ആറന്മുള ഗവൺമെന്റ് ഹൈസ്കൂളിലെ ഉച്ചഭക്ഷണ ശാലയിൽ വർഷങ്ങളായി അങ്കണവാടി പ്രവർത്തിക്കുന്നത് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും വിദ്യാർഥികളുടെ ഭക്ഷണ സൗകര്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ ഡൈനിങ് ഹാൾ പൂർണമായി തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതരും വിദ്യാർഥികളും.
ഈ സാഹചര്യത്തിൽ, സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി മറ്റൊരിടത്തേക്ക് മാറ്റാൻ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരോട് ജില്ലാ പഞ്ചായത്ത് നിർദ്ദേശിച്ചു. 2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് സ്കൂളിനായി ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്.
ഹൈസ്കൂൾ വിഭാഗത്തിലെ ഇരുന്നൂറ്റി അൻപതോളം കുട്ടികളിൽ 187 പേർ ഉച്ചഭക്ഷണം കഴിക്കുന്നത് ഇവിടെയാണ്. എന്നാൽ, അങ്കണവാടി കൂടി പ്രവർത്തിക്കുന്നതിനാൽ 50 കുട്ടികൾക്ക് പോലും ഇവിടെ ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയാണുള്ളത്.
നേരത്തെ സ്കൂളിലെ പഴയ ഓടിട്ട കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
സ്കൂൾ മുറികളിൽ ടൈൽ പാകുന്ന ജോലികൾ നടന്ന സമയത്ത് താത്കാലികമായാണ് അങ്കണവാടി ഡൈനിങ് ഹാളിലേക്ക് മാറ്റിയത്. നിർമാണം പൂർത്തിയായാൽ ഉടൻ അങ്കണവാടി മാറ്റി സ്ഥാപിക്കുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും എട്ടു വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
നിലവിൽ ഏഴ് കുട്ടികളുള്ള അങ്കണവാടിയുടെ പഠനവും ഭക്ഷണവും കളിയുമെല്ലാം ഈ ഒറ്റമുറിയിൽ തന്നെയാണ് നടക്കുന്നത്. സ്കൂളിൽ ക്ലാസുകൾ നടത്താനുള്ള മുറികൾ മാത്രമാണുള്ളത്.
വിദ്യാഭ്യാസ വകുപ്പ് പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അങ്കണവാടിക്കായി പഞ്ചായത്ത് സൗകര്യപ്രദമായ മറ്റൊരു സ്ഥലം കണ്ടെത്തിയാൽ ഇരു വിഭാഗത്തിന്റെയും പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

