കല്ലമ്പലം∙ തിരുവനന്തപുരം ജില്ലയിലെ ദേശീയപാത നിർമാണം ഡിസംബറിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് കരാർ ഏറ്റെടുത്ത കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു എങ്കിലും ഇനിയും മാസങ്ങൾ നീളുമെന്നാണ് സൂചന. പണി ഇഴഞ്ഞു നീങ്ങുന്നതാണ് കാരണം. മഴ പ്രശ്നമായിരുന്നു എങ്കിലും ജോലിക്കാരുടെ അലസതയും മെല്ലെ പോക്കും കാരണം പണികൾ നീണ്ടു പോകുന്ന സ്ഥിതിയാണ്.
സർവീസ് റോഡുകളുടെ നിർമാണത്തിലെ അശാസ്ത്രീയത കാരണം പലയിടത്തും കുന്നും കുഴിയും രൂപപ്പെട്ടിട്ടുണ്ട്.
ആഴാംകോണത്ത് ആഴ്ചകൾക്ക് മുൻപ് സർവീസ് റോഡ് ഇടിഞ്ഞു താണത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും ഇടയാക്കി. പിന്നീട് ടാർ മൂടി മിനുസം ആക്കി എങ്കിലും മറ്റ് ചില സ്ഥലങ്ങളിൽ കുഴികൾ രൂപപ്പെടുകയും ടാർ ഇളകി പോവുകയും ചെയ്തു.
കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെയാണ് തിരുവനന്തപുരം ജില്ലയിൽ ദേശീയപാതയുടെ നിർമാണം പുരോഗമിക്കുന്നത്. 30 കിലോമീറ്റർ ആണ് ദൈർഘ്യം.
ഇതിൽ 12.5 കിലോമീറ്റർ ദൂരം ആറ്റിങ്ങൽ ബൈപാസ് ആണ്. മാമം പാലത്തിൽ നിന്ന് ആരംഭിച്ചു കല്ലമ്പലത്തിനു സമീപം മണമ്പൂർ ആഴാംകോത്ത് ദേശീയപാതയുമായി യോജിക്കുന്നതാണ് ബൈപാസ്.
വെയിലൂരിൽ റോഡ് വെട്ടിപ്പൊളിച്ചു, പക്ഷേ
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കല്ലമ്പലം ആറ്റിങ്ങൽ റൂട്ടിലെ പ്രധാന ജംക്ഷന്റെ ഭാഗമായ വെയിലൂരിൽ കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയാതെ പ്രദേശവാസികൾ ദുരിതത്തിൽ.
സർവീസ് റോഡ് നിർമിക്കാതെ മെയിൻ റോഡ് വെട്ടി പൊളിച്ചതാണ് കാരണം. സർവീസ് റോഡും ഓടയും നിർമിക്കാതെ മെയിൻ റോഡ് വെട്ടി പൊളിച്ചിട്ടിട്ട് ആഴ്ചകൾ പിന്നിടുന്നു. മഴയുടെ പേരിൽ പണികൾ നീണ്ടു പോവുകയാണ്. റോഡ് പണി പൂർത്തിയായാലും ഇവിടെ റോഡ് മുറിച്ച് കടക്കാൻ പ്രയാസമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സ്ഥലത്ത് മേൽപാലം നിർമിക്കണം എന്ന ആവശ്യം നാട്ടുകാർ അധികൃതരെ അറിയിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

