മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്നു കേസിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുപിടിക്കാൻ ഓൺലൈൻ ഇടങ്ങളിൽ സെൻസറിങ് ശക്തമാക്കിയിരിക്കുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു.
സർക്കാരിന്റെ ഈ നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തെ അട്ടിമറിക്കുന്ന അടിയന്തരാവസ്ഥാകാല സാഹചര്യം വീണ്ടും ആവർത്തിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എന്നു സ്വയം അവകാശപ്പെടുന്ന വ്യക്തിയെ ഓപ്പറേഷൻ തൂഫാൻ ഭാഗമായി നിയമത്തിനുമുന്നിൽ കൊണ്ടുവന്നതു സംബന്ധിച്ച പോസ്റ്റുകൾ നീക്കം ചെയ്യിച്ച നടപടിക്കെതിരെ നേരത്തെ പത്രസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. എന്നാൽ ആ വാർത്ത പോലും ജനങ്ങളിൽ നിന്ന് മറച്ചുവെക്കാനാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായത്.
ഇത് സംബന്ധിച്ച പ്രസ്താവനയ്ക്കും അപ്രഖ്യാപിത സോഷ്യൽ മീഡിയ സെൻസർഷിപ്പ് ഏർപ്പെടുത്തി നീക്കം ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ, വിശേഷിച്ചും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന തൂഫാൻ റെയ്ഡുകളെ പ്രതിപക്ഷം ഒരിക്കലും എതിർത്തിട്ടില്ല.
വലിയ സാമൂഹ്യ വിപത്തായ ലഹരിക്കെതിരെ ആര് നടപടി സ്വീകരിച്ചാലും അത് സ്വാഗതാർഹമാണ്. അത്തരം വാർത്തകൾ പൊതുസമൂഹത്തിൽ ലഹരിക്കെതിരായ അവബോധം വളർത്തും.
കുറ്റവാളികളായ ലഹരിക്കടത്തുകാർക്കും ഏജൻ്റുമാർക്കും ഒരു താക്കീത് കൂടിയാവും ഇതെല്ലാം എന്ന നിലയിൽ മാധ്യമങ്ങളും നല്ല പ്രചരണം നൽകുക സ്വാഭാവികമാണ്. പക്ഷേ മുഖ്യമന്ത്രിയോട് അടുപ്പമുള്ളയാൾ പിടിക്കപ്പെട്ടപ്പോൾ സംസ്ഥാന സർക്കാർ ലഹരിയുടെ പക്ഷത്തേക്ക് മാറിപ്പോയോ എന്ന സംശയമാണ് ഉയരുന്നത്.
ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വാർത്തകൾ ഇന്ത്യയിൽ ഉള്ളവർക്ക് കാണാൻ സാധിക്കാത്ത വിധം നിയന്ത്രിക്കപ്പെടുകയാണ്. പുറത്ത് ലഹരിക്ക് എതിരെ ഓപ്പറേഷൻ തൂഫാൻ ആഘോഷമാക്കി നടക്കുമ്പോൾ അകത്ത് ലഹരിക്കടത്തുകാർക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കുകയാണ്.
എന്തൊരു പ്രഹസനമാണിത്? ആഭ്യന്തര മന്ത്രി അറിഞ്ഞുകൊണ്ടാണോ കുറ്റവാളിക്ക് ഈ നിലയിൽ സംരക്ഷണം ലഭിക്കുന്നത്? ഇതിന് ആഭ്യന്തര വകുപ്പ് മറുപടി നൽകണം. അടിയന്തരാവസ്ഥക്കാലം പോലെ അധികാരത്തിന്റെ മർക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനാണ് മുഖ്യമന്ത്രിയും യു.ഡി.എഫും ശ്രമിക്കുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

