തിരുവനന്തപുരം നഗരത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി രണ്ട് പേർ പിടിയിലായി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ആറ് കിലോ കഞ്ചാവുമായി പ്രതികൾ സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ചാണ് തമ്പാനൂർ പനങ്ങോട് സ്വദേശി നൗഷാദ് ഖാൻ, വള്ളക്കടവ് സ്വദേശി മാഹിൻ കണ്ണ് എന്നിവരെ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. ഓണം പ്രമാണിച്ച് നഗരത്തിലെ വിവിധ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി ആന്ധ്രപ്രദേശിൽ നിന്നും കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
സംസ്ഥാനത്തുടനീളം ശക്തമായ തിരച്ചിൽ നടക്കുന്നതിനാൽ പൊലീസിന്റെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ വിവിധ യാത്ര മാർഗങ്ങളാണ് പ്രതികൾ ഉപയോഗിച്ചത്. ആന്ധ്രപ്രദേശിൽ നിന്നും വിവിധ വാഹനങ്ങൾ മാറി കയറിയാണ് ഇവർ കഞ്ചാവ് എറണാകുളത്ത് എത്തിച്ചത്.
പൊലീസ് തിരിച്ചറിയാതിരിക്കാൻ യാത്രയിലുടനീളം ഇവർ പലതവണ വേഷം മാറിയിരുന്നു. എറണാകുളത്ത് നിന്നും പുലർച്ചെ യൂബർ ടാക്സിയിൽ യാത്ര തിരിച്ച സംഘത്തെ കഴക്കൂട്ടത്ത് വെച്ച് ഡാൻസാഫ് സംഘം തടയുകയായിരുന്നു.
പൊലീസിനെ കണ്ടയുടൻ സംഘം അതിവേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പരിശോധനയിലുണ്ടായിരുന്ന മറ്റൊരു ഡാൻസാഫ് സംഘം വാഹനം കുറുകെയിട്ട് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികൾക്കെതിരെ നേരത്തെയും മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

