. സ്വീഡൻ, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള ദമ്പതിമാരും തൃശൂരില്‍നിന്നുള്ള ദമ്പതിമാരും ഉൾപ്പെടെയുള്ളവർ ഇന്ന് മൂന്ന് കുഞ്ഞുങ്ങളെ ദത്തെടുത്തു.
ആകെ ലഭിച്ച 1000 കുട്ടികളില്‍ 681 പേര് പെണ്‍കുട്ടികളും 319 പേര് ആണ്‍കുട്ടികളുമാണ്. വിവിധ ജില്ലകളിൽ ലഭിച്ച കുട്ടികളുടെ കണക്ക് താഴെ പറയുന്നതാണ്:
തിരുവനന്തപുരം – 667
കൊല്ലം – 38
പത്തനംതിട്ട
– 28
ആലപ്പുഴ – 26
കോട്ടയം – 43
ഇടുക്കി – 20
എറണാകുളം – 21
തൃശൂർ – 27
മലപ്പുറം – 34
പാലക്കാട് – 34
കോഴിക്കോട് – 25
കണ്ണൂർ – 21
കാസർകോട് – 16
വയനാട് – 0
അമ്മയുടെ അഭാവം നേരിടുന്ന നവജാത ശിശുക്കള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ‘ഹ്യൂമന്‍ മില്‍ക്ക് ബാങ്ക്’ തലസ്ഥാനത്ത് 2027 ജനുവരിയോടെ യാഥാര്‍ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ശിശുക്ഷേമസമിതി. ഇത് യാഥാർത്ഥ്യമാകുന്നതോടെ, ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്കായി മില്‍ക്ക് ബാങ്ക് സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

