ഡെറാഡൂൺ∙ രാജ്യാന്തര തയ്ക്വാൻഡോ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനെക്കുറിച്ച് 12–ാം ക്ലാസ് വിദ്യാർഥിനി നടത്തിയ വികാരഭരിതമായ പരാമർശം രാഷ്ട്രീയ വിവാതായി മാറി. പെൺകുട്ടിയുടെ പ്രതികരണത്തിന് പിന്നാലെ കൈക്കൂലി ആവശ്യപ്പെട്ടതുകൊണ്ടാണ് വിദ്യാർഥിനിക്ക് അവസരം നഷ്ടമായതെന്നാരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.
എന്നാൽ പിന്നീട് വിദ്യാർഥി കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി. ‘മുഖ്യമന്ത്രി യുവ വിദ്യാർഥി മന്തൻ’ എന്ന പരിപാടിയിൽ വച്ചാണ് സിഎൻഐ സ്കൂളിലെ 17കാരിയായ ഷയറ തന്റെ സങ്കടം മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ശ്രദ്ധയിൽപെടുത്തിയത്.
ഓഗസ്റ്റ് പത്താം തീയതി ഡെറാഡൂണിൽവച്ചായിരുന്നു പരിപാടി. താൻ ദേശീയ തയ്ക്വാൻഡോ മത്സരത്തിൽ സ്വർണം നേടിയെന്നും രാജ്യാന്തര മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെന്നും ഷയറ പറഞ്ഞു.
എന്നാൽ 1.5 ലക്ഷം രൂപ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും അവൾ കൂട്ടിച്ചേർത്തു. വേദിയിൽ സംസാരിക്കുമ്പോൾ വികാരാധീനയായ ഷയറയെ മുഖ്യമന്ത്രി ധാമി ആശ്വസിപ്പിക്കുകയും, സ്കൂളിന്റെ വിവരങ്ങൾ ശേഖരിച്ച് വിഷയം പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഷയറയുടെ വിഡിയോ പ്രചരിച്ചതിന് പിന്നാലെ ബിജെപി സർക്കാരിനെതിരെ കൈക്കൂലി ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ദേശീയതലത്തിൽ വിജയം നേടിയിട്ടും രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാൻ വിദ്യാർഥിനിയെ അനുവദിച്ചില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം, പരിപാടിക്കിടെയോ അതുമായി ബന്ധപ്പെട്ടോ ഷയറ 1.5 ലക്ഷം രൂപ കൈക്കൂലിയാണെന്ന് പറയുകയോ ആരുടെയെങ്കിലും പേരെടുത്ത് ആരോപണം ഉന്നയിക്കുകയോ ചെയ്തിരുന്നില്ല. സംഭവം വിവാദമായതോടെ ഷയറ മറ്റൊരു വിഡിയോയുമായി രംഗത്തെത്തി.
താൻ ജമ്മുവിലേക്ക് ദേശീയ ചാംപ്യൻഷിപ്പിനായി പോയിരുന്നെന്നും, റൊമാനിയയിൽ നടന്ന രാജ്യാന്തര മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നെന്നും ഷയറ വിഡിയോയിൽ പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട് ഏകദേശം 1.70 ലക്ഷം രൂപയുടെ ചെലവുകൾ വഹിക്കാമെന്ന് സംഘടന സമ്മതിച്ചിരുന്നുവെന്നും, ശേഷിച്ച 1.5 ലക്ഷം രൂപ താൻ കണ്ടെത്തണമായിരുന്നെന്നും അവൾ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മുന്നിൽ ഇക്കാര്യം പൂർണമായി പറയാൻ കഴിഞ്ഞില്ലെന്നും പണം കണ്ടത്തേണ്ടതിനെ പറ്റി സ്കൂളിനെയോ മറ്റാരെയോ അറിയിച്ചിരുന്നില്ലെന്നും അതിനാൽ റൊമാനിയയിലേക്ക് പോകാൻ കഴിഞ്ഞില്ലെന്നും ഷയറ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

