എടത്വ ∙ എടത്വ കൃഷിഭവനിൽ നിലം ഒരുക്കി കാത്തിരുന്ന കർഷകർക്ക് ആശ്വാസമായി വിത്ത് എത്തിത്തുടങ്ങി. വിതയ്ക്കുള്ള തയാറെടുപ്പുകൾ നടത്തി കാത്തിരുന്ന തായങ്കരി ചിറയ്ക്കകം, ചുങ്കം ഇടച്ചുങ്കം, ദേവസ്വം വരമ്പിനകം, മൂക്കോടി വടക്ക്, മൂക്കോടി തെക്ക്, പുത്തൻ വരമ്പിനകം, ഇടശേരിക്കോണം, കറുകമയ്യക്കോണം, വടശേരി ഇടശേരി വരമ്പിനകം തുടങ്ങിയ 9 പാടശേഖരങ്ങളിലേക്കാണു വിത്ത് എത്തിയത്.
മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നാണ് വിത്ത് എത്തിച്ചത്. 435 ക്വിന്റൽ വിത്താണു കൊണ്ടുവന്നത്.
വിത്ത് സബ്സിഡിയായി നൽകുകയാണെങ്കിലും വിത്ത് എത്തിക്കുന്നതിനുള്ള ചെലവ് കർഷകരാണ് വഹിച്ചത്. ഒരു കിലോ വിത്ത് എത്തിക്കാൻ കയറ്റുകൂലി അടക്കം കിലോയ്ക്ക് 2 രൂപ ആയതായി പാടശേഖര സമിതി പറയുന്നു.
ആഴ്ചകൾ കാത്തിരുന്നിട്ടും വിത്തു ലഭിക്കാതെ വിത മുടങ്ങിയ എടത്വ കൃഷിഭവനിൽ 30ന് അകം വിത്ത് എത്തിക്കാൻ കൃഷിഭവനിൽ കൂടിയ കർഷകരുടെയും കൃഷി ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു.
സാധാരണ കൃഷി വകുപ്പാണ് വിത്ത് എത്തിക്കുന്നത്. ഇക്കുറി വിത്തിനു ക്ഷാമം നേരിട്ടതോടെ സർവകലാശാലയുമായി ബന്ധപ്പെട്ട് വിത്ത് സംഭരിക്കുകയായിരുന്നു.
എടത്വ കൃഷിഭവൻ പരിധിയിൽ 1569 ഹെക്ടറിലാണ് ഇക്കുറി കൃഷി നടക്കുന്നത്.
അതിനായി കൃഷി വകുപ്പ് കണക്കനുസരിച്ച് 1569 ക്വിന്റൽ വിത്താണ് വേണ്ടത്. തുടർന്നുള്ള കൃഷിക്ക് ആവശ്യമായ വിത്തു കൂടി ഇനിയും എത്തിക്കണം.
കൃഷി അസി. ഓഫിസർ ശിവ പ്രസാദ്, വടകര ഇടശേരി വരമ്പിനകം പാടശേഖര സമിതി സെക്രട്ടറി സിറിയക് ജോസ്, ദേവസ്വം വരമ്പിനകം പാടശേഖര സമിതി സെക്രട്ടറി ടോം ദേവസ്യ, കറുകമയ്യക്കോണം പാടശേഖര സമിതി സെക്രട്ടറി ജെസ്റ്റിൻ കവലയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് വിത്ത് എത്തിച്ചത്.
വിതയ്ക്കു മുൻപു നിലം ഒരുക്കുന്ന സമയത്തു പാടത്ത് ഇടേണ്ട
കുമ്മായവും ഡോളമൈറ്റും എത്തിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. കഴിഞ്ഞ രണ്ടു സീസണുകളായി കുമ്മായവും ഡോളമൈറ്റും ലഭിക്കുന്നില്ല.
ഇക്കാര്യം കൃഷി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കുമ്മായം വിതരണം ചെയ്യുന്നതിനുള്ള ഏജൻസി ഇല്ലാത്തതാണു വിതരണം ചെയ്യാൻ കഴിയാത്തത് എന്നാണ് അധികൃതർ പറയുന്നത്.
കുട്ടനാടൻ പാടശേഖരങ്ങളിൽ കുമ്മായവും ഡോളമൈറ്റും ഇടാത്തതിനാൽ വിളവിനെ ബാധിക്കുന്നതായി കർഷകർ പറയുന്നു. പാടത്ത് വലിയ തോതിൽ പുളിയിളക്കം ഉണ്ടാകുന്നതാണ് വിളവു കുറയാൻ കാരണം.
കുമ്മായമോ, ഡോളമൈറ്റോ ഇട്ടാൽ പുളിരസം ഇല്ലാതാകും. ഒരു ഹെക്ടറിന് രണ്ടു പ്രാവശ്യമായി 600 കിലോയാണ് കർഷകർക്ക് നൽകിയിരുന്നത്.
ഇപ്പോൾ കർഷകർ അമിത വില കൊടുത്ത് വാങ്ങിയാണ് ഇതു കുറച്ചെങ്കിലും പാടത്തിടുന്നത്. വിത്ത് നൽകുന്നതിനൊപ്പം കുമ്മായം കൂടി വിതരണം ചെയ്യണമെന്നു കർഷകർ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

